ജനങ്ങളെ വലച്ച് കെഎസ്ഇബി; ഇന്നലെ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം, പരിഹാരത്തിന് തിരക്കിട്ട നീക്കങ്ങള്‍

എന്‍ടിപിസി വഴി ഉയര്‍ന്ന നിരക്കില്‍ വൈദ്യുതി വാങ്ങാനുള്ള നീക്കത്തില്‍ ഇന്ന് അന്തിമ തീരുമാനം ഉണ്ടാകും

തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുജനങ്ങളെ വട്ടം കറക്കി ഇന്നലെയും ഒന്നിലധികം തവണ കെഎസ്ഇബിയുടെ വൈദ്യുതി നിയന്ത്രണം. പ്രതിസന്ധി പരിഹരിക്കാന്‍ തിരക്കിട്ട നീക്കങ്ങളാണ് നടക്കുന്നത്. ഉത്തര്‍പ്രദേശ് ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ക്ക് വൈദ്യുതി തിരിച്ചു നല്‍കേണ്ട സ്വാപ്പ് കരാര്‍ ഇന്ന് അവസാനിക്കുന്നതോടെ താത്കാലിക ആശ്വാസമാകുമെന്നാണ് വിലയിരുത്തല്‍.

മഴ കുറഞ്ഞതും ഉയര്‍ന്ന താപനിലയും മൂലം വൈദ്യുതി ഉപഭോഗത്തില്‍ വലിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. മുന്‍വര്‍ഷത്തേക്കാള്‍ 1000 മെഗാവാട്ടില്‍ അധികം ആവശ്യകതയാണ് ഈ സെപ്റ്റംബറില്‍ രേഖപ്പെടുത്തിയത്. ഇതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. ഇന്നലെ പവര്‍കട്ട് ഉണ്ടാകില്ലെന്ന് ആദ്യം അറിയിച്ചിരുന്നുവെങ്കിലും, വായ്പ വഴിയുള്ള 200 മെഗാവാട്ട് ലഭിക്കാതിരുന്നതോടെയാണ് വൈദ്യുതി മുടങ്ങുമെന്ന അറിയിപ്പ് ജനങ്ങള്‍ക്ക് നല്‍കിയത്.

എന്‍ടിപിസി വഴി ഉയര്‍ന്ന നിരക്കില്‍ വൈദ്യുതി വാങ്ങാനും, ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് വൈദ്യുതി എത്തിക്കാനുമുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. എന്‍ടിപിസി വഴി ഉയര്‍ന്ന നിരക്കില്‍ വൈദ്യുതി വാങ്ങാനുള്ള നീക്കത്തില്‍ ഇന്ന് അന്തിമ തീരുമാനം ഉണ്ടാകും. മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, പഞ്ചാബ്, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് വൈദ്യുതി ലഭ്യമാക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്കായി ബോര്‍ഡ് ഡയറക്ടര്‍മാര്‍ ഉത്തരേന്ത്യയിലേക്ക് തിരിച്ചിട്ടുണ്ട്. ഇക്കാര്യത്തിലും വരും ദിവസങ്ങളില്‍ അന്തിമ തീരുമാനമുണ്ടാകും.

യൂണിറ്റിന് 30 രൂപ നിരക്കില്‍ വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബിക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. എന്‍ടിപിസിയുടെ രത്‌നഗിരി പവര്‍പ്ലാന്റില്‍ നിന്ന് 300 മെഗാ വാട്ട് വൈദ്യുതി വാങ്ങാനാണ് നീക്കം നടക്കുന്നത്. 30 രൂപയ്ക്ക് വൈദ്യുതി വാങ്ങുന്നത് സാമ്പത്തിക ബാധ്യതയാണെങ്കിലും പ്രതിസന്ധി പരിഹരിക്കുക എന്നാണ് നിലവിലെ ലക്ഷ്യമെന്നാണ് മന്ത്രി സണ്ണി ജോസഫ് ഇന്നലെ പ്രതികരിച്ചത്. പ്രതിസന്ധി പരിഹരിക്കാന്‍ അതിവേഗ നടപടികളാണ് നടക്കുന്നതെന്നും മന്ത്രി അറിയിച്ചിരുന്നു.

Content Highlights: KSEB imposed power restrictions multiple times yesterday, troubling the public as urgent efforts continue to resolve the ongoing electricity crisis in Kerala.

To advertise here,contact us