വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ വേദി സംസ്ഥാന അധ്യക്ഷൻ ആര് വി ബാബു. മതേതരത്വത്തിന്റെ പേരില്‍ 'ഗണപതിവട്ടം' എന്ന ചരിത്രനാമം തമസ്കരിച്ചുവെന്നും വിമര്‍ശനമുണ്ട്. സര്‍ക്കാര്‍ രേഖകളില്‍ ഉള്‍പ്പെടെ നേരത്തെ ഗണപതിവട്ടം എന്ന പേരാണ് നിലനിന്നിരുന്നതെന്ന് ആര് വി ബാബു പറഞ്ഞു.
സുല്‍ത്താന്‍ ബത്തേരി എന്ന പേര് തുടരുന്നത് നാടിന്റെ സാംസ്കാരിക പൈതൃകത്തെ തള്ളിക്കളയുന്നതിന് തുല്യമെന്നും വിമര്‍ശനമുണ്ട്. ഗണപതിവട്ടം എന്ന പേര് പുനഃസ്ഥാപിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും ബാബു പറഞ്ഞു. പേരുമാറ്റത്തിനായി ഹിന്ദു ഐക്യവേദി ശക്തമായ പോരാട്ടം നടത്തുമെന്നും സംസ്ഥാന അധ്യക്ഷന്‍ വ്യക്തമാക്കി.
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ അന്നത്തെ ബിജെപി സംസ്ഥാനാധ്യക്ഷന്‍ കെ സുരേന്ദ്രന് സമാന ആവശ്യം ഉന്നയിച്ചത് വിവാദമായിരുന്നു. സുല്‍ത്താന്‍ ബത്തേരിയുടെ ശരിയായ പേര് ഗണപതിവട്ടം എന്നാണ്. ബ്രിട്ടീഷുകാരാണ് ടിപ്പു സുല്‍ത്താന്റെ അധിനിവേശത്തിന് ശേഷം ഇവിടെ സുല്‍ത്താന്‍ ബത്തേരി ആക്കി മാറ്റിയത് എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
സുല്‍ത്താന്റെ ആയുധപ്പുര എന്നര്‍ത്ഥം വരുന്ന സുല്‍ത്താന്‍ ബാറ്ററി പിന്നീട് സുല്‍ത്താന്‍ ബത്തേരി ആയതാണ്. താന്‍ എംപിയായാല്‍ ആദ്യ പരിഗണന ഈ സ്ഥലത്തിന്റെ പേര് വീണ്ടും ഗണപതിവട്ടം എന്നാക്കി മാറ്റുന്നതിനായിരിക്കും. ഇതിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സഹായം തേടും. 1984ല്‍ പ്രമോദ് മഹാജന് വയനാട് സന്ദര്‍ശിച്ച സമയത്ത് ഇക്കാര്യം താന്‍ സൂചിപ്പിച്ചിരുന്നതാണെന്നും കെ സുരേന്ദ്രന് അഭിമുഖത്തില്‍ പറഞ്ഞിരുന്നു. സുല്‍ത്താന്‍ ബത്തേരി എന്ന പേരിന്റെ ആവശ്യമില്ല. മലയാളികളെ ആക്രമിക്കുകയും ഹിന്ദുക്കളെ മതംമാറ്റുകയും ചെയ്ത വ്യക്തിയാണ് ടിപ്പു സുല്‍ത്താന്‍ എന്നും സുരേന്ദ്രന് പറഞ്ഞിട്ടുണ്ട്.
Content Highlights: Hindu Aikya Vedi state president R V Babu has demanded the restoration of the historical name ‘Ganapathivattam’ for Sultan Bathery. He claimed that the name Ganapathivattam had earlier appeared in government records and alleged that it was later sidelined in the name of secularism.