തൃക്കാകരയില്‍ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവം; പ്രതി സനീഷിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ്

കൂടുതല്‍ വിവരങ്ങള്‍ തേടി വീണ്ടും പൊലീസ് ടെലഗ്രാമിന് കത്ത് നല്‍കിയിട്ടുണ്ട്

കൊച്ചി: തൃക്കാക്കര ഭാരത് മാതാ കോളേജിലെ മോര്‍ഫിങ് കേസില്‍ മുഖ്യപ്രതി സനീഷിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ അന്വേഷണ സംഘം ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കും. അനീഷ് ആരംഭിച്ച പ്രീമിയം ഗ്രൂപ്പിന്റെയടക്കം കൂടുതല്‍ വിശദാംശങ്ങള്‍ പൊലീസിന് ലഭിച്ചു. ഗ്രൂപ്പ് അഡ്മിന്‍മാര്‍, അംഗങ്ങള്‍ എന്നിവരെ സംബന്ധിക്കുന്ന സുപ്രധാന വിവരങ്ങളാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്. പണത്തിനായി മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ സനീഷ് പങ്കുവെച്ചെന്ന് പറയപ്പെടുന്ന ടെലഗ്രാം ഗ്രൂപ്പിലെ അംഗങ്ങള്‍ ആരെന്നതില്‍ അടക്കം കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പൊലീസ് ടെലഗ്രാമിനെ സമീപിച്ചത്.

ടെലഗ്രാം ഗ്രൂപ്പില്‍ നിന്നും ഒരു ജാര്‍ഖണ്ഡ് നമ്പറും ലഭിച്ചിട്ടുണ്ട്. മലയാളികള്‍ ജാര്‍ഖണ്ഡില്‍ നിന്നും സംഘടിപ്പിച്ച നമ്പരാണോ ഇതെന്നും പരിശോധിക്കുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ തേടി വീണ്ടും പൊലീസ് ടെലഗ്രാമിന് കത്ത് നല്‍കിയിട്ടുണ്ട്. 4 ടെലഗ്രാം ഗ്രൂപ്പുകളില്‍ പൊലീസ് നിര്‍ണായകമായ അന്വേഷണം നടത്തുന്നുണ്ട്. വിശദമായ പരിശോധനക്ക് ശേഷം കൂടുതല്‍ പേരെ ചോദ്യം ചെയ്യും.

ആലപ്പുഴ സ്വദേശിയായ അനീഷിനെ കസ്റ്റഡിയില്‍ ലഭിച്ചാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. സംഭവത്തില്‍ കൂടുതല്‍ പ്രതികളിലെത്താനും ഇയാളെ ചോദ്യം ചെയ്യുന്നതിലൂടെ കഴിയും. പോക്സോ കേസ് അടക്കം സനീഷിനെതിരെ ചുമത്തിയിട്ടുണ്ട്. നിലവില്‍ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സനീഷിന്റെയും ശ്രീഹരിയുടെയും ഫോണുകള്‍, ലാപ്‌ടോപ്പുകള്‍ എന്നിവയുടെ പരിശോധനാ ഫലവും പുറത്തുവരാനുണ്ട്. ഇത് അന്വേഷണത്തില്‍ നിര്‍ണായകമാകുമെന്നും അന്വേഷണ സംഘം പറയുന്നു. കേരളത്തിലെ മറ്റ് കോളേജുകളില്‍ നടന്ന മോര്‍ഫിങ് കേസുകളുമായി തൃക്കാക്കര സംഭവത്തെ ബന്ധിപ്പിക്കുന്ന കണ്ണികള്‍ ഉണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.

കൂടുതല്‍ ദൃശ്യങ്ങള്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് അംഗങ്ങളില്‍ നിന്ന് സനീഷ് പണം ഈടാക്കിയതിന്റെ തെളിവുകള്‍ ഉള്‍പ്പെടെ പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. പണം സ്വീകരിക്കാന്‍ ഇയാള്‍ ക്യുആര്‍ കോര്‍ഡ് അയച്ചു നല്‍കുകയാണ് ചെയ്തിരുന്നത്. വലിയ ടെലിഗ്രാം ഗ്രൂപ്പുകളില്‍ നിന്ന് പ്രത്യേക താത്പര്യമുള്ളവരെ കണ്ടെത്തി ചെറിയ സ്വകാര്യ ഗ്രൂപ്പുകള്‍ രൂപീകരിക്കുകയും പണം അയയ്ക്കുന്നതിനുള്ള ക്യുആര്‍ കോഡുകള്‍ പങ്കുവയ്ക്കുകയും ചെയ്യുകയായിരുന്നു ഇയാളുടെ പ്രവര്‍ത്തന രീതി. ഇയാള്‍ ടെലഗ്രാം ഗ്രൂപ്പിന്റെ അഡ്മിനായും പ്രവര്‍ത്തിച്ചിരുന്നുവെന്നാണ് കണ്ടെത്തല്‍. ടെലഗ്രാമിന്റെ സുരക്ഷാ വലയം മറയാക്കി തങ്ങളുടെ പ്രവര്‍ത്തികള്‍ പിടിക്കപ്പെടില്ലെന്ന ധാരണയിലാണ് വിദ്യാര്‍ത്ഥികള്‍ കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടതെന്നും പൊലീസ് വിശദീകരിക്കുന്നു.

Content Highlights: Police are seeking custody of Saneesh, an accused in the Thrikkakara case, for further questioning and investigation. Investigators have found that Saneesh allegedly made financial gains using images shared in a Telegram group and received payments through QR codes

To advertise here,contact us