'പൂഞ്ഞാറില്‍ എത്ര രൂപ ചെലവഴിച്ചെന്ന് പറയാനാകില്ല'; പി സി ജോര്‍ജിനെ തള്ളി സജി കൂരിക്കാട്

നാലരക്കോടി താന്‍ തട്ടിയെന്ന് പി സി ജോര്‍ജ് പറഞ്ഞത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ല. സംശയങ്ങളെല്ലാം അന്നേ തീര്‍ത്തു കൊടുത്തിരുന്നുവെന്നും സജി കൂരിക്കാട്

തിരുവനന്തപുരം: പി സി ജോര്‍ജിന്റെ ആരോപണങ്ങളില്‍ മറുപടിയുമായി ബിജെപി മധ്യമേഖല ജനറല്‍ സെക്രട്ടറി സജി കൂരിക്കാട്. പൂഞ്ഞാറില്‍ എത്ര രൂപ ചെലവഴിച്ചുവെന്ന് പറയാനാവില്ലെന്ന് തെരഞ്ഞെടുപ്പ് ഫണ്ട് വിവാദത്തില്‍ ആരോപണ വിധേയനായ സജി കൂരിക്കാട് പ്രതികരിച്ചു. ബൂത്തില്‍ 31,000 കൊടുക്കണമെന്ന തീരുമാനം ഉണ്ടായിരുന്നില്ല. പി സി ജോര്‍ജ് എന്തുകൊണ്ടാണ് തനിക്കെതിരെ ആരോപണം ഉന്നയിച്ചതെന്ന് മനസിലാകുന്നില്ലെന്നും സജി കൂരിക്കാട് റിപ്പോര്‍ട്ടറിനോട് പറഞ്ഞു.

തെരഞ്ഞെടുപ്പിന് പിന്നാലെ കണക്ക് ക്യത്യമായി ബോധിപ്പിച്ചതാണ്. നാലരക്കോടി താന്‍ തട്ടിയെന്ന് പി സി ജോര്‍ജ് പറഞ്ഞത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ല. സംശയങ്ങളെല്ലാം അന്നേ തീര്‍ത്തു കൊടുത്തിരുന്നുവെന്നും സജി കൂരിക്കാട് പ്രതികരിച്ചു. പൂഞ്ഞാര്‍ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫണ്ടില്‍ വലിയ തട്ടിപ്പ് നടന്നെന്നായിരുന്നു പി സി ജോര്‍ജിന്റെ വെളിപ്പെടുത്തല്‍. സജി കൂരിക്കാട് ആണ് തട്ടിപ്പിന് നേതൃത്വം നല്‍കിയതെന്നും പി സി ജോര്‍ജ് ആരോപിച്ചിരുന്നു.

പരമാവധി നാല്‍പത് ലക്ഷം രൂപ മാത്രമേ ചെലവഴിക്കാവൂ എന്ന് ചട്ടമുള്ളപ്പോള്‍ എ ക്ലാസ് മണ്ഡലങ്ങളില്‍ നാലരക്കോടി വീതം ചെലവഴിച്ചെന്നായിരുന്നു പി സി ജോര്‍ജിന്റെ വെളിപ്പെടുത്തല്‍. പൂഞ്ഞാറില്‍ പ്രചാരണത്തിനായി നാല് കോടി 45 ലക്ഷം രൂപ ചെലവായെന്ന കണക്കാണ് തനിക്ക് തന്നതെന്നും എന്നാല്‍ ലിസ്റ്റില്‍ പേരുള്ള പലരെയും വിളിച്ചു ചോദിച്ചപ്പോള്‍ അവര്‍ പണം വാങ്ങിയിട്ടില്ലെന്ന് വ്യക്തമായെന്നും പി സി ജോര്‍ജ് പറഞ്ഞിരുന്നു. ബിജെപി യോഗത്തിനിടെയായിരുന്നു പി സി ജോര്‍ജിന്റെ തുറന്നുപറച്ചില്‍. എന്നാല്‍ വാര്‍ത്ത പുറത്തുവന്നതോടെ പി സി ജോര്‍ജ് തന്റെ നിലപാടില്‍ മലക്കംമറിയുകയായിരുന്നു. തന്നെ തെറ്റിദ്ധരിപ്പിച്ചതാണെന്നും അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ലെന്നുമാണ് പി സി ജോര്‍ജ് പ്രതികരിച്ചത്. എരുമേലിയിലെ ഒന്നിലധികം പ്രവര്‍ത്തകര്‍ പറഞ്ഞത് അനുസരിച്ചാണ് താന്‍ വെളിപ്പെടുത്തല്‍ നടത്തിയത്. പിന്നീട് അന്വേഷിച്ചപ്പോള്‍ അത് ശുദ്ധ അസംബന്ധമാണെന്ന് മനസിലായെന്നും പി സി ജോര്‍ജ് പറഞ്ഞിരുന്നു.

പി സി ജോര്‍ജിന്റെ വിമര്‍ശനത്തില്‍ ബിജെപിക്കുള്ളിലും അമര്‍ഷം പുകയുന്നുണ്ട്. വിവാദ പരാമര്‍ശം അംഗീകരിക്കാനാവില്ല എന്നാണ് ഒരു വിഭാഗത്തിന്റെ നിലപാട്. സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടതനുസരിച്ച് പി സി ജോര്‍ജ് പറഞ്ഞതില്‍ നിന്ന് പിന്നോട്ട് പോയ സാഹചര്യത്തില്‍ വിഷയം കൂടുതല്‍ വഷളാക്കേണ്ട എന്നാണ് രാജിവ് ചന്ദ്രശേഖരന്‍ അടക്കമുള്ളവരുടെ വാദം. അതേസമയം പി സി ജോര്‍ജ് നടത്തിയ വെളിപ്പെടുത്തലില്‍ എല്‍ഡിഎഫ് ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയേക്കും.

Content Highlights: Saji Koorykkad has rejected P C George's claim regarding expenditure in Poonjar, saying it is not possible to specify how much was spent.

To advertise here,contact us