'കള്ളൻ UDFൻ്റെ കപ്പലിൽ തന്നെയുണ്ട്, അതാണ് മെറ്റ പറഞ്ഞത്'; റിപ്പോർട്ടർ വാർത്ത പിൻവലിച്ച നടപടിയിൽ ബിനോയ് വിശ്വം

ഔദ്യോഗികമായി ആരോ പറഞ്ഞിട്ടുണ്ട്, അത് ആരാണ് എന്നാണ് അറിയേണ്ടതെന്നും ബിനോയ് വിശ്വം പറഞ്ഞു

കൊച്ചി: റിപ്പോര്‍ട്ടര്‍ ടി വിയുടെ വാര്‍ത്താ കാര്‍ഡുകള്‍ പിന്‍വലിച്ചത് സങ്കേതിക പിഴവ് കാരണമല്ലെന്ന് മെറ്റയുടെ വിശദീകരണത്തില്‍ പ്രതികരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ആ കള്ളന്‍ യുഡിഎഫിന്റെ കപ്പലില്‍ തന്നെ കാണുമെന്നാണ് ബിനോയ് വിശ്വമിന്റെ പ്രതികരണം. 'മെറ്റ പറയുന്നു ചെയ്തത് മെറ്റ അല്ലെന്ന്. ഔദ്യോഗികമായി ആരോ പറഞ്ഞിട്ടുണ്ട്. അത് ആരാണ് എന്നാണ് അറിയേണ്ടത്'; ബിനോയ് വിശ്വം പറഞ്ഞു.

വിഷയത്തില്‍ ഓപ്പണ്‍ മാഗസിന്‍ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ എന്‍ പി ഉല്ലേഖും പ്രതികരിച്ചു. 'ദേശീയതലത്തില്‍ മാധ്യമങ്ങള്‍ സെല്‍ഫ് സെന്‍സര്‍ ചെയ്യുന്ന രീതിയുണ്ട്. മോദിക്കെതിരായ വാര്‍ത്തകള്‍ അവര്‍ തന്നെ സെന്‍സര്‍ ചെയ്യും. കേന്ദ്രത്തിന്റെ ഇടപെടല്‍ ഇല്ലാതെ തന്നെ ഇങ്ങനെ ചെയ്യാറുണ്ട്. ബാക്ക് ലാഷ് പെടിച്ചാണ് അവര്‍ ഈ രീതി പിന്തുടരുന്നത്. എന്നാല്‍ കേരളത്തിലെ മാധ്യമങ്ങള്‍ക്ക് അങ്ങനെ ചെയ്യേണ്ട സാഹചര്യമില്ല. പക്ഷെ ഇപ്പോള്‍ കേരളത്തിലെ മാധ്യമ സംസ്‌കാരം മാറ്റി കേന്ദ്രത്തിലുള്ളത് പോലുള്ള മാധ്യമ സംസ്‌കാരത്തിലേക്ക് കൊണ്ട് വരാനാണ് ശ്രമിക്കുന്നത്. ഈ ശ്രമങ്ങളുടെ ഭാഗമായാണ് നടപടിയെന്ന് കരുതേണ്ടിയിരിക്കുന്നു'; എന്‍ പി ഉല്ലേഖ് പറഞ്ഞു.

മുഖ്യമന്ത്രിക്കെതിരായതോ പേര് പരാമര്‍ശിക്കുന്നതോ ആയ വാർത്തകൾ പിൻവലിച്ചത് സാങ്കേതിക പിഴവ് മൂലമല്ലെന്ന് മെറ്റ റിപ്പോർട്ടർ ടിവിക്ക് വിശദീകരണം നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിലുള്ള നടപടിയാണെന്നാണ് മെറ്റയുടെ ഔദ്യോഗിക സ്ഥിരീകരണം. റിപ്പോർട്ടറിന് ഇ മെയിൽ വഴി നൽകിയ വിശദീകരണത്തിലാണ് വാർത്തകൾ പിൻവലിച്ചതുമായി ബന്ധപ്പെട്ട ഔദ്യോഗിക നിലപാട് മെറ്റ വ്യക്തമാക്കിയിരിക്കുന്നത്.

റിപ്പോര്‍ട്ടറിന്റേത് മാത്രമായി മുപ്പതോളം വാര്‍ത്താകാര്‍ഡുകള്‍ മെറ്റ നീക്കിയിരുന്നു. ഈ കാര്‍ഡുകളില്‍ പകുതിയോളമാണ് റിപ്പോർട്ടർ നടത്തിയ ഇടപെടലിനെ തുടർന്ന് പുനഃസ്ഥാപിച്ചത്. മുഖ്യമന്ത്രിക്കെതിരായ വാർത്തകളായിരുന്നു നീക്കം ചെയ്തതിൽ അധികവും. ഇത് സംബന്ധിച്ച് പരാതികൾ ഉയർന്നിരുന്നു. സാങ്കേതിക പിഴവുകളാണെന്നാണ് സർക്കാർ നൽകിയ വിശദീകരണം. എന്നാൽ അതിന് വിരുദ്ധമായാണ് ഇപ്പോൾ മെറ്റയുടെ വിശദീകരണം വന്നത്.

Content Highlighlights:

To advertise here,contact us