TVK കേരള ഘടകത്തിനായി അവകാശവാദം; സതീഷ് തോന്നയ്ക്കലും ഫാന്‍സ് അസോസിയേഷനും നേര്‍ക്കുനേര്‍

കഴിഞ്ഞ ദിവസം സതീഷ് തോന്നയ്ക്കല്‍ വിളിച്ച് ചേര്‍ത്ത യോഗത്തില്‍ 62 പേര്‍ പങ്കെടുത്തിരുന്നു

കൊച്ചി: ടിവികെ (തമിഴക വെട്രി ഘടകം) കേരള ഘടകമെന്ന അവകാശവാദവുമായി രണ്ട് സംഘങ്ങള്‍. കേരള ഘടകം രൂപീകരിക്കാന്‍ പഠനം നടത്താന്‍ ചുമതല ലഭിച്ചുവെന്നും സ്റ്റേറ്റ് കോര്‍ഡിനേറ്ററാണെന്ന വാദവുമായി സതീഷ് തോന്നയ്ക്കലാണ് രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞദിവസം പാര്‍ട്ടിയ്ക്ക് നിലവില്‍ ഔദ്യോഗിക കോര്‍ഡിനേറ്റര്‍ ഇല്ലെന്ന അറിയിപ്പുമായി ഫാന്‍സ് അസോസിയേഷന്‍ ഭാരവാഹികളുടെ വിഭാഗം പ്രസ്താവന പുറത്തിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സതീഷിന്റെ നീക്കം. അതേസമയം ടിവികെ കേരള ഘടകത്തെ കുറിച്ച് കേന്ദ്ര നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല. ടിവികെയുടെ പേരില്‍ പണപ്പിരിവ് നടത്തുന്നുവെന്നാണ് ഇരുപക്ഷവും പരസ്പരം ഉയര്‍ത്തുന്ന ആരോപണം. കഴിഞ്ഞ ദിവസം സതീഷ് തോന്നയ്ക്കല്‍ വിളിച്ച് ചേര്‍ത്ത യോഗത്തില്‍ 62 പേര്‍ പങ്കെടുത്തിരുന്നു. കൊച്ചിയിലാണ് യോഗം നടന്നത്.

പാര്‍ട്ടിയുടെ മുന്‍ കോര്‍ഡിനേറ്ററായ സജിയുടെ മരണശേഷം പുതിയ കോര്‍ഡിനേറ്ററെ നിയമിച്ചിട്ടില്ലെന്നാണ് ഫാന്‍ അസോസിയേഷന്‍ വിഭാഗം ആരോപിക്കുന്നത്. സതീഷ് തോന്നയ്ക്കൽ പാര്‍ട്ടിയുടെയും വിജയ്‌യുടെയും പേരില്‍ വിവിധ വ്യക്തികളുമായി ബന്ധപ്പെടുകയും സിനിമ സീരിയല്‍ മേഖലയിലുള്ളവരെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചതും ശ്രദ്ധയില്‍പ്പെട്ടത് കൊണ്ടാണ് വിശദീകരണവുമായി രംഗത്തെത്തിയതെന്നാണ് ഫാന്‍ അസോസിയേഷന്‍ ഭാരവാഹികളുടെ വിഭാഗം കഴിഞ്ഞദിവസം സംസ്ഥാന ഘടകമെന്ന നിലയില്‍ വിശദീകരണവുമായി എത്തിയത്. സതീഷ് തോന്നയ്ക്കലിനെ ചുമതലകള്‍ ഏല്‍പ്പിച്ചിട്ടില്ലെന്നും ഇത്തരം പ്രഖ്യാപനങ്ങള്‍ കേന്ദ്ര നേതൃത്വം ഔദ്യോഗിക പ്രഖ്യാപനത്തിലൂടെ അറിയിക്കുമെന്നുമായിരുന്നു ഇവരുടെ വിശദീകരണം. ടിവികെ കണ്‍വെന്‍ഷന്‍ എന്ന പേരിലാണ് എറണാകുളത്ത് സതീഷ് തോന്നയ്ക്കലിന്റെ നേതൃത്വത്തില്‍ യോഗം വിളിച്ച് ചേര്‍ത്തത്. സതീഷിന്റെ പ്രവര്‍ത്തനങ്ങള്‍ ചെന്നൈയിലെ ബന്ധപ്പെട്ട നേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നായിരുന്നു മറുപക്ഷം കഴിഞ്ഞദിവസം വാദിച്ചത്.

കഴിഞ്ഞമാസം ബിജെപി വിട്ട നടന്‍ ദേവനെ ടിവികെയിലെത്തിക്കാനുള്ള ശ്രമങ്ങള്‍ക്ക് മുന്‍കൈ എടുത്തത് സതീഷ് തോന്നയ്ക്കലാണ്. ഇക്കാര്യം നടി പ്രിയങ്ക റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞിരുന്നു. ദേവന്‍ ബിജെപിയിൽ നിന്ന് പുറത്തുവന്നെന്ന വാർത്തകൾക്ക് പിന്നാലെ, സതീഷ് തോന്നയ്ക്കൽ തന്നെ ബന്ധപ്പെട്ടുവെന്നും താന്‍ വഴിയാണ് ടിവികെയിലേക്കുള്ള പ്രവേശനത്തെ കുറിച്ചുള്ള ചര്‍ച്ചയ്ക്ക് ദേവന്‍ സന്നദ്ധത അറിയിച്ചതെന്നും പ്രിയങ്ക റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചിരുന്നു. കൂടാതെ താന്‍ അഭിനയിക്കുന്ന സീരിയലിന്റെ സെറ്റില്‍ വന്ന് ഷാള്‍ അണിയിച്ച് ടിവികെയിലേക്ക് ക്ഷണിച്ചതും സതീഷാണെന്നും പ്രിയങ്ക പറഞ്ഞിരുന്നു. സതീഷിനൊപ്പമുള്ള ദേവന്റെയും പ്രിയങ്കയുടെയും ചിത്രങ്ങളും പുറത്തുവന്നിരുന്നു.

Content Highlights: A dispute has emerged over claims regarding the TVK Kerala unit, with Satheesh Thonnakkal and a Vijay fans association taking opposing positions. TVK’s Kerala organisational activities have been developing amid efforts to coordinate fan clubs and establish district and state-level structure

To advertise here,contact us