'നേതാക്കള്‍ എടുത്ത വലിയ വായ്പകള്‍ തിരിച്ചടച്ചില്ലെങ്കില്‍ പാര്‍ട്ടി നടപടി'; സഹകരണ മേഖലയിലും തിരുത്താന്‍ CPIM

കഴിഞ്ഞ ദിവസം സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്കും സമാന അഭിപ്രായം ഉന്നയിച്ചിരുന്നു

കോഴിക്കോട്: സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിയില്‍ സഹകരണ മേഖലയിലും തെറ്റ് തിരുത്തലിന് സുപ്രധാന നിര്‍ദ്ദേശവുമായി സിപിഐഎം. പാര്‍ട്ടി നേതാക്കള്‍ എടുത്ത വലിയ വായ്പകള്‍ തിരിച്ചടക്കണമെന്നും തിരിച്ചടവില്ലെങ്കില്‍ പാര്‍ട്ടി നടപടി സ്വീകരിക്കുമെന്നാണ് സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദ്ദേശം. സിപിഐഎം ഭരിക്കുന്ന ബാങ്കുകള്‍ക്കും നടപടി എടുക്കാമെന്നും നിര്‍ദ്ദേശമുണ്ട്. വായിപ എടുക്കുമ്പോഴും സംരഭം തുടങ്ങുമ്പോഴും പാര്‍ട്ടിയെ അറിയിക്കണമെന്നും സംസ്ഥാന കമ്മിറ്റി നിര്‍ദ്ദേശിച്ചിരുന്നു.

കഴിഞ്ഞ ദിവസം സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്കും സമാന അഭിപ്രായം ഉന്നയിച്ചിരുന്നു. വായ്പ എടുക്കുന്നതിലും തിരിച്ചടവിലും കൃത്യമായ മാര്‍ഗ നിര്‍ദ്ദേശം വേണമെന്നാണ് അദ്ദേഹം പ്രതികരിച്ചിരുന്നത്. കരിവന്നൂര്‍ അടക്കം സിപിഐഎം പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന സഹകരണ മേഖലയിലെ തട്ടിപ്പ് കേസുകളുടെ കൂടി പശ്ചാത്തലത്തിലുള്ള പാര്‍ട്ടി തീരുമാനം സുപ്രധാനമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. നേതൃനിരയില്‍ നിന്ന് താഴെത്തട്ടിലേക്ക് കര്‍ക്കശമായ നിലപാട് പാര്‍ട്ടി സ്വീകരിക്കുമെന്ന വിലയിരുത്തലുമുണ്ട്.

കൂടുതല്‍ വനിതകളെ നേതാക്കളാക്കുമെന്നും വിപുലീകൃത സംസ്ഥാന കമ്മിറ്റിക്ക് നിര്‍ദ്ദേശം വന്നിട്ടുണ്ട്. എല്ലാ വര്‍ഗബഹുജന സംഘടനകള്‍ക്കും യൂണിറ്റ് മുതല്‍ ഒരു ഭാരവാഹി വനിത വേണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. താനും പിണറായിയും വീഴ്ചകള്‍ ഉണ്ടെങ്കില്‍ സ്വയം തിരുത്തുമെന്ന് ജനറല്‍ സെക്രട്ടറി എം െബേബി പറഞ്ഞു. പിണറായിയും തിരുത്തുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇഎംഎസ്, വിഎസ്, നായനാര്‍ പോലുള്ള നേതാക്കളുടെ തെറ്റുകള്‍ പാര്‍ട്ടി തിരുത്തിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Content Highlights: The CPI(M) extended state committee has proposed stricter guidelines for party leaders in the cooperative sector, including repayment of large loans taken from cooperative banks. The party may take organisational action if loans are not repaid, while CPI(M)-ruled banks can also initiate measures. Leaders have also been asked to inform the party when taking loans or starting businesses. The decision comes amid wider concerns over issues in the cooperative sector, including the Karuvannur case.

To advertise here,contact us