ഭോപ്പാൽ: രണ്ട് സാമ്പത്തിക വർഷങ്ങളിൽ മധ്യപ്രദേശിലെ ബിജെപി സർക്കാർ പരസ്യങ്ങൾക്കും പ്രചാരണങ്ങൾക്കുമായി വൻതുക മുടക്കിയെന്ന കണക്ക് പുറത്ത്. പ്രതിദിനം ചെലവഴിച്ചത് എന്ന നിലയിൽ കണക്കാക്കിയാൽ ഇത് 1.93 കോടി രൂപ വരുമെന്നാണ് ന്യൂസ് ലോൺട്രി റിപ്പോർട്ട് ചെയ്യുന്നത്. ഓഡിറ്റ് റിപ്പോർട്ട് പ്രകാരം 2023-24, 2024-25 സാമ്പത്തിക വർഷങ്ങളിൽ പരസ്യ-പ്രചാരണ ഇനത്തിൽ മാത്രം മധ്യപ്രദേശ് സർക്കാർ ചെലവഴിച്ചത് 1,413.76 കോടി രൂപയാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. നിയമസഭയ്ക്ക് മുമ്പാകെ ആദ്യം സമർപ്പിച്ച ബജറ്റ് കണക്കുകളേക്കാൾ ഈ രണ്ട് സാമ്പത്തിക വർഷങ്ങളിലും സർക്കാർ പരസ്യങ്ങൾക്കായി അധികം തുക ചെലവഴിച്ചുവെന്നാണ് ഈ കണക്കുകൾ ഉദ്ധരിച്ച് ന്യൂസ് ലോൺട്രി റിപ്പോർട്ട് ചെയ്യുന്നത്.
2025-26 സാമ്പത്തിക വർഷത്തിലെ കണക്കുകൾ പരിശോധിച്ചാലും ചെലവ് ഉയരുന്ന പ്രവണതയാണ് കാണുന്നതെന്നാണ് റിപ്പോർട്ട്. പരസ്യ-പ്രചാരണത്തിനായി പൊതുജനസമ്പർക്ക വകുപ്പിന് 2025-26ൽ ആദ്യം അനുവദിച്ചത് 632.37 കോടി രൂപയായിരുന്നു. എന്നാൽ സാമ്പത്തിക വർഷം പകുതിയായപ്പോൾ ഇത് 727.93 കോടി രൂപയായി ഉയർത്തിയിട്ടുണ്ട്. ഈ തുക പൂർണമായും ചെലവായാൽ മൂന്ന് വർഷത്തെ മൊത്തം ചെലവ് 2,141.69 കോടി രൂപയിലെത്തും. അതായത് പ്രതിദിനം ശരാശരി 1.95 കോടി രൂപ എന്ന നിലയിലേയ്ക്ക് അത് മാറും എന്നാണ് ന്യൂസ് ലോൺട്രി റിപ്പോർട്ട് ചെയ്യുന്നത്.
‘ജനസമ്പർക്ക വകുപ്പ്’ എന്നറിയപ്പെടുന്ന മുഖ്യമന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള വകുപ്പ് വഴിയാണ് ഈ തുക ചെലവഴിക്കുന്നത്. ഈ കാലയളവിലെ ഏറ്റവും ഉയർന്ന പരസ്യച്ചെലവ് രേഖപ്പെടുത്തിയത് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് വർഷമായിരുന്നു. 2023-24ലെ ബജറ്റ് അവതരിപ്പിക്കുമ്പോൾ ശിവരാജ് സിങ് ചൗഹാനായിരുന്നു മുഖ്യമന്ത്രി. എന്നാൽ സർക്കാർ മാറിയിട്ടും ഉയർന്ന പരസ്യച്ചെലവിന്റെ പ്രവണത തുടരുകയാണെന്നാണ് ന്യൂസ് ലോൺട്രി റിപ്പോർട്ട് ചെയ്യുന്നത്. 2023-24 സാമ്പത്തിക വർഷമാണ് പരസ്യ-പ്രചാരണ ചെലവ് റെക്കോർഡ് ഉയരത്തിലെത്തിയത്. തെരഞ്ഞെടുപ്പ് വർഷത്തിൽ 513.59 കോടി രൂപയായിരുന്നു ബജറ്റ് എസ്റ്റിമേറ്റ്. എന്നാൽ യഥാർത്ഥ ചെലവ് 817.58 കോടി രൂപയായി ഉയർന്നു. അതായത് സർക്കാർ ആദ്യം കണക്കാക്കിയതിനെക്കാൾ 59 ശതമാനം വർദ്ധിച്ച് ഏകദേശം 304 കോടി രൂപയായി മാറുകയായിരുന്നു എന്നാണ് റിപ്പോർട്ട്. പരസ്യവും മറ്റ് ചെലവുകളും ഉൾപ്പെടെ 2021-22ൽ പൊതുജനസമ്പർക്ക വകുപ്പിന്റെ ആകെ ചെലവ് 285.14 കോടി രൂപയായിരുന്നു. 2022-23ൽ ഇത് 479.17 കോടി രൂപയായിരുന്നു. എന്നാൽ 2023-24ൽ പരസ്യ-പ്രചാരണത്തിനായി മാത്രം ചെലവഴിച്ച തുക ഈ രണ്ട് വർഷങ്ങളിലെയും വകുപ്പിന്റെ മൊത്തം ചെലവിനേക്കാൾ കൂടുതലായിരുന്നു എന്നും ന്യൂസ് ലോൺട്രി ചൂണ്ടിക്കാണിക്കുന്നു.
ചെലവിന്റെ ഭൂരിഭാഗവും മാധ്യമങ്ങൾക്കായാണ് ചെലവഴിച്ചതെന്നാണ് റിപ്പോർട്ട്. അച്ചടി മാധ്യമങ്ങൾക്ക് 319.99 കോടി രൂപയും ഇലക്ട്രോണിക് മാധ്യമങ്ങൾക്ക് 266.29 കോടി രൂപയും ചെലവഴിച്ചു. ‘പ്രത്യേക അവസരങ്ങളിലെ പ്രചാരണം’ എന്ന വിഭാഗത്തിൽ 190.06 കോടി രൂപയും പരിപാടികൾ സംഘടിപ്പിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമായി 103.99 കോടി രൂപയും ചെലവഴിച്ചതായാണ് റിപ്പോർട്ട്. പരസ്യം, വിൽപ്പന, പ്രചാരണ ചെലവുകൾക്കായി 30.20 കോടി രൂപയും മേളകളും പ്രദർശനങ്ങളും ഉൾപ്പെടെയുള്ള ഫീൽഡ് പബ്ലിസിറ്റിക്കായി 9.89 കോടി രൂപയും ഗുണഭോക്തൃ ക്ഷേമ പദ്ധതികളുടെ പ്രചാരണത്തിനായി 1.60 കോടി രൂപയും ചെലവഴിച്ചു.
തിരഞ്ഞെടുപ്പിന് ശേഷം മോഹൻ യാദവ് സർക്കാരിന്റെ ആദ്യ പൂർണ ബജറ്റിൽ പരസ്യ-പ്രചാരണത്തിനായി 518.11 കോടി രൂപയാണ് വകയിരുത്തിയത്. എന്നാൽ പിന്നീട് വകുപ്പിന്റെ മൊത്തം പുതുക്കിയ എസ്റ്റിമേറ്റ് 736.07 കോടി രൂപയായി ഉയർന്നു. ഈ തുകയിൽ അച്ചടി മാധ്യമങ്ങൾക്ക് 200 കോടി രൂപയും ഇലക്ട്രോണിക് മാധ്യമങ്ങൾക്ക് 146.39 കോടി രൂപയും പ്രത്യേക അവസരങ്ങളിലെ പ്രചാരണത്തിന് 120.21 കോടി രൂപയും പരിപാടികൾക്കായി 60 കോടി രൂപയും വകയിരുത്തി. ഫീൽഡ് പബ്ലിസിറ്റിക്കായി 10 കോടി രൂപയും സിനിമാ നിർമ്മാണത്തിനും വിതരണത്തിനുമായി 9.16 കോടി രൂപയും വകുപ്പ് പ്രസിദ്ധീകരണങ്ങൾക്കായി 5.56 കോടി രൂപയും നീക്കിവച്ചു. എന്നാൽ യഥാർത്ഥ ചെലവ് വീണ്ടും ബജറ്റ് വകയിരുത്തലിനെ മറികടന്നു. ആകെ 596.18 കോടി രൂപയാണ് ചെലവായത്. ബജറ്റിൽ അനുവദിച്ചതിനേക്കാൾ 78.07 കോടി രൂപ അധികമായിരുന്നു ഇതെന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്.
2025-26ൽ പൊതുജനസമ്പർക്ക വകുപ്പിന് ആകെ 875.59 കോടി രൂപയാണ് ആദ്യം വകയിരുത്തിയത്. ഇതിൽ 632.37 കോടി രൂപ പരസ്യ-പ്രചാരണത്തിനായിരുന്നു. എന്നാൽ വർഷത്തിന്റെ മധ്യത്തിൽ നടത്തിയ പുതുക്കിയ കണക്കിൽ പരസ്യ-പ്രചാരണത്തിനുള്ള തുക വീണ്ടും ഉയർത്തി 727.93 കോടി രൂപയാക്കി. ഏകദേശം 96 കോടി രൂപയുടെ വർധന. അതേസമയം വകുപ്പിന്റെ മൊത്തം ബജറ്റ് 875.59 കോടിയിൽ നിന്ന് 797.80 കോടി രൂപയായി കുറച്ചു. ഭരണപരവും പ്രവർത്തനപരവുമായ ചെലവുകൾ വെട്ടിക്കുറച്ചാണ് ഈ കുറവ് വരുത്തിയതെന്നാണ് ന്യൂസ് ലോൺട്രി ചൂണ്ടിക്കാണിക്കുന്നത്.
പരസ്യങ്ങൾക്കും പ്രചാരണങ്ങൾക്കുമായി പൊതുജനസമ്പർക്ക വകുപ്പിന് അനുവദിച്ച തുകയുമായി താരതമ്യം ചെയ്യുമ്പോൾ സംസ്ഥാനത്തെ പിന്നാക്ക വിഭാഗങ്ങൾക്കും ദുർബല വിഭാഗങ്ങൾക്കും സേവനം നൽകുന്ന വകുപ്പുകൾക്കും മറ്റ് പ്രധാന വകുപ്പുകൾക്കും വകയിരുത്തിയ തുക കുറവാണെന്നും ന്യൂസ് ലോൺട്രി റിപ്പോർട്ട് ചെയ്യുന്നു. ന്യൂനപക്ഷ ക്ഷേമ വകുപ്പിന് 2023-24ൽ 154.56 കോടി രൂപയും 2024-25ൽ 156.51 കോടി രൂപയും 2025-26ൽ 157.27 കോടി രൂപയുമാണ് അനുവദിച്ചത്. മൂന്ന് വർഷങ്ങളിലായി ആകെ 468.34 കോടി രൂപ. ഇത് പരസ്യ-പ്രചാരണത്തിനായി ചെലവഴിച്ച തുകയുടെ നാലിലൊന്നിനും താഴെയാണെന്നാണ് ന്യൂസ് ലോൺട്രി ചൂണ്ടിക്കാണിക്കുന്നത്. കുടിൽ-ഗ്രാമ വ്യവസായ വകുപ്പിന് യഥാക്രമം 132.98 കോടി, 152.60 കോടി, 157.52 കോടി രൂപയാണ് ഈ മൂന്ന് വർഷങ്ങളിൽ ലഭിച്ചത്. ആകെ 443.10 കോടി രൂപ മാത്രം. സംസ്ഥാനത്തെ ഭൂരിഭാഗം ജനങ്ങളും ഗ്രാമപ്രദേശങ്ങളിൽ താമസിക്കുകയും കൃഷിയെയും ചെറുകിട വ്യവസായങ്ങളെയും ആശ്രയിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഇതെന്നും ന്യൂസ് ലോൺട്രി റിപ്പോർട്ട് ചെയ്യുന്നു.
നാടോടി, അർധനാടോടി വിഭാഗങ്ങളുടെ ക്ഷേമ വകുപ്പിന് യഥാക്രമം 42.76 കോടി, 48.10 കോടി, 60.34 കോടി രൂപയാണ് മൂന്ന് വർഷം ലഭിച്ചത്. ആകെ ലഭിച്ചത് 151.20 കോടി രൂപ. പരിസ്ഥിതി വകുപ്പിന് 35.21 കോടി, 26.22 കോടി, 38.72 കോടി രൂപ വീതം 100.15 കോടി രൂപയാണ് മൂന്ന് വർഷങ്ങളിലായി ആകെ ലഭിച്ചതെന്നാണ് ന്യൂസ് ലോൺട്രിയുടെ റിപ്പോർട്ട്. 2023-24ൽ അച്ചടി മാധ്യമങ്ങൾക്കായി മാത്രം 319.99 കോടി രൂപ ചെലവഴിച്ചപ്പോൾ ആ വർഷം ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ആകെ വകയിരുത്തിയത് 154.56 കോടി രൂപമാത്രമായിരുന്നു. അതേ വർഷം ശാസ്ത്ര-സാങ്കേതിക വകുപ്പിന് ആകെ ചെലവായ 233.26 കോടി രൂപയോക്കാൾ കൂടുതലായിരുന്നു അച്ചടി പരസ്യത്തിനായി ചെലവഴിച്ചത്. എന്നാൽ ഈ വകുപ്പുകളിൽ പലതും അനുവദിച്ച തുക മുഴുവനായി ചെലവഴിക്കുന്നില്ലെന്നതും ന്യൂസ് ലോൺട്രി ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
Content Highlights: The Madhya Pradesh government has reportedly spent an average of ₹1.9 crore per day on advertisements, exceeding the amount allocated to several public welfare departments and triggering fresh political criticism.