കൊച്ചി: പൂഞ്ഞാര്‍ മണ്ഡലത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പിനായി ബിജെപി നാലരക്കോടി ചെലവഴിച്ചുവെന്നും ഇതില്‍ വലിയ തട്ടിപ്പ് നടന്നുവെന്നുമുള്ള പി സി ജോര്‍ജിന്റെ ആരോപണത്തിൽ ബിജെപിയുടെ പണത്തിന്റെ ഉറവിടം എന്തെന്ന ചോദ്യം ഉയർത്തി മുസ്ലിം ലീഗ് നേതാവ് അഡ്വ. ഷിബു മീരാന്‍. പി സി ജോര്‍ജിന്റെ ആരോപണം ശരിയെങ്കില്‍ കേരളത്തിലെ 140 മണ്ഡലങ്ങളിലുമായി ചുരുങ്ങിയത് 650 കോടി രൂപ ബിജെപി ചെലവഴിച്ചുകാണുമെന്നും എവിടുന്നാണ് ബിജെപിക്ക് ഇത്രയധികം പണം എന്നും ഷിബു മീരാന്‍ ചോദിച്ചു.
'പൂഞ്ഞാറില്‍ ഒരു പ്രതീക്ഷയും ഇല്ലാത്ത മണ്ഡലത്തില്‍ തനിക്കു വേണ്ടി നാലര കോടി പൊടിച്ചു എന്നാണ് പി സി ജോര്‍ജ് തന്നെ പറയുന്ന കണക്കെങ്കില്‍ കേരളത്തിലെ 140 മണ്ഡലങ്ങളിലുമായി ചുരുങ്ങിയത് ഒരു 650 കോടി പൊടിച്ചു കാണും. ഒരിക്കലും ഭരണം കിട്ടില്ല എന്നുറപ്പുള്ള കേരളത്തില്‍ അത്രയും പൊടിച്ചെങ്കില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ എത്ര പൊടിച്ചു കാണും. ആയിരകണക്കിന് കോടികളാണ് ബിജെപി ജനാധിപത്യത്തെ വിലക്കെടുക്കാന്‍ വാരി എറിയുന്നത്. എവിടുന്നാണ് ബിജെപിക്ക് ഇത്രയധികം പണം….രാജ്യത്തെ വിറ്റ് തുലക്കുകയാണീ ദ്രോഹികള്‍…രാമനും രാജ്യവും വില്‍പ്പന ചരക്കാണിവര്ക്ക്', ഷിബു മീരാന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
പൂഞ്ഞാര്‍ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫണ്ടില്‍ വലിയ തട്ടിപ്പ് നടന്നെന്നായിരുന്നു പി സി ജോര്‍ജിന്റെ വെളിപ്പെടുത്തല്‍. പ്രചരണത്തിനായി നാല് കോടി 45 ലക്ഷം രൂപ ചെലവായെന്ന കണക്കാണ് തനിക്ക് തന്നതെന്നും എന്നാല്‍ ലിസ്റ്റില്‍ പേരുള്ള പലരേയും വിളിച്ചു ചോദിച്ചപ്പോള്‍ അവര്‍ പണം വാങ്ങിയിട്ടില്ലെന്നുമായിരുന്നു പി സി ജോര്‍ജ് വ്യക്തമായിയത്. ബൂത്ത് കമ്മിറ്റികള്‍ക്ക് നല്കാന് നിശ്ചയിച്ച തുക പോലും നല്‍കിയില്ലെന്നും ബിജെപി മധ്യമേഖല ജനറല്‍ സെക്രട്ടറി സജി കുരിക്കാട് ആണ് തട്ടിപ്പിന് നേതൃത്വം നല്‍കിയതെന്നും പി. സി ജോര്‍ജ് പറഞ്ഞു. പരമാവധി നാല്‍പ്പത് ലക്ഷം രൂപ മാത്രമെ ചെലവഴിക്കാവൂ എന്ന് ചട്ടമുള്ളപ്പോള്‍ എ ക്ലാസ് മണ്ഡലങ്ങളില്‍ നാലരക്കോടി രൂപ വീതം ചെലവഴിച്ചെന്നും ജോര്‍ജ് വെളിപ്പെടുത്തി. എന്നാല്‍ പിന്നീട് പ്രസ്താവനയില്‍ മലക്കം മറിഞ്ഞ പി സി ജോര്‍ജ് തന്നെ തെറ്റിദ്ധരിപ്പിച്ചതാണെന്നും അങ്ങനെ ഒരു സംഭവമുണ്ടായില്ലെന്നും പ്രതികരിച്ചു.
Content Highlights: Muslim League leader Adv Shibu Meeran has responded to P C George's allegation that the BJP spent Rs 4.5 crore in the Poonjar constituency during the Assembly election, with claims of a major financial irregularity.