തിരുവനന്തപുരം: ബിജെപി ഫണ്ട് വിനിയോഗത്തില്‍ ഗുരുതര വെളിപ്പെടുത്തലുമായി ബിജെപി നേതാവ് പി സി ജോര്‍ജ്ജ്. പൂഞ്ഞാര്‍ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫണ്ടില്‍ വലിയ തട്ടിപ്പ് നടന്നെന്നാണ് പി സി ജോര്‍ജിന്റെ വെളിപ്പെടുത്തല്‍. പ്രചരണത്തിനായി നാല് കോടി 45 ലക്ഷം രൂപ ചെലവായെന്ന കണക്കാണ് തനിക്ക് തന്നതെന്നും എന്നാല്‍ ലിസ്റ്റില്‍ പേരുള്ള പലരേയും വിളിച്ചു ചോദിച്ചപ്പോള്‍ അവര്‍ പണം വാങ്ങിയിട്ടില്ലെന്ന് വ്യക്തമായെന്നും പി സി ജോര്‍ജ്ജ് വെളിപ്പെടുത്തി. പി സി ജോര്‍ജിന്റെ വെളിപ്പെടുത്തല്‍ റിപ്പോര്‍ട്ടറിന് ലഭിച്ചു. ബിജെപി യോഗത്തിനിടെ പി സി ജോര്‍ജ് നടത്തിയ നിര്‍ണായക തുറന്നുപറച്ചിലാണ് റിപ്പോര്‍ട്ടര്‍ പുറത്തുവിട്ടത്.
ബൂത്ത് കമ്മിറ്റികള്‍ക്ക് നല്കാന് നിശ്ചയിച്ച തുക പോലും നല്‍കിയില്ലെന്നും ബിജെപി മധ്യമേഖല ജനറല്‍ സെക്രട്ടറി സജി കുരിക്കാട് ആണ് തട്ടിപ്പിന് നേതൃത്വം നല്‍കിയതെന്നും പി സി ജോര്‍ജ് പറഞ്ഞു. പരമാവധി നാല്‍പ്പത് ലക്ഷം രൂപ മാത്രമേ ചെലവഴിക്കാവൂ എന്ന് ചട്ടമുള്ളപ്പോള്‍ എ ക്ലാസ് മണ്ഡലങ്ങളില്‍ നാലരക്കോടി രൂപ വീതം ചെലവഴിച്ചെന്നും ജോര്‍ജ് വെളിപ്പെടുത്തി.
'ബൂത്ത് കമ്മിറ്റികള്‍ക്ക് നല്കാന് നിശ്ചയിച്ച 31000 രൂപ പോലും കൊടുത്തില്ല. അത്ര വൃത്തികെട്ടവന്മാരാണ് പാര്‍ട്ടിയിലുളളത്. പലരും കാറ് വാങ്ങുന്നു. ബിജെപിയുടെ കാശ് കൊണ്ട് കാര്‍ എടുത്താല്‍ ഇടിച്ച് നശിക്കും. മോഷ്ടിച്ചവനെയൊന്നും ദൈവം വെറുതെ വിടുകേല. ഞാനാണ് പ്രാകുന്നത്', പി സി ജോര്‍ജ് പറഞ്ഞു.
Content highlights: BJP leader P C George has made a significant revelation concerning the utilisation of BJP funds