

കോഴിക്കോട്: 'കുട്ടി സഖാവ്' എന്ന ഇന്‍സ്റ്റഗ്രാം പേജ് പൂട്ടിയതിന് പിന്നാലെ പുതിയ വീഡിയോയിലൂടെ മെറ്റക്ക് മറുപടിയുമായി വൈറല്‍ താരം മുഹമ്മദ് സിയാനും മറ്റ് കുട്ടികളും. തങ്ങളുടെ പേജ് പൂട്ടിച്ചു എന്ന് പറഞ്ഞുകൊണ്ടാണ് വീഡിയോ തുടങ്ങുന്നത്. മുഹമ്മദ് സിയാന് തന്നെയാണ് ഇന്‍ട്രോ ചെയ്തിരിക്കുന്നത്. തുടര്‍ന്ന് മറ്റ് കുട്ടികളും പ്രതികരിക്കുന്നതാണ് വീഡിയോ. മുന്‍പ് വീഡിയോ ചെയ്ത അതേ സ്ഥലത്തുവെച്ചാണ് പുതിയ വീഡിയോയും ഷൂട്ട് ചെയ്തിരിക്കുന്നത്.
മുഹമ്മദ് സിയാൻ്റെ ഇൻട്രോയ്ക്ക് പിന്നാലെ കുട്ടികളുടെ പ്രതികരണമാണ്. തങ്ങള്‍ ഇന്നലെ പങ്കുവെച്ച വീഡിയോ ഇരുപത് ലക്ഷത്തോളം പേർ കണ്ടതായി ഒരു കുട്ടി പറയുന്നു. തങ്ങളുടെ പിണറായി സഖാവ് വരെ ആ വീഡിയോയ്ക്ക് കമന്റിട്ടു എന്നായിരുന്നു മറ്റൊരു കുട്ടി പറഞ്ഞത്. അക്കൗണ്ട് എങ്ങനെ വീണ്ടെടുക്കണം എന്നതിനെ കുറിച്ച് തങ്ങള്‍ക്ക് അറിയില്ലെന്ന് കൂട്ടത്തിലെ പെണ്‍കുട്ടി പറഞ്ഞു. അക്കൗണ്ട് പൂട്ടിച്ചതില്‍ നിനക്ക് വിഷമമുണ്ടോ എന്ന് മറ്റൊരു കുട്ടി മുഹമ്മദ് സിയാനോട് ചോദിക്കുമ്പോള്‍ അതിന് 'മാസ്സ്' മറുപടിയാണ് കുട്ടി നല്‍കുന്നത്. 'എന്തിനാണ് ടെന്‍ഷന്‍ ആകുന്നത്, നിങ്ങള്‍ക്ക് ഇന്‍സ്റ്റഗ്രാമിലെ വീഡിയോ അല്ലേ മാറ്റാന്‍ കഴിയൂ, ചൊങ്കൊടി നെഞ്ചിലുണ്ട്. അത് ആര്‍ക്കും മാറ്റാന്‍ കഴിയില്ലല്ലോ' എന്നാണ് സിയാന് ചോദിക്കുന്നത്.
'കുട്ടി സഖാവ്' എന്ന പേരിലുള്ള മുഹമ്മദ് സിയാന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ച വീഡിയോ വൈറലായിരുന്നു. പ്രതിപക്ഷ നേതാവ് പിണറായി വിജയന്, മുന്‍ മന്ത്രിയും എംഎൽഎയുമായ പി എ മുഹമ്മദ് റിയാസ് തുടങ്ങി നിരവധി പേര് വീഡിയോയ്ക്ക് താഴെ കമന്റിട്ടിരുന്നു. 'ലാല്‍സലാം' എന്നായിരുന്നു പിണറായി വിജയന്റെ കമന്റ്. 24 മണിക്കൂറിനകം രണ്ട് മില്യണ്‍ വ്യൂസ് വീഡിയോക്ക് ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഈ വീഡിയോ മെറ്റ ഇന്‍സ്റ്റഗ്രാമില്‍ നിന്നും നീക്കിയത്. ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു.
ഇന്‍സ്റ്റ അക്കൗണ്ട് പൂട്ടിച്ചതില്‍ സങ്കടമില്ലെന്ന് സിയാന് റിപ്പോര്‍ട്ടറിനോട് പ്രതികരിച്ചിരുന്നു. മനസിലാണ് ചെങ്കൊടിയെന്നും ഇനിയും വീഡിയോ ഇറക്കുമെന്നും സിയാന് പറഞ്ഞിരുന്നു. നല്ല റീച്ച് കിട്ടിയ പേജാണ് മെറ്റ നീക്കിയതെന്ന് സിയാന്റെ പിതാവും പ്രതികരിച്ചിരുന്നു. പിണറായി വിജയന് അടക്കം വീഡിയോക്ക് കമന്റിട്ടെന്നും വിഷയം സൂചിപ്പിച്ച് മെറ്റയ്ക്ക് മെയില്‍ അയച്ചിട്ടുണ്ടെന്നും സിയാന്റെ പിതാവ് വ്യക്തമാക്കിയിരുന്നു.
Content Highlights- A new video featuring Kerala’s ‘Kutti Sakhaakkal’ has emerged as a response to Meta following an issue involving their Instagram video