തൃശൂര്‍: സ്വാതന്ത്ര്യദിനാഘോഷത്തില്‍ പങ്കെടുക്കാത്ത വിദ്യാര്‍ത്ഥികള്‍ പാകിസ്ഥാനിലേക്ക് പോകണമെന്ന വിവാദ പരാമര്‍ശവുമായി സ്കൂള്‍ ഉടമ. തൃശൂര്‍ മാളയിലെ ഇന്റര്‍നാഷണല്‍ ആന്‍ഡ് സൈനിക സ്കൂള്‍ ഉടമ ഡോ. രാജു ഡേവിസാണ് വിവാദ സന്ദേശം രക്ഷിതാക്കളുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ പങ്കുവെച്ചത്. സ്കൂളിലെ ആഘോഷ ചടങ്ങില്‍ പങ്കെടുക്കാത്തവരെ ക്ലാസില്‍ കയറ്റില്ലെന്നും അവധി ദിനം സ്കൂളിലെത്താത്തവര്‍ വിശദീകരണം നല്‍കണമെന്നും സ്കൂള്‍ ഉടമയായ ഡോ. രാജു ഡേവിസ് അയച്ച സന്ദേശത്തില്‍ പറയുന്നു.
സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി കുട്ടികളെ എത്തിക്കാന്‍ പല ഭാഗത്തേക്കും സ്കൂള്‍ ബസ് ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ പകുതി രക്ഷിതാക്കളും കുട്ടികളെ സ്കൂളിലേക്ക് അയച്ചിരുന്നില്ല. ഇതിനെതുടര്‍ന്നാണ് സ്കൂള്‍ ഉടമ വിവാദ സന്ദേശം വാട്സ്ആപ്പ് ഗ്രൂപ്പില്‍ പങ്കുവെച്ചത്. വിവാദ പരാമര്‍ശനത്തിന് പുറമെ ചില കാര്യങ്ങള്‍ കൂടി സന്ദേശത്തില്‍ പറയുന്നുണ്ട്. എല്ലാത്തിനും സ്വാതന്ത്ര്യം വേണം, എന്നാല്‍ സ്വാതന്ത്ര്യദിനത്തിന്റെ സമയത്ത് കുട്ടികളെ വീട്ടില്‍ ഇരുത്തുകയാണ് ചെയ്യുന്നത്. അതുകൊണ്ടാണ് കുട്ടികള്‍ ധിക്കാരികളായി മാറുന്നത്. പരിപാടിയ്ക്ക് ആരും വരുന്നില്ലെന്ന് നേരത്തെ അറിഞ്ഞിരുന്നുവെങ്കില്‍ ഒരു ലക്ഷം രൂപ തന്റെ പോക്കറ്റില്‍ തന്നെ ഇരിക്കുമായിരുന്നുവെന്നും സ്കൂള്‍ ഉടമ അയച്ച സന്ദേശത്തിലുണ്ട്.
പണം നഷ്ടമായതിന്റെയും കുട്ടികള്‍ കുറഞ്ഞു പോയതിന്റെയും ദേഷ്യത്തിലായിരുന്നു സ്കൂള്‍ ഉടമയുടെ ശബ്ദ സന്ദേശം. തുടര്‍ന്ന് വിവാദ സന്ദേശത്തില്‍ പ്രതിഷേധവുമായി രക്ഷിതാക്കളും രംഗത്തെത്തി. വിഷയത്തിൽ പ്രതിഷേധിച്ചുകൊണ്ട് സ്കൂളിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുമെന്ന് എസ്എഫ്ഐ അറിയിച്ചിട്ടുണ്ട്.
Content Highlights: School Owners Pakistan Remark on Independence Day Absentees Triggers Controversy