'സാങ്കേതിക പിഴവെന്ന് പറഞ്ഞ് സർക്കാർ ജനങ്ങളെ വഞ്ചിച്ചു'; മെറ്റയുടെ വിശദീകരണത്തിൽ പ്രതികരിച്ച് ജോൺ ബ്രിട്ടാസ്

റിപ്പോർട്ടർ ടി വിയുടെ വാര്‍ത്തകള്‍ പിന്‍വലിച്ചത് സങ്കേതിക പിഴവ് കാരണമല്ലെന്ന മെറ്റയുടെ വിശദീകരണത്തിലാണ് ജോണ്‍ ബ്രിട്ടാസ് എം പി പ്രതികരിച്ചത്

കൊച്ചി: മുഖ്യമന്ത്രിക്കെതിരായതോ പേര് പരാമര്‍ശിക്കുന്നതോ ആയ റിപ്പോർട്ടർ വാര്‍ത്തകള്‍ പിന്‍വലിച്ചത് സങ്കേതിക പിഴവ് കാരണമല്ലെന്ന മെറ്റയുടെ വിശദീകരണത്തില്‍ പ്രതികരിച്ച് ജോണ്‍ ബ്രിട്ടാസ് എം പി. സാങ്കേതിക പിഴവാണെന്ന് പറഞ്ഞ് സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിച്ചെന്നാണ് ജോണ്‍ ബ്രിട്ടാസ് എം പി പറഞ്ഞത്. അടിയന്തരാവസ്ഥയെ അപ്രസക്തമാക്കുന്ന സെന്‍സറിങാണ് നടന്നത്. കൃത്യമായി കേരള സര്‍ക്കാരിന്റെ നിര്‍ദേശത്തിലാണ് വാര്‍ത്ത നീക്കം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ സര്‍ക്കാര്‍ ജനങ്ങളോട് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജനാധിപത്യ വിരുദ്ധമായാണ് പെരുമാറുന്നതെന്നും ആവിഷ്‌കാരത്തെ അട്ടിമറിക്കുന്ന രീതിയില്‍ പെരുമാറുന്നത് ഞെട്ടിപ്പിക്കുന്നതാണെന്നും ജോണ്‍ ബ്രിട്ടാസ് എം പി പറഞ്ഞത്.ഇതില്‍ കേരളത്തിലെ സാംസ്‌കാരിക നായകന്മാരും ബുദ്ധിജീവികളും പ്രതികരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിക്കെതിരായതോ പേര് പരാമര്‍ശിക്കുന്നതോ ആയ വാർത്തകൾ പിൻവലിച്ചത് സാങ്കേതിക പിഴവ് മൂലമല്ലെന്ന് മെറ്റ റിപ്പോർട്ടർ ടിവിക്ക് വിശദീകരണം നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിലുള്ള നടപടിയാണെന്നാണ് മെറ്റയുടെ ഔദ്യോഗിക സ്ഥിരീകരണം. റിപ്പോർട്ടറിന് ഇ മെയിൽ വഴി നൽകിയ വിശദീകരണത്തിലാണ് വാർത്തകൾ പിൻവലിച്ചതുമായി ബന്ധപ്പെട്ട ഔദ്യോഗിക നിലപാട് മെറ്റ വ്യക്തമാക്കിയിരിക്കുന്നത്.

റിപ്പോര്‍ട്ടറിന്റേത് മാത്രമായി മുപ്പതോളം വാര്‍ത്താകാര്‍ഡുകള്‍ മെറ്റ നീക്കിയിരുന്നു. ഈ കാര്‍ഡുകളില്‍ പകുതിയോളമാണ് റിപ്പോർട്ടർ നടത്തിയ ഇടപെടലിനെ തുടർന്ന് പുനഃസ്ഥാപിച്ചത്. മുഖ്യമന്ത്രിക്കെതിരായ വാർത്തകളായിരുന്നു നീക്കം ചെയ്തതിൽ അധികവും. ഇത് സംബന്ധിച്ച് പരാതികൾ ഉയർന്നിരുന്നു. സാങ്കേതിക പിഴവുകളാണെന്നാണ് സർക്കാർ നൽകിയ വിശദീകരണം. എന്നാൽ അതിന് വിരുദ്ധമായാണ് ഇപ്പോൾ മെറ്റയുടെ വിശദീകരണം വന്നത്.

Content Highlights: John Brittas MP responded to Meta's explanation regarding the removal of news reports referring to or critical of the Chief Minister.

To advertise here,contact us