'കാലവർഷക്കെടുതി മുഖ്യമന്ത്രിയും റവന്യൂ മന്ത്രിയും ഒറ്റക്കെട്ടായി നിന്ന് വിജയകരമായി തരണം ചെയ്തു'; പുകഴ്ത്തി KC

നമ്മള്‍ ഒത്തുപിടിച്ചാല്‍ അടുത്ത 25 വര്‍ഷം കേരളം ഭരിക്കാന്‍ പോകുന്നത് യുഡിഎഫ് ആയിരിക്കുമെന്നും കെ സി വേണുഗോപാല്‍

മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. കാലവര്‍ഷം പരീക്ഷണ കാലമായിരുന്നുവെന്നും എന്നാല്‍ മുഖ്യമന്ത്രിയും റവന്യൂ മന്ത്രിയും സര്‍ക്കാരും ഒറ്റക്കെട്ടായി നിന്ന് അതിനെ വിജയകരമായി തരണം ചെയ്തുവെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. കഷ്ടപ്പെടുന്ന ജനതയ്ക്ക് വേണ്ടി ഒന്നിച്ചുനിൽക്കുന്ന കാഴ്ച്ച കേരളം കണ്ടുവെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. മലപ്പുറം ഡിസിസിയുടെ സ്വീകരണ പരിപാടിയിലാണ് കെ സി വേണുഗോപാലിന്റെ പുകഴ്ത്തല്‍.

സര്‍ക്കാര്‍ അധികാരത്തിലേറിയിട്ട് മൂന്ന് മാസമാവുകയാണ്. ജനങ്ങള്‍ പ്രതീക്ഷിച്ചതുപോലെയുള്ള ഒരു ഭരണം കാഴ്ച്ചവെയ്ക്കാന്‍ യുഡിഎഫ് പരമാവധി പരിശ്രമിക്കുകയാണ്. വികസനത്തിന്റെയും കരുതലിന്റെയും ഒരു പുതിയ കാലഘട്ടത്തിലേക്ക് കേരളത്തെ നയിക്കാന്‍ പുതിയ സര്‍ക്കാരിന് സാധിക്കുന്നു എന്നത് സന്തോഷകരമായ കാര്യമാണെന്നും കെ സി വേണുഗോപാൽ പറഞ്ഞു. മാറ്റം ദര്‍ശിച്ചുകൊണ്ടേയിരിക്കുകയാണ്. എല്ലാ മേഖലകളിലും പാവങ്ങള്‍ക്ക് കരുണ നല്‍കാനും അവശത അനുഭവിക്കുന്നവരെ സഹായിക്കാനും സര്‍ക്കാരിന് കഴിയുന്നുണ്ട്. ജനങ്ങളുടെ പ്രതീക്ഷകള്‍ക്ക് അനുസരിച്ച് മുന്നോട്ടുപോകാന്‍ യുഡിഎഫ് പരമാവധി ശ്രമിക്കുന്നുണ്ട്. അടുത്ത 25 വര്‍ഷത്തേക്ക് സിപിഐഎം തിരിച്ചുവരാത്ത രീതിയില്‍ യുഡിഎഫ് ഭരിക്കണം. സിപിഐഎം ഇനി രക്ഷപ്പെടുമെന്ന് തോന്നുന്നില്ല. നമ്മള്‍ ഒത്തുപിടിച്ചാല്‍ അടുത്ത 25 വര്‍ഷം കേരളം ഭരിക്കാന്‍ പോകുന്നത് യുഡിഎഫ് ആയിരിക്കുമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

സംസ്ഥാനത്ത് മഴക്കെടുതിയില്‍ 28ഓളം പേര്‍ക്കായിരുന്നു ജീവന്‍ നഷ്ടമായത്. മൂന്ന് പേരെ കാണാതാവുകയും ചെയ്തിരുന്നു. മഴക്കെടുതിയില്‍ വിവിധയിടങ്ങളില്‍ വീടുകള്‍ പൂർണമായും ഭാഗീകമായും തകരുകയും ചെയ്തിരുന്നു. ആറന്മുളയിലുണ്ടായ മിന്നല്‍ പ്രളയം ജനജീവിതം ദുഷ്‌ക്കരമാക്കി. കുട്ടനാട്ടിലേയും സ്ഥിതി സമാനമായിരുന്നു. വീടുകളില്‍ വെള്ളം കയറിയതോടെ നിരവധി കുടുംബങ്ങള്‍ക്ക് ആഴ്ചകളോളം ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയേണ്ടിവന്നു. എറണാകുളം, ഇടുക്കി, കോട്ടയം, കൊല്ലം, കോഴിക്കോട് അടക്കമുള്ള ജില്ലകളില്‍ നിന്നുള്ളവര്‍ക്കും ദിവസങ്ങളോളും ദുരിതാശ്വാസ ക്യാമ്പുകളില്‍ താമസിക്കേണ്ടിവന്നു. മഴ കനക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ കൃത്യമായ മുന്നറിയിപ്പ് നല്‍കിയിരുന്നില്ല എന്നതായിരുന്നു പ്രതിപക്ഷം പ്രധാനമായും ഉയര്‍ത്തിയ വിമര്‍ശനം. ഇത് ദുരന്തത്തിന്റെ ആഘാതം വര്‍ധിപ്പിച്ചതായും പ്രതിപക്ഷം ആരോപിച്ചിരുന്നു.

Content Highlights- Congress leader KC Venugopal praised Kerala Chief Minister and Revenue Minister, saying they worked together and successfully overcame the challenges posed by the monsoon disaster

To advertise here,contact us