തിരുവനന്തപുരം: റിപ്പോര്‍ട്ടറിന്റെ പോരാട്ടത്തില്‍ മുട്ടുമടക്കി മെറ്റ. സെന്‍ഷര്‍ഷിപ്പ് ചെയ്ത റിപ്പോര്‍ട്ടറിന്റെ കാര്‍ഡുകള്‍ പുനഃസ്ഥാപിച്ചു. റിപ്പോര്‍ട്ടറിന്റെ അപ്പീലിലാണ് മെറ്റയുടെ ഇടപെടല്‍. അകാരണമായ മീഡിയ സെന്‍സര്‍ഷിപ്പിനെതിരെ മെറ്റ ഗ്രീവന്‍സ് സെല്ലിന് റിപ്പോര്‍ട്ടര്‍ വിശദമായ പരാതി നല്‍കിയിരുന്നു.
മുഖ്യമന്ത്രി വിഡി സതീശന്റെ പേര് പരാമര്‍ശിക്കുന്നതും വിമര്‍ശിക്കുന്നതുമായ വാര്‍ത്തകളായിരുന്നു സോഷ്യല്‍ മീഡിയയില്‍ നിന്നും തുടര്‍ച്ചയായി മെറ്റ നീക്കിയത്. റിപ്പോര്‍ട്ടറിന്റേത് മാത്രമായി മുപ്പതോളം വാര്‍ത്താകാര്‍ഡുകള്‍ മെറ്റ നീക്കിയിരുന്നു. ഈ കാര്‍ഡുകളിൽ പകുതിയോളമാണ് പുനഃസ്ഥാപിച്ചത്. മാധ്യമ അടിയാന്തരാവസ്ഥയെന്നായിരുന്നു മെറ്റയുടെ നീക്കത്തെ പ്രതിപക്ഷം ഉള്‍പ്പെടെ വിമര്‍ശിച്ചത്.
മുഖ്യമന്ത്രിക്കെതിരായ വിമര്‍ശനങ്ങളെ ബോധപൂര്‍വ്വം സോഷ്യല്‍മീഡിയയില്‍ നിന്നും നീക്കുകയായിരുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് ആരോപിച്ചു. വാര്‍ത്താ കാര്‍ഡുകള്‍ പുനഃസ്ഥാപിച്ചതിന് പിന്നാലെ റിപ്പോര്‍ട്ടറിനോട് പ്രതികരിക്കുകയായിരുന്നു എം വി ഗോവിന്ദന്. കാര്‍ഡുകള്‍ പുനഃസ്ഥാപിച്ചുവെന്ന് പറയുന്നത് ഇതേ കാര്‍ഡുകള്‍ ഒഴിവാക്കാന്‍ ശ്രമിച്ചുവെന്നതിന്റെ തെളിവാണെന്നും സര്‍ക്കാര്‍ തലത്തിലുള്ള നിര്‍ദേശം ഇല്ലാതെ മെറ്റ ഇത്തരത്തില്‍ ഇടപെടില്ലെന്നും എം വി ഗോവിന്ദന് പറഞ്ഞു.
അതിനിടെ പോസ്റ്റുകള്‍ നീക്കിയതില്‍ കേരള പൊലീസ് മെറ്റയോട് വിവരം തേടി. മുഖ്യമന്ത്രിക്ക് എതിരെ വിമര്‍ശനം ഉയര്‍ന്ന വാര്‍ത്താ കാര്‍ഡുകള്‍ സമൂഹമാധ്യമത്തില്‍ നിന്നും നീക്കം ചെയ്ത മെറ്റയുടെ നടപടിയിലാണ് സൈബര്‍ പൊലീസ് വിവരം തേടിയത്. പോസ്റ്റുകള്‍ നീക്കം ചെയ്ത സാഹചര്യം അറിയുന്നതിനാണ് നടപടി.
ഫേസ്ബുക്ക് പോസ്റ്റുകള്‍ മെറ്റ നീക്കിയതില്‍ തനിക്ക് പങ്കില്ലെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. രാഷ്ട്രീയ വിമര്‍ശന സ്വഭാവമുള്ള പോസ്റ്റുകള്‍ നീക്കം ചെയ്യാന്‍ ആവശ്യപ്പെടാറില്ലെന്ന് പൊലീസും വ്യക്തമാക്കി. തന്റെ ഓഫീസിന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജായ 'CMO Kerala' ലഭ്യമാക്കിത്തരണം എന്നകാര്യം മാത്രമാണ് ഇതുവരെ മെറ്റയോട് ആവശ്യപ്പെട്ടത്. റിക്വസ്റ്റ് നല്‍കിയിട്ട് രണ്ടു മാസമായെന്നും എന്നാല്‍ മെറ്റ ഇതുവരെ അത് ശരിയാക്കി നല്‍കിയിട്ടില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു. താന്‍ പറഞ്ഞിട്ടാണ് മെറ്റ ഇതെല്ലാം റിമൂവ് ചെയ്യുന്നത് എന്നുപറഞ്ഞാല്‍ വിശ്വസിക്കാനാകുമോ എന്നും അദ്ദേഹം ചോദിച്ചിരുന്നു.
Content Highlights: Meta has restored news cards Of Reporter that were previously removed from social media platforms