നേതാക്കള്‍ക്ക് ജാഗ്രത കുറവുണ്ടായി, പ്രസംഗങ്ങള്‍ക്ക് രാഷ്ട്രീയ മൂര്‍ച്ച വേണം; സിപിഐഎം രേഖ റിപ്പോർട്ടറിന്

നേതൃത്വത്തിനെതിരായ വിമര്‍ശനങ്ങള്‍ തന്നെയാണ് റിപ്പോര്‍ട്ടറിന് ലഭിച്ച പാര്‍ട്ടി രേഖയുടെ ചില ഭാഗങ്ങളിലും ഉള്ളത്

കോഴിക്കോട്: സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിയില്‍ അവതരിപ്പിച്ച പാര്‍ട്ടി രേഖ റിപ്പോര്‍ട്ടറിന് ലഭിച്ചു. നേതാക്കള്‍ക്ക് ജാഗ്രത കുറവെന്ന് വിമര്‍ശനമുന്നയിക്കുന്നതാണ് തിരുത്തല്‍ രേഖ. യോഗങ്ങളില്‍ സംസാരിക്കുമ്പോഴും മാധ്യമങ്ങളോട് ഇടപെടുമ്പോഴും ചില നേതാക്കള്‍ വേണ്ടത്ര ജാഗ്രത കാണിക്കുന്നില്ലെന്ന് രേഖയിൽ വിമർശനമുണ്ട്. നേതാക്കളുടെ പ്രവര്‍ത്തികളും വാക്കുകളും റെക്കോര്‍ഡ് ചെയ്യപ്പെടുമെന്ന് മറക്കുന്നതായും രേകയില്‍ വിമര്‍ശനമുണ്ട്.

പൊതുയോഗങ്ങളില്‍ ശൈലി മാറ്റം വേണമെന്നും നീണ്ടു പരന്ന പ്രസംഗങ്ങള്‍ കേള്‍വിക്കാരെ വെറുപ്പിക്കുമെന്നും രേഖ ചൂണ്ടിക്കാട്ടുന്നുണ്ട്. ലക്ഷ്യബോധവും രാഷ്ട്രീയ മൂര്‍ച്ചയും പ്രസംഗത്തില്‍ ഉണ്ടാകണമെന്ന് മുന്നറിയിപ്പ് നല്‍കുന്നതോടൊപ്പം എതിരാളികളെ തിരിച്ചറിഞ്ഞ് ആക്രമിക്കുന്നതില്‍ മൂര്‍ച്ചയില്ലെന്നും വിമര്‍ശനമുണ്ട്.

നേതൃത്വത്തിനെതിരായ വിമര്‍ശനങ്ങള്‍ തന്നെയാണ് റിപ്പോര്‍ട്ടറിന് ലഭിച്ച പാര്‍ട്ടി രേഖയുടെ ചില ഭാഗങ്ങളിലും ഉള്ളത്. പാര്‍ട്ടി അനുഭാവികളുടെ വിവിധ ഫോറങ്ങളുടെ പ്രവര്‍ത്തനവും ശരിയായ നിലയില്‍ അല്ലെന്നാണ് തിരുത്തല്‍ രേഖയില്‍ ഉള്ളത്. ജനാധിപത്യ കേന്ദ്രീകരണവും ഉള്‍പ്പാര്‍ട്ടി ജനാധിപത്യവുമാണ് പാര്‍ട്ടിയുടെ ശക്തി. ഈ അടിസ്ഥാന സംഘടനാതത്വം ശരിയായ രീതിയില്‍ പ്രയോഗിക്കാന്‍ നമുക്ക് കഴിയണമെന്നും പാര്‍ട്ടി രേഖയില്‍ പറയുന്നുണ്ട്. എന്നാല്‍ ആരുടേയും പേരുകള്‍ കേന്ദ്രീകരിച്ചുള്ള വിമര്‍ശനം രേഖയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. നേരത്തെ തന്നെ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി ഇതേ നിലപാടാണ് സ്വീകരിച്ചിരുന്നത്.

Content Highlights: The CPI(M) correction document presented at the extended state committee reportedly raises concerns over the lack of caution among some leaders during party meetings and media interactions. The document notes that leaders sometimes overlook the fact that their words and actions are recorded. It also calls for a change in public speaking style, stressing political focus, clarity and sharper communication while addressing opponents.

To advertise here,contact us