മലപ്പുറം: എസ്എഫ്ഐ നേതാവ് ഐഷി ഘോഷിനെ പങ്കെടുപ്പിച്ച് കാലിക്കറ്റ് സര്‍വകലാശാലയില്‍ പരിപാടി നടത്തിയതിന് എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയെ പുറത്താക്കിയാതായി പരാതി. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയും മുന്‍ ഡിപ്പാര്‍ട്ട്മെന്റ് സ്റ്റുഡന്റ്സ് യൂണിയന് ജനറല്‍ സെക്രട്ടറിയുമായ അഭിനന്ദിനെയാണ് പ്രതികാര നടപടിയുടെ ഭാഗമായി വിസി പി രവീന്ദ്രന് പുറത്താക്കിയതായി വിവരം പുറത്തുവരുന്നത്.
ഇത് സംബന്ധിച്ച് പ്രതികരണവുമായി എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് രംഗത്തെത്തി. സര്‍ക്കാര്‍ സര്‍വകലാശാലകള്‍ ഇവരുടെയൊക്കെ സ്വകാര്യ സ്വത്തായാണ് വിസിമാര്‍ കാണുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. സംഘപരിവാര്‍ അനുകൂല നിലപാട് സര്‍ക്കാരും വകുപ്പ് മന്ത്രിയും തുടരുകയാണെന്നും സഞ്ജീവ് പറഞ്ഞു. അഭിനന്ദിനെ തിരിച്ചെടുത്തില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം തുടരുമെന്നും സംസ്ഥാന സെക്രട്ടറി സഞ്ജീവ് ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.
അഭിനന്ദിനെ ക്യാമ്പസ്, ഹോസ്റ്റല്‍ എന്നിവിടങ്ങളില്‍ നിന്ന് പുറത്താക്കി എന്ന് കാട്ടി ഡിപ്പാര്‍ട്മെന്റ് നോട്ടീസ് നല്‍കിയിരിക്കുകയാണ്. വിസിക്കെതിരെ പ്രതിഷേധിച്ചു എന്നതിന് തന്റെ പഠിക്കാനുള്ള അവകാശം നിഷേധിക്കുകയാണെന്ന് അഭിനന്ദ് റിപ്പോര്‍ട്ടറിനോട് പ്രതികരിച്ചു. എന്ത് നടപടി വന്നാലും പ്രക്ഷോഭങ്ങളുമായി മുന്നോട്ട് പോകുമെന്നും വിദ്യാര്‍ത്ഥികളെ പുറത്താക്കിയാല്‍ സമരങ്ങളുടെ ശക്തി കെടുത്താം എന്നത് വിസിയുടെ വ്യാമോഹമാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് എസ്എഫ്ഐ നേതാവ് അയിഷി ഘോഷ് പങ്കെടുത്ത മാഗസിന് പ്രകാശനം കാലിക്കറ്റ് സര്‍വകലാശാലാ ക്യാമ്പസിലെ ഇഎംഎസ് സെമിനാര്‍ കോംപ്ലക്സില്‍ നടന്നത്. ഇതിന് ഹാള്‍ അനുവദിക്കാത്തതില്‍ എസ്എഫ്ഐയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം വിസിയെ ഉപരോധിച്ചിരുന്നു. അടുത്ത മാസം നടക്കുമെന്ന് കരുതുന്ന കോണ്‍വക്കേഷന്‍ ചൂണ്ടിക്കാട്ടിയാണ് യൂണിയന് പരിപാടികള്‍ക്ക് ഹാള്‍ അനുവദിക്കാതിരുന്നതെന്നായിരുന്നു എസ്എഫ്ഐ പ്രതികരിച്ചത്. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ പ്രക്ഷോഭം തുടര്‍ന്നതിന് പിന്നാലെ സര്‍വകലാശാല ഹാള്‍ അനുവദിക്കാന്‍ നിര്‍ബന്ധിതരാകുകയായിരുന്നു. ഇന്നലെ രാത്രി ഹാളില്‍ ഡിഎസ്യു മാഗസിന് 'ദജ്ജാല്' ഐഷി ഘോഷ് പ്രകാശനം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയെ പുറത്താക്കിയതായി വിവരം പുറത്തുവരുന്നത്.
Content Highlights: A complaint has alleged that SFI unit secretary and former Department Students’ Union general secretary Abhinand was removed from Calicut University after organising a programme featuring SFI leader Aishi Ghosh. The complaint alleges that the action was taken as a retaliatory measure.