കൊച്ചി: മുഖ്യമന്ത്രി വി ഡി സതീശനെ പുകഴ്ത്തി നടന് ജഗദീഷ്. ഈ സര്‍ക്കാരുമായി ബന്ധപ്പെട്ട ഒരു സ്ഥാനവും വേണ്ടെന്ന് ആദ്യമേ പ്രഖ്യാപിച്ചതിനാല്‍ തനിക്ക് എന്തും സംസാരിക്കാമെന്ന് ജഗദീഷ് പറഞ്ഞു. മുഖ്യമന്ത്രിയെ കുറിച്ച് പലരും പലതും പറയുമെന്നും എന്നാല്‍ വെരി ഡൗണ്‍ ടു എര്‍ത്ത് എന്നേ താന്‍ പറയുള്ളൂവെന്നും ജഗദീഷ് പറഞ്ഞു. തൃപ്പൂണിത്തുറയിലെ അത്തച്ചമയ ഘോഷയാത്രയുടെ ഉദ്ഘാടനത്തിലായിരുന്നു മുഖ്യമന്ത്രിയെ വേദിയിലിരുത്തിയുള്ള നടന്റെ പുകഴ്ത്തല്‍.
'മുഖ്യമന്ത്രിയെ കുറിച്ച് പലരും പലതും പറയും. വെരി ഡാഷിങ്ങ് സതീശന്, വെരി ഡേറിംഗ് സതീശന്, വെരി ഡിപ്ലോമാറ്റിക് സതീശന്, വെരി ഡൊമിനേറ്റിംഗ് സതീശന് എന്നൊക്കെ പറയും. പക്ഷേ വെരി ഡൗണ്‍ ടു എര്‍ത്ത് സതീശന് എന്നേ ഞാന്‍ പറയുള്ളു. അതാണ് നമ്മുടെ മുഖ്യമന്ത്രി. മറ്റുള്ളവന്റെ ബുദ്ധിമുട്ടുകള്‍ മനസിലാക്കുന്നൊരാളാണ് അദ്ദേഹം', ജഗദീഷ് പറഞ്ഞു.
മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനങ്ങള്‍ കാണാന്‍ ബുധനാഴ്ചകളില്‍ കാത്തിരിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിനോദവും വിജ്ഞാനവും അതില്‍ ഉണ്ട്. ഉപരിപ്ലവമായി ഒന്നും പറയില്ല. അതില്‍ ഫാക്ടുകളുണ്ടെന്നും കണ്ടുപഠിക്കണമെന്നും ജഗദീഷ് വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനങ്ങള്‍ അച്ചടിച്ച് പ്രസിദ്ധീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. കലാകാരന് എന്ന നിലയില്‍ തനിക്ക് രാഷ്ട്രീയമില്ലെന്നും തെറ്റുകള്‍ കണ്ടാല്‍ ചൂണ്ടിക്കാണിക്കുമെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെ കാണിച്ചാലും മുഖ്യമന്ത്രി തിരുത്തുമെന്നും തനിക്ക് അറിയാമെന്ന് ജഗദീഷ് പറഞ്ഞു.
അതേസമയം തൃപ്പൂണിത്തുറ സര്‍ക്കാര്‍ ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മൈതാനത്ത് നടക്കുന്ന അത്താഘോഷ പരിപാടികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു. മന്ത്രി അനൂപ് ജേക്കബ് പതാക ഉയര്‍ത്തി. ജഗദീഷ് ഘോഷയാത്ര ഫ്ളാഗ് ഓഫ് ചെയ്തു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി രണ്ടായിരത്തോളം കലാകാരന്മാരാണ് ഘോഷയാത്രയില്‍ അണിനിരക്കുന്നത്. പുലിക്കളി, തെയ്യം, വേലകളി, ചെണ്ടമേളം തുടങ്ങിയ തനത് നാടന്‍ കലാരൂപങ്ങളുടെ അകമ്പടിയോടെയാണ് ഘോഷയാത്ര തൃപ്പൂണിത്തുറ നഗരത്തെ ആഘോഷത്തിലാഴ്ത്തുന്നത്. ഞായറാഴ്ച അവധി ദിവസമായതിനാല്‍ വന്‍ ജനത്തിരക്കാണ് പ്രദേശത്ത് ഉള്ളത്. അതിനാല്‍ തന്നെ നഗരത്തില്‍ വിപുലമായ സുരക്ഷാ സംവിധാനങ്ങളും ഗതാഗത ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Content Highlights: Actor Jagadish praised Chief Minister V D Satheesan and said he could speak openly because he had already declared that he did not want any position associated with the government.