കൊച്ചി: റിപ്പോര്‍ട്ടര്‍ ടിവിയുടെ വാര്‍ത്തകള്‍ നീക്കം ചെയ്ത നടപടിയില്‍ പ്രതികരണവുമായി മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് വെങ്കിടേഷ് രാമകൃഷ്ണന്. സാങ്കേതിക പിഴവ് മൂലമല്ലെന്നും പരാതിയുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ടറുടെ വാര്‍ത്ത നീക്കം ചെയ്തതെന്നും റിപ്പോര്‍ട്ടറിന്റെ മെയിലിന് മെറ്റ മറുപടി നല്‍കിയതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. മെറ്റയുടെ നടപടി ഏറെ ദുരൂഹമാണെന്ന് അദ്ദേഹം പറഞ്ഞു. വലിയ മാധ്യമ സ്ഥാപനങ്ങളുടെ മാത്രമല്ല ചെറിയ കുട്ടികളുടെ അടക്കം പോസ്റ്റുകളും പേജുകളും നീക്കം ചെയ്യുന്ന ഗുരുതരമായ നടപടിയാണ് കേരളത്തിലുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
വിഷയത്തില്‍ സര്‍ക്കാരിന്റെ ന്യായീകരണങ്ങള്‍ക്ക് അപ്പുറമാണ് ഇപ്പോള്‍ ലീഗല്‍ റിക്വസ്റ്റിന്റെ അടിസ്ഥാനത്തിലാണ് വാര്‍ത്ത നീക്കം ചെയ്തതെന്ന് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. എന്നാല്‍ മെറ്റയുടെ മറുപടിയെ ഒന്നുകില്‍ സര്‍ക്കാര്‍ വെല്ലുവിളിക്കണം അല്ലെങ്കില്‍ മെറ്റയ്ക്കെതിരെ നിയമപരമായി നീങ്ങണം എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതൊന്നും ചെയ്യാത്തത് സംശയകരമാണെന്ന് വ്യക്തമാക്കിയ ആദ്ദേഹം മെറ്റയ്ക്കെതിരെ എന്തുകൊണ്ട് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് പ്രതികരണം ഉണ്ടാവുന്നില്ലെന്നും ചോദിച്ചു.
നിലവിലെ സാഹചര്യത്തില്‍ പ്രതികൂട്ടില്‍ നിന്ന് സംസ്ഥാന സര്‍ക്കാരിന് മാറി നില്‍ക്കാനാവില്ല. സര്‍ക്കാര്‍ കാര്യങ്ങള്‍ വ്യക്തമാക്കണം. എവിടെ നിന്നാണ് വാര്‍ത്തകള്‍ നീക്കം ചെയ്യാന്‍ നിര്‍ദേശം എത്തിയതെന്ന് കണ്ടെത്തുന്നതാണ് പ്രധാനം. സുതാര്യതയാണ് പ്രധാനമെന്ന് പറഞ്ഞ അദ്ദേഹം സര്‍ക്കാരിന് ഇതിന് പിന്നില്‍ ആരെന്ന് കണ്ടെത്താനാകുന്നില്ല എന്നത് വിശ്വസിക്കാനാകുന്നില്ലെന്നും വ്യക്തമാക്കി.
മുഖ്യമന്ത്രിക്ക് എതിരായ വാർത്തകൾ നീക്കം ചെയ്തത് ആരും ആവശ്യപ്പെട്ടിട്ടല്ലെന്നും സങ്കേതിക പിഴവാണെന്നും മെറ്റ വിശദീകരിച്ചു എന്നായിരുന്നു നേരത്തെ ഏഷ്യാനെറ്റും മനോരമയും മാതൃഭൂമിയും മീഡിയാ വണ്ണും ഉൾപ്പെടെയുള്ള മാധ്യമങ്ങൾ വ്യാജവാർത്തകൾ സൃഷ്ടിച്ചത്. മെറ്റയുടെ നോഡൽ ഓഫീസർ ഈ വിവരം കേരള പൊലീസിൻ്റെ സൈബർ വിങ്ങിനെ ഈ വിവരം അറിയിച്ചുവെന്നായിരുന്നു ഈ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. എന്നാൽ വാർത്തകൾ പിൻവലിച്ചത് സാങ്കേതിക പിഴവ് മൂലമല്ലെന്ന മെറ്റയുടെ വിശദീകരണത്തോടെ ഏഷ്യാനെറ്റും മനോരമയും മാതൃഭൂമിയും മീഡിയാ വണ്ണും ഉൾപ്പെടെയുള്ള ബോധപൂർവ്വം വാർത്തകൾ സൃഷ്ടിക്കുകയായിരുന്നു എന്നാണ് വ്യക്തമാകുന്നത്.
വാർത്തകൾ നീക്കംചെയ്യിക്കാൻ തനിക്ക് മെറ്റയിൽ യാതൊരു സ്വാധീനവുമില്ലെന്ന് വിശദീകരിച്ചായിരുന്നു നേരത്തെ മുഖ്യമന്ത്രി വി ഡി സതീശൻ വിഷയത്തിൽ കൈകഴുകിയത്. മെറ്റയ്ക്ക് കത്തെഴുതാൻ താൻ തയ്യാറാണെന്നും വി ഡി സതീശൻ പരിഹാസ രീതിയിൽ പറഞ്ഞിരുന്നു. വിഷയം വിവാദമായതോടെ സംഭവത്തിൽ പങ്കില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസും പോലീസ് സൈബർ വിഭാഗവും അറിയിച്ചിരുന്നു.
മുഖ്യമന്ത്രി വിഡി സതീശന്റെ പേര് പരാമര്‍ശിക്കുന്നതും വിമര്‍ശിക്കുന്നതുമായ വാര്‍ത്തകളായിരുന്നു സോഷ്യല്‍ മീഡിയയില്‍ നിന്നും തുടര്‍ച്ചയായി മെറ്റ നീക്കിയത്. റിപ്പോര്‍ട്ടറിന്റേത് മാത്രമായി മുപ്പതോളം വാര്‍ത്താകാര്‍ഡുകള്‍ മെറ്റ നീക്കിയിരുന്നു. ഈ കാര്‍ഡുകളില്‍ പകുതിയോളമാണ് പുനഃസ്ഥാപിച്ചത്. റിപ്പോര്‍ട്ടറിന്റെ അപ്പീലിലാണ് മെറ്റയുടെ ഇടപെടല്‍. അകാരണമായ മീഡിയ സെന്‍സര്‍ഷിപ്പിനെതിരെ മെറ്റ ഗ്രീവന്‍സ് സെല്ലിന് റിപ്പോര്‍ട്ടര്‍ വിശദമായ പരാതി നല്‍കിയിരുന്നു. മാധ്യമ അടിയാന്തരാവസ്ഥയെന്നായിരുന്നു മെറ്റയുടെ നീക്കത്തെ പ്രതിപക്ഷം ഉള്‍പ്പെടെ വിമര്‍ശിച്ചത്.
Content Highlights: