തിരുവനന്തപുരം: മില്‍മയിലെ പാല്‍ക്കുപ്പി ടെണ്ടര്‍ അട്ടിമറിച്ചത് മാനേജിങ് ഡയറക്ടര്‍ രാരാരാജെന്ന് കണ്ടെത്തല്‍. ചട്ടങ്ങള്‍ കാറ്റില്‍ പറത്തി എംഡി രാരാരാജ് നടത്തിയ ദുരൂഹ ഇടപെടലിന്റെ തെളിവുകള്‍ റിപ്പോര്‍ട്ടറിന് ലഭിച്ചു. കരാര്‍ ലഭിച്ച 'ക്ലിയര്‍ പെറ്റി'നെ ഒഴിവാക്കി നിലവിലെ വിതരണക്കാരായ TPAC സ്കൈ പെറ്റിനെ സഹായിക്കാനാണ് ശ്രമം നടന്നത്.
ക്ലിയര്‍ പെറ്റ് പ്രതിനിധിയുമായി നേരിട്ട് കൂടിക്കാഴ്ച്ച നടത്തി TPAC-ന് ബോര്‍ഡിന്റെ പിന്തുണ ഉറപ്പിക്കാനും ശ്രമം നടന്നു. കരാര്‍ കമ്പനിയുമായി കീഴ്വഴക്കം ലംഘിച്ചായിരുന്നു രാരാരാജിന്റെ കൂടിക്കാഴ്ച്ച. TPAC സ്കൈ പെറ്റിനായി വിതരണ പങ്കാളിത്തം അഭ്യര്‍ത്ഥിക്കാനാണ് രാരാരാജ് കൂടിക്കാഴ്ച നടത്തിയത്.
മില്‍മയുടെ പാല് കുപ്പി ടെണ്ടര്‍ കാരണമില്ലാതെ റദ്ദാക്കിയതാണ് വിവാദമായിരിക്കുന്നത്. ടെണ്ടറില്‍ പുറത്തായ കമ്പനിയെ സഹായിക്കാനായി, ഒന്നാമതെത്തിയ 'ക്ലിയര്‍ പെറ്റി'നെ ഒഴിവാക്കാനായിരുന്നു നടപടിയെന്നാണ് ആക്ഷേപം. ടെണ്ടറില്‍ രണ്ടാമത് എത്തിയ കമ്പനിയുമായി കുപ്പി വിതരണം പങ്കുവെക്കണമെന്ന് ക്ലിയര്‍ പെറ്റ് എന്ന കമ്പനിയോട് മില്‍മ ആവശ്യപ്പെട്ടു. കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ചാണ് വിതരണം പങ്കുവെക്കാന്‍ മില്‍മ ക്ലിയര്‍ പെറ്റിനോട് ആവശ്യപ്പെട്ടത്. നിര്‍ദേശം ക്ലിയര്‍ പെറ്റ് നിരാകരിച്ചതോടെ കരാര്‍ റദ്ദാക്കുകയും ചെയ്തു. മില്‍മയുടെ തട്ടിപ്പിന്റെ രേഖകള്‍ റിപ്പോര്‍ട്ടര്‍ പുറത്തുവിട്ടിരുന്നു.
നിലവിലെ വിതരണക്കാരായ TPAC സ്കൈ പെറ്റിനെ പങ്കാളിയാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു മില്‍മ കത്ത് നല്‍കിയത്. ക്ലിയര്‍ പെറ്റ് അവരുമായി 60:40 അനുപാതത്തില്‍ കുപ്പി വിതരണം പങ്കുവെക്കണമെന്നായിരുന്നു മില്‍മയുടെ ആവശ്യം. എന്നാല്‍ ഈ നിര്‍ദേശം ടെണ്ടര്‍ വ്യവസ്ഥാ ലംഘനമെന്ന് ക്ലിയര്‍ പെറ്റ് പ്രതികരിച്ചു. തുടര്‍ന്ന് അവര്‍ ഈ ആവശ്യം നിരാകരിക്കുകയും ചെയ്തു. ഇതോടെയാണ് ടെണ്ടര്‍ റദ്ദാക്കിയത്. TPAC ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡാണ് ടെണ്ടറില്‍ മൂന്നാമത് എത്തിയത്. ടെണ്ടറില്‍ രണ്ടും മൂന്നും സ്ഥാനം ലഭിച്ച കമ്പനികള്‍ ഒരേ മാനേജ്മെന്റിന്റേതാണ്.
Content Highlights: Allegations have emerged that Milma MD Rararaaj was behind tender manipulation, with intervention reportedly carried out in violation of established rules.