തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന വൈദ്യുതി പ്രതിസന്ധിയില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. യുഡിഎഫ് എന്നാല്‍ ഇരുട്ടാണെന്നും എല്‍ഡിഎഫ് ആണ് വെളിച്ചമെന്നും അദ്ദേഹം പ്രതികരിച്ചു. യുഡിഎഫ് മൗനത്തിലാണെന്നും എന്ന് വൈദ്യുതി ലഭിക്കുമെന്ന കാര്യത്തില്‍ മന്ത്രിക്ക് ഉത്തരമില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. വൈദ്യുതി പ്രതിസന്ധിയെ തുടര്‍ന്ന് മുഖ്യമന്ത്രിയെ കാണാനില്ല എന്നും ബിനോയ് വിശ്വം പരിഹസിച്ചു.
വൈദ്യുതി ആരുടെയും ഔദാര്യമല്ലെന്നും മറിച്ച് അവകാശമാണെന്നും അദ്ദേഹം പറഞ്ഞു. പാലം കടക്കുവോളം നാരായണ പാലം കടന്നാല്‍ കൂരായണ എന്നതാണ് യുഡിഎഫിന്റെ നിലപാട്. ജീവിക്കാന്‍ വേണ്ടി സമരം ചെയ്തേ തീരുയെന്ന അവസ്ഥ ഉണ്ടാകുന്നു. ആര്‍ക്കും സമരം ചെയ്യണമെന്ന് ഒരു വാശിയുമില്ല. സമരം ചെയ്യാന്‍ സര്‍ക്കാര്‍ വെല്ലുവിളിക്കുകയാണ്. ആ വെല്ലുവിളി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്വീകരിക്കുന്നുവെന്നും ബിനോയ് വിശ്വം പറഞ്ഞു. വൈദ്യുതി കരാര്‍ റദ്ദാക്കിയത് എല്‍ഡിഎഫ് അല്ലെന്നും റെഗുലേറ്ററി കമ്മീഷനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം സംസ്ഥാനത്ത് വൈദ്യുതി ലഭ്യതയില്‍ 800 മെഗാവാട്ടിന്റെ കുറവുണ്ടെന്ന് കെഎസ്ഇബി അറിയിച്ചിരുന്നു. വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ ഗ്രിഡ്കോ ഒഡീഷ വഴി 75 മെഗാവാട്ടും എസിബിഐഎല്‍ നിന്നും 15 മെഗാവാട്ട് വൈദ്യുതി ലഭിച്ചെന്നും കെഎസ്ഇബി വ്യക്തമാക്കി. ഇതോടെ മുന്‍പ് ഷെഡ്യൂള്‍ ചെയ്തതിലും നേരത്തെ വൈദ്യുതി നിയന്ത്രണം പിന്‍വലിക്കാന്‍ സാധിക്കുമെന്ന് കെഎസ്ഇബി പറഞ്ഞിരുന്നു. എന്നാല്‍ സംസ്ഥാനത്ത് വൈദ്യുത ഉപഭോഗം ഉയര്‍ന്ന നിലയില്‍ത്തന്നെ തുടരുന്ന സാഹചര്യത്തില്‍ ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്നും വൈകീട്ട് 6.15നും അർദ്ധരാത്രി 12.45 നുമിടയില്‍ ഭാഗികമായി നിയന്ത്രണത്തിന് സാധ്യതയുണ്ടാകുമെന്നും കെഎസ്ഇബി അറിയിച്ചു.
ഇതിനിടെ സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയില്‍ ഇടപെട്ട് കെ സി വേണുഗോപാലും രംഗത്തെത്തിയിരുന്നു. വിഷയത്തില്‍ ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിയുമായി അദ്ദേഹം ചര്‍ച്ച നടത്തി. തുടര്‍ന്ന് കേരളത്തിന് 250 മെഗാ വാട്ട് വൈദ്യുതി ഹിമാചല്‍ പ്രദേശ് നല്കുമെന്നതിൽ ധാരണയായി. തമിഴ്നാടിന് നല്‍കേണ്ട വിഹിതത്തില്‍ കുറവ് വരുത്തിയാണ് കേരളത്തിന് വൈദ്യുതി നല്‍കുന്നത്. ഹിമാചല്‍ ചീഫ് സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിയുമായി ഉടന്‍ ചര്‍ച്ച നടത്തുമെന്നും ഊര്‍ജ സെക്രട്ടറിമാര്‍ തമ്മിലും ചര്‍ച്ചകള്‍ എത്രയും വേഗം പൂര്‍ത്തിയാക്കുമെന്നും കെ സി വേണുഗോപാല്‍ അറിയിച്ചു. മഴ കുറഞ്ഞതും ഉയര്‍ന്ന താപനിലയും മൂലം വൈദ്യുതി ഉപഭോഗത്തില്‍ വലിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. മുന്‍വര്‍ഷത്തേക്കാള്‍ 1000 മെഗാവാട്ടില്‍ അധികം ആവശ്യകതയാണ് ഈ സെപ്റ്റംബറില്‍ രേഖപ്പെടുത്തിയത്. ഇതോടെയാണ് പ്രതിസന്ധി രൂക്ഷമായത്.
Content Highlights: Binoy Viswam criticises the Kerala government over the ongoing electricity crisis and power shortage in the state