വി ഡി സതീശന്‍ ജമാ അത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങി: വന്ദേമാതരം ആലപിക്കാത്തതില്‍ ഷോണ്‍ ജോര്‍ജ്‌

പൊതുവിദ്യാഭ്യാസ വകുപ്പ് വന്ദേമാതരം പാടേണ്ടതില്ല എന്ന് ഉത്തരവിറക്കിയിട്ടുണ്ടെങ്കില്‍ നടപടി ഉണ്ടാകുമെന്നും ഷോണ്‍ ജോര്‍ജ്

കോട്ടയം:സംസ്ഥാനത്ത് സ്വാതന്ത്ര്യ ദിനാഘോഷത്തിന് വന്ദേമാതരം ആലപിക്കാത്ത വിഷയത്തില്‍ മുഖ്യമന്ത്രി വി ഡി സതീശനെ വിമർശിച്ച് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോണ്‍ ജോര്‍ജ്. വി ഡി സതീശന്‍ ജമാഅത്തെ ഇസ്ലാമിയുടെ തിട്ടുരത്തിന് കീഴടങ്ങിയെന്ന് ഷോണ്‍ ജോർജ് ആരോപിച്ചു. കഴിഞ്ഞ കുറച്ചുകാലമായി ജമാഅത്തെ ഇസ്ലാമിയും ഇന്ത്യ വിരുദ്ധ സഖ്യങ്ങളുമായും അവിശുദ്ധ കൂട്ടുകെട്ടാണ് മുഖ്യമന്ത്രിക്കെന്നും ഷോണ്‍ ആരോപിച്ചു. വന്ദേമാതരം പാടുമോ എന്ന ചോദ്യത്തിന് ഓഗസ്റ്റ് 15ന് കാര്യങ്ങള്‍ അറിയാമെന്ന് മുഖ്യമന്ത്രി പറഞ്ഞപ്പോള്‍ പാണക്കാട് പോയി അനുമതി വാങ്ങിയെങ്കിലും വന്ദേമാതരം പാടുമെന്നാണ് കരുതിയതെന്നും ഷോണ്‍ പറഞ്ഞു.

അതേസമയം പൊതുവിദ്യാഭ്യാസ വകുപ്പ് വന്ദേമാതരം പാടേണ്ടതില്ല എന്ന് ഉത്തരവിറക്കിയിട്ടുണ്ടെങ്കില്‍ നടപടി ഉണ്ടാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അങ്ങനെയൊരു ഉത്തരവ് ഒരു ഉദ്യോഗസ്ഥന്‍ ഇറക്കിയിട്ടുണ്ടെങ്കില്‍ ഉദ്യോഗസ്ഥന് പണി കാണില്ലെന്നും ഷോണ്‍ ജോര്‍ജ് ഭീഷണിപ്പെടുത്തി. രാജ്യത്ത് വന്ദേമാതരത്തെ അപമാനിക്കുന്ന നിലപാട് ആര് സ്വീകരിച്ചാലും ബിജെപി എതിര്‍ക്കും. പൊതുവിദ്യാഭ്യാസ വകുപ്പ് ഭരിക്കുന്നത് മുസ്ലീം ലീഗാണ്. മുസ്ലിം ലീഗിന്റെ അജണ്ട മുഖ്യമന്ത്രി നടപ്പാക്കുന്നു. ജമാത്തി ഇസ്ലാമി വഴി മുസ്ലീം ലീഗ് നടത്തുന്ന തീട്ടൂരമാണിത്. ജമാഅത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് മുഖ്യമന്ത്രി കീഴടങ്ങിയിരിക്കുന്നു എന്നും ഷോണ്‍ ജോര്‍ജ് ആരോപിച്ചു.

സ്വാതന്ത്ര്യദിനാഘോഷ പരിപാടിയില്‍ നിന്നും സംസ്ഥാന സര്‍ക്കാര്‍ വന്ദേമാതരം ഒഴിവാക്കിയതിന് പിന്നാലെയായിരുന്നു ഷോണ്‍ ജോര്‍ജിന്റെ പ്രതികരണം. ദേശീയഗാനം മാത്രമാണ് മുഖ്യമന്ത്രിയുടെ പരിപാടിയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. മുഖ്യമന്ത്രി ദേശീയ പതാക ഉയര്‍ത്തി സല്യൂട്ട് സ്വീകരിച്ച ശേഷം ദേശീയ ഗാനം ആലപിച്ചു.

വന്ദേമാതരം ആലപിച്ചില്ലെങ്കില്‍ നിയമ നടപടി ഉണ്ടാകുമെന്ന് കോണ്‍ഗ്രസില്‍ ആശങ്ക ഉണ്ടായിരുന്നു. വന്ദേമാതരം പൂര്‍ണമായി ആലപിക്കാനാണ് ചീഫ് സെക്രട്ടറി തദ്ദേശ സെക്രട്ടറിക്ക് നല്‍കിയ നിര്‍ദ്ദേശം. ചീഫ് സെക്രട്ടറിയുടെ ഉത്തരവ് ഇതുവരെ പിന്‍വലിച്ചിരുന്നില്ല. കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന്റെ സര്‍ക്കുലര്‍ അടിസ്ഥാനമാക്കിയായിരുന്നു ചീഫ് സെക്രട്ടറിയുടെ ഉത്തരവ്. എന്നാല്‍ വന്ദേമാതരം പൂര്‍ണമായി ആലപിക്കേണ്ടെന്ന നിലപാടിലായിരുന്നു മന്ത്രിമാര്‍. ദേശഭക്തിഗാനമായി ഉയര്‍ത്തപ്പെട്ട വന്ദേമാതരം പൂര്‍ണ്ണമായും ആലപിച്ചില്ലെങ്കില്‍ നിയമപ്രശ്നങ്ങള്‍ ഉണ്ടാകുമെന്ന ആശങ്കയും സര്‍ക്കാരിന് മുന്നിലുണ്ടായിരുന്നു.

വന്ദേമാതരം വിഷയത്തില്‍ സര്‍ക്കാരിന് വ്യക്തമായ നിലപാടുണ്ടെന്നും ഓഗസ്റ്റ് 15ന് അത് വ്യക്തമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. പാസാക്കിയ നിയമത്തില്‍ വന്ദേമാതരം മുഴുവന്‍ പാടണമെന്നാണ്. അധിക്ഷേപിക്കുകയോ പാടാതിരിക്കുകയോ ചെയ്താല്‍ മൂന്നുവര്‍ഷം തടവ് എന്നാണ് നിയമത്തില്‍ പറയുന്നത്. എന്നാല്‍, കോണ്‍ഗ്രസ് നയിക്കുന്ന സര്‍ക്കാരിന് അക്കാര്യത്തില്‍ വ്യക്തമായ നിലപാടുണ്ട്. അതിനനുസരിച്ചേ കാര്യങ്ങള്‍ ചെയ്യൂവെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

Content Highlights: Shone George has alleged that Kerala Chief Minister V. D. Satheesan has an unholy alliance with Jamaat e Islami and anti India alliances

To advertise here,contact us