വി ഡി സതീശനെ വിമര്‍ശിച്ചുള്ള പോസ്റ്റ് നീക്കിയ നടപടി; മെറ്റയോട് വിവരം തേടി കേരള പൊലീസ്

മാധ്യമങ്ങളുടെ ഓണ്‍ലൈന്‍ പേജുകളില്‍ നിന്നാണ് വാര്‍ത്തകള്‍ മെറ്റ നീക്കിയത്

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശന്റെ പേര് പരാമര്‍ശിക്കുന്നതും വിമര്‍ശിക്കുന്നതുമായ വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ നിന്നും നീക്കം ചെയ്തതില്‍ മെറ്റയോട് വിവരം തേടി കേരള പൊലീസ്. മെറ്റയ്ക്ക് സൈബര്‍ പൊലീസ് കത്തയച്ചു. മുഖ്യമന്ത്രി വി ഡി സതീശന്റെ പേര് പരാമര്‍ശിക്കുന്ന പ്രതിപക്ഷ നേതാവിന്റേത് അടക്കമുള്ള പോസ്റ്റുകള്‍ നീക്കം ചെയ്ത സാഹചര്യം അറിയുന്നതിനാണ് നടപടി.

മാധ്യമങ്ങളുടെ ഓണ്‍ലൈന്‍ പേജുകളില്‍ നിന്നാണ് വാര്‍ത്തകള്‍ മെറ്റ നീക്കിയത്. റിപ്പോര്‍ട്ടറിന്റേത് മാത്രമായി ഇരുപതോളം വാര്‍ത്താകാര്‍ഡുകള്‍ മെറ്റ നീക്കിയിരുന്നു. അതേസമയം മാധ്യമ വാര്‍ത്തകളുടെ സെന്‍സര്‍ഷിപ്പിനായി മെറ്റയില്‍ ഇടപെട്ടില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം.

വാര്‍ത്തകള്‍ നീക്കാന്‍ മെറ്റയെ സമീപിച്ചിട്ടില്ലെന്നും മാധ്യമസ്ഥാപനങ്ങള്‍ക്ക് പരാതിയുണ്ടെങ്കില്‍ സര്‍ക്കാര്‍ കൂടെ നില്‍ക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. അതേസമയം സംസ്ഥാനത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം. മാധ്യമ വിമര്‍ശനങ്ങളെ മെറ്റയെ ഉപയോഗിച്ച് തടയിടാനുള്ള സര്‍ക്കാര്‍ നീക്കങ്ങളെ രൂക്ഷമായാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ വിമര്‍ശിച്ചത്. നരേന്ദ്ര മോദിയുടെ അതേ പാത പിന്തുടരുകയാണ് വി ഡി സതീശന്‍ സര്‍ക്കാരെന്ന് പിണറായി വിജയന്‍ പറഞ്ഞു.

വിമര്‍ശനങ്ങളോട് അസഹിഷ്ണുത കാട്ടുന്ന മുഖ്യമന്ത്രി രാഷ്ട്രീയ ഭീരുവാണെന്ന് പിഎ മുഹമ്മദ് റിയാസ് പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്ന് മുന്‍ മന്ത്രി പി രാജീവും ബിജെപി ഇതര സര്‍ക്കാരിന് മെറ്റ വഴി വാര്‍ത്ത നീക്കാന്‍ എങ്ങനെ സാധിക്കുന്നുവെന്ന് എ എ റഹീം എംപി ചോദിച്ചു. മെറ്റക്ക് പരാതി കൊടുക്കുന്നത് ആരെന്ന് വ്യക്തമാക്കണമെന്ന് വി ശിവദാസന്‍ എംപിയും ആവശ്യപ്പെട്ടിരുന്നു.

Content Highlights: Kerala Police have sought information from Meta regarding the removal of social media news posts that mentioned and criticised Chief Minister V D Satheesan

To advertise here,contact us