തിരുവനന്തപുരം: ബ്രൂണൈയില്‍ സുകുമാര കുറുപ്പിന്റെ രൂപസാദൃശ്യമുള്ള വയോധികനെ കണ്ടെത്തിയെന്ന റിപ്പോര്‍ട്ടര്‍ വാര്‍ത്തയ്ക്ക് പിന്നാലെ അന്വേഷണത്തിന് നിര്‍ദേശം നല്കി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ക്രൈംബ്രാഞ്ച് മേധാവി എച്ച് വെങ്കിടേഷിനാണ് ആഭ്യന്തരമന്ത്രി നിര്‍ദേശം നല്‍കിയിരിക്കുന്നത്. ബ്രൂണൈയിലെ വയോധികനെ കുറിച്ച് അന്വേഷിക്കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. അന്വേഷണം നടത്തി അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാനും ആഭ്യന്തരമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്.
ഇതിനിടെ സുകുമാര കുറുപ്പിന്റെ രൂപസാദൃശ്യമുള്ളയാളെ കണ്ടെത്തിയെന്ന കേസില്‍ കൊല്ലപ്പെട്ട ചാക്കോയുടെ മകന് നിതിന്‍ പ്രതികരിച്ചു. വര്‍ഷങ്ങളായി കേട്ടുകൊണ്ടിരിക്കുന്ന കാര്യങ്ങളാണ് ഇതെന്നും കേള്‍ക്കുന്ന കഥകള്‍ അല്ലാതെ യാഥാര്‍ത്ഥ്യത്തിലേക്ക് വന്നിട്ടില്ലെന്നുമായിരുന്നു നിതിന്റെ പ്രതികരണം. എന്നാല്‍ ഇപ്പോള്‍ കേള്‍ക്കുന്ന വാര്‍ത്തകള്‍ കുറച്ചുകൂടി വിശ്വാസയോഗ്യമാണ്. കുറുപ്പിനെ പിടിക്കുമെന്ന പ്രതീക്ഷ ഇപ്പോള്‍ തോന്നുന്നു എന്നും അദ്ദേഹം പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥര്‍ വേണ്ട നടപടി സ്വീകരിക്കണമെന്നാണ് അഭ്യര്‍ത്ഥന എന്നും നിതിന്‍ കൂട്ടിച്ചേര്‍ത്തു.
ഇന്ന് വൈകീട്ടോടെയായിരുന്നു സുകുമാരക്കുറുപ്പിന്റെ രൂപ സാദൃശ്യമുള്ള വയോധികനെ ബ്രൂണൈയില്‍ കണ്ടെത്തിയെന്ന വിവരം പുറത്ത് വന്നത്. ഇയാളുടെ ഫോട്ടോയും താമസിക്കുന്ന സ്ഥലം അടക്കമുള്ള വിവരങ്ങളും ഒരു സൈബര്‍ വിദഗ്ധന്റെ അന്വോണത്തിലായിരുന്നു കണ്ടെത്തിയിരുന്നത്. സുകുമാരക്കുറുപ്പിന്റെ ബന്ധുക്കളുടെ ഫോണ്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയ സൈബര്‍ വിദഗ്ധന്‍ ഇത് ഹാക്ക് ചെയ്തിരുന്നെന്ന് അവകാശപ്പെടുന്നുണ്ട്. കണ്ടെത്തിയ വയോധികന് സുകുമാരക്കുറുപ്പിന്റെ വിദേശത്തുള്ള ഭാര്യയുമായും ബന്ധുക്കളുമായും നിരന്തരം ആശയവിനിമയം നടത്തുന്നുണ്ടെന്നും വിവരം ഉണ്ട്. ഇതിന്റെ ശബ്ദ സംഭാഷണം അടക്കം ഉണ്ടെന്നും ഇതും ഉടന്‍ പുറത്ത് വരും എന്നുമാണ് വിവരം.
സുകുമാരക്കുറുപ്പിന്റെ ഭാര്യയുമായും ബന്ധുക്കളുമായും ഈ വയോധികന് നടത്തിയ ഫോണ്‍ സംഭാഷണങ്ങളില്‍ 'തന്നെ ആരും കണ്ടെത്തില്ല' എന്ന് പറയുന്നത് അടക്കമുള്ള സന്ദേശങ്ങള്‍ ഉണ്ടെന്നാണ് വിവരം. നേരത്തെ തന്നെ സുകുമാരക്കുറുപ്പിന് വേണ്ടി ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറത്തിറക്കിയിരുന്നു. ഇപ്പോള്‍ ബ്രൂണൈല് കണ്ടെത്തിയിരിക്കുന്ന 78 വയസ് പ്രായമുള്ള വയോധികന് ഒരു പാസ്പോട്ടോ മറ്റ് യാത്രാ രേഖകളോ ഇല്ല എന്നതും സംശയം വര്‍ധിപ്പിക്കുന്നുണ്ട്. സുകുമാരക്കുറുപ്പുമായി രൂപസാദൃശ്യമുണ്ടെന്ന് കണ്ടെത്തിയ വ്യക്തി ബ്രൂണൈയില്‍ ഒരു ചൈനീസ് സ്വദേശിയുമായി ചേര്‍ന്ന് ബിസിനസ് നടത്തുകയാണെന്നാണ് സൂചന.
1984 ജനുവരി 21നാണ് മാവേലിക്കരയ്ക്കടുത്ത് ഒരു കറുത്ത അംബാസഡര്‍ കാറില്‍ കത്തിക്കരിഞ്ഞ നിലയില്‍ ഒരു മൃതദേഹം കണ്ടെത്തുന്നത്. ആദ്യം അത് സുകുമാരക്കുറുപ്പാണെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ പിന്നാലെ നടന്ന അന്വേഷണത്തിലാണ് ഫിലിം റപ്രസന്റേറ്റീവ് ആയ ചാക്കോ ആണ് മരണപ്പെട്ടതെന്ന് മനസിലാക്കുന്നത്. പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടില്‍ ശ്വാസ കോശത്തില്‍ പുകയുടെ കരി കണ്ടെത്താത്തതിനെ തുടര്‍ന്നായിരുന്നു ചാക്കോ കാറ് കത്തി പൊള്ളലേറ്റല്ല മരിച്ചതെന്നും, കൊലപ്പെടുത്തിയ ശേഷം കാറിലിട്ട് കത്തിക്കുകയായിരുന്നെന്നും ഫൊറന്‍സിക് സര്ജന് ഡോ ഉമാദത്തന് മനസിലാകുന്നത്. പിന്നാലെ നടന്ന അന്വേഷണത്തിലാണ് കേരള മനസാക്ഷിയെ ഞെട്ടിച്ച അരും കൊലയുടെ വിവരം പുറത്ത് വരുന്നത്.
സുകുമാരക്കുറുപ്പ് എന്ന പ്രവാസി വിദേശത്ത് തന്റെ പേരില്‍ എടുത്തിരുന്നൊരു ഇന്‍ഷ്വറന്‍സ് തുക തട്ടിയെടുക്കാന്‍ താന്‍ മരിച്ചെന്ന് വരുത്തി തീര്‍ക്കാന്‍ നടത്തിയ കൊലപാതമായിരുന്നെന്നായിരുന്നു പൊലീസ് കണ്ടെത്തല്‍. കുറുപ്പിനോട് രുപ സാദൃശ്യമുള്ള ചാക്കോയെ കാറില്‍ വെച്ച് കൊലപ്പെടുത്തിയശേഷം അതില്‍ തന്നെയിട്ട് കത്തിക്കുകയായിരുന്നു. എന്നാല്‍ പിന്നീട് സുകുമാരക്കുറുപ്പിന് വേണ്ടി രാജ്യം ഒട്ടാകെ കേരള പൊലീസ് വല വിരിച്ചിരുന്നെങ്കിലും ഒരു ഫലവുമുണ്ടായില്ല. നാലര പതിറ്റണ്ടായി ഇയാള്‍ കാണാ മറയത്ത് തുടരുകയാണ്. ഇതിനിടെയാണ് കഴിഞ്ഞ ദിവസം 40 വയസ് ഉണ്ടായിരുന്ന സമയത്ത് ഹൃദ്രോഗിയായിരുന്ന കുറുപ്പ് ഇപ്പോള്‍ ജീവിച്ചിരുപ്പുണ്ടാകില്ലെന്ന നിഗമനത്തില്‍ പൊലീസ് കേസ് അവസാനിപ്പിക്കാനുള്ള നീക്കം നടത്തിയത്. ഇതിന് പിന്നാലെയാണ് കേസിൽ നിർണായകമായ വിവരം പുറത്തുവന്നത്.
Content Highlights: Home Minister Ramesh Chennithala has directed Crime Branch chief H Venkitesh to investigate the report about an elderly man in Brunei who reportedly resembles Sukumara Kurup. Chacko’s son Nithin said the latest information appears more credible than earlier reports and expressed hope that the investigation would establish the facts.