ബിജെപി തെരഞ്ഞെടുപ്പ് ഫണ്ട് വെട്ടിപ്പ്: കാറുകൾ വാടകയ്ക്ക് എടുത്തതുമായി ബന്ധപ്പെട്ടും തട്ടിപ്പ്

ഒരേ ജിഎസ്ടി നമ്പറിൽ രണ്ട് ട്രാവൽ കമ്പനികൾക്ക് പണം നൽകി

തിരുവനന്തപുരം: ബിജെപി തെരഞ്ഞെടുപ്പ് ഫണ്ട് വെട്ടിപ്പിൻ്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. കാറുകൾ വാടകയ്ക്ക് എടുത്തതുമായി ബന്ധപ്പെട്ട് നടത്തിയ കൂടുതൽ തട്ടിപ്പിൻ്റെ വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. വ്യാജ ജിഎസ്ടി നമ്പർ നൽകിയ ട്രാവൽസിന് തിരക്കിട്ട് പണം നൽകിയ വിവരങ്ങളാണ് റിപ്പോർട്ടറിന് ലഭിച്ചത്. ഒരേ ജിഎസ്ടി നമ്പറിൽ രണ്ട് ട്രാവൽ കമ്പനികൾക്കാണ് പണം നൽകിയത്. സ്പൈസ് കോക്കോ, ശബരി ട്രാവൽസ് കമ്പനികൾ നൽകിയത് ഒരേ ജിഎസ്ടി നമ്പർ. ടാക്സി കാറുകളുടെ ട്രിപ്പ് ഷീറ്റിലും തട്ടിപ്പ് നടത്തിയതായി ആരോപണം ഉയർന്നിട്ടുണ്ട്. ട്രാവൽ കമ്പനികളെ ഏകോപിച്ചത് എസ് സുരേഷും അഞ്ജന എം പിയുമാണ്.

എസ്പിജിക്കും എ ആർ ക്യാമ്പിനും ടാക്സി കാർ വിട്ടു നൽകിയതായി കണക്കിലുണ്ട്. എസ്പിജിക്ക് നൽകിയ വാഹനങ്ങൾ 5029 കിലോമീറ്റർ ഓടിയതായി രേഖകൾ വ്യക്തമാക്കുന്നു. എ ആർ ക്യാമ്പിന് അനുവദിച്ച കാറുകൾ 486 കിലോമീറ്ററുകൾ ഓടിയതായും രേഖയിലുണ്ട്. സർക്കാർ സംവിധാനങ്ങൾക്ക് ഒരു രാഷ്ട്രീയ പാർട്ടി കാറുകൾ വിട്ടുനൽകുകയും അതിനായി പണം മുടക്കുകയും ചെയ്തു എന്നത് അവിശ്വസനീയമാണെന്നാണ് തട്ടിപ്പ് നടന്നതായി ആരോരപണം ഉന്നയിക്കുന്ന വിഭാ​ഗം ചൂണ്ടിക്കാണിക്കുന്നത്.

തെരഞ്ഞെടുപ്പ് കാലത്ത് ജനം ടിവിക്ക് 18 ടാക്സി കാർ നൽകിയതായും രേഖകളിലുണ്ട്. ജനം ടിവിക്ക് നൽകിയ കാറുകൾ 18095 കിലോമീറ്റർ ഓടിയതായി ട്രിപ്പ് ഷീറ്റ്. പണം നൽകാൻ ഉന്നതൻ സമ്മർദ്ദം ചെലുത്തിയതായി അക്കൗണ്ടന്റ് മൊഴി നൽകിയിട്ടുണ്ട്. കാറുകളുടെ ട്രിപ്പ് ഷീറ്റിലെ തട്ടിപ്പ് അക്കൗണ്ടൻറ് ചൂണ്ടിക്കാട്ടിയിരുന്നു. ഇത് സംബന്ധിച്ച നിർണായക രേഖകളുടെ പകർപ്പ് റിപ്പോർട്ടറിന് ലഭിച്ചു.

തെരഞ്ഞെടുപ്പ് ഫണ്ട് തിരിമറി നടന്നെന്ന ആരോപണത്തില്‍ ബിജെപി ആഭ്യന്തര അന്വേഷണം മുന്നോട്ട് പോകുകയാണ്. കൂടുതല്‍ പേരുടെ മൊഴിയെടുക്കാനാണ് അന്വേഷണ സംഘത്തിൻ്റെ നീക്കം. സംഭവത്തില്‍ സംസ്ഥാന സെക്രട്ടറിയുടെയും രണ്ട് മേഖലാ ഭാരവാഹികളുടെയും മൊഴി നേരത്തെ രേഖപ്പെടുത്തിയിരുന്നു. സംസ്ഥാന തെരഞ്ഞടുപ്പ് കമ്മിറ്റിയുമായി ബന്ധപ്പെട്ട് ആരോപണ വിധേയരായവരാണ് ഇവര്‍. മുന്‍ അധ്യക്ഷന്‍ കുമ്മനം രാജശേഖരനും സംസ്ഥാന ട്രഷറര്‍ പി കൃഷ്ണദാസുമാണ് അന്വേഷണ സംഘത്തില്‍ ഉള്ളത്. പരാതിക്കാരായ ആളുകളുടേയും ഇടപാടുകള്‍ നടത്തിയ ആളുകളുടേയും മൊഴി രേഖപ്പെടുത്തും. ഇത് സംബന്ധിച്ച രേഖകളും പരിശോധിക്കാനാണ് നീക്കം. ജിഎസ്ടി ബില്ല് ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ തട്ടിപ്പ് നടന്നു എന്നാണ് കണ്ടെത്തല്‍. ഒരു കടലാസ് കമ്പനി ഉണ്ടാക്കി അതിലേക്ക് പണം കൈമാറ്റം ചെയ്തെന്നും ആരോപണവുമുണ്ട്.

അതേസമയം യാതൊരുവിധ ഫണ്ട് തിരിമറിയും നടന്നിട്ടില്ലെന്നാണ് സംസ്ഥാനാധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കിയത്. സംസ്ഥാന ജനറല്‍ സെക്രട്ടറി എസ് സുരേഷുമായി ബന്ധപ്പട്ട് ഉയര്‍ന്ന ആരോപണവും വസ്തുതാ വരുദ്ധമാണെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കിയിരുന്നു. സംസ്ഥാന കമ്മിറ്റി കേന്ദ്രീകരിച്ചായിരുന്നു ആദ്യഘട്ട പരാതി ഉയര്‍ന്നിരുന്നത്. 20-20 സ്ഥാനാര്‍ഥിയാകാന്‍ ഓഫര്‍ ചെയ്ത പണം നല്‍കിയില്ലെന്ന് കാട്ടി സ്ഥാനാര്‍ഥിയായ താരങ്ങള്‍ തന്നെ പരാതി നല്‍കിയിട്ടുണ്ടെന്നായിരുന്നു വിവരം. പ്രധാനമന്ത്രിയുടെ സന്ദര്‍ശന സമയത്ത് പ്ലക്കാര്‍ഡ് വാങ്ങിയതിലടക്കം ക്രമക്കേട് ഉണ്ടായെന്നായിരുന്നു കണ്ടെത്തല്‍. വാഹനങ്ങള്‍ വാടകയ്ക്കെടുത്തതില്‍ വരെ ക്രമക്കേട് കണ്ടെത്തിയിരുന്നു. കൊടി വാങ്ങിയെന്ന് കാട്ടി വ്യാജ ബില്ല് സമര്‍പ്പിച്ചതില്‍ കേസ് എടുത്തിട്ടില്ലെന്നും ആരോപണമുയര്‍ന്നിരുന്നു. 3.25 ലക്ഷം രൂപയ്ക്ക് കൊടി വാങ്ങി എന്ന വ്യാജ ബില്ലില്‍ പരാതി നല്‍കിയെങ്കിലും കേസെടുത്തില്ലെന്നും ആരോപണം ഉയർന്നിരുന്നു. വാമനപുരം സ്വദേശിയായ കടയുടമയാണ് ഇത് സംബന്ധിച്ച് വെഞ്ഞാറമൂട് പൊലീസില്‍ പരാതി നല്‍കിയിരുന്നത്.

ദേശീയ നേതാക്കള്‍ എത്തുന്ന സമയങ്ങളില്‍ ആഡംബര ഹോട്ടലുകളില്‍ റൂമുകള്‍ ബുക്ക് ചെയ്തിരുന്നു. ഇതിന്റെ ബില്ല് രണ്ടും മൂന്നും ഇരട്ടിയായി കാണിച്ചെന്നും കണ്ടെത്തലുണ്ട്. ഹെലികോപ്റ്റല്‍ വാടകയ്‌ക്കെടുത്ത് അതില്‍ സഞ്ചരിച്ച മണിക്കൂറുകള്‍ കൂട്ടി കാണിച്ച് അതിന്റെ പേരിലും സംസ്ഥാന നേതാക്കള്‍ പണം തട്ടിയതായാണ് വിവരം. തട്ടിപ്പ് നടത്തിയ പല നേതാക്കള്‍ക്കും ബജെപി ഭരണമുള്ള സഹകരണ ബാങ്കുകളിലടക്കം വലിയ തുക വായ്പ ഉണ്ടായിരുന്നെന്നും തെരഞ്ഞെടുപ്പിന് ശേഷം ഇത് ഒറ്റ തവണയായി അടച്ചു തീര്‍ത്തെന്നും ആരോപണമുണ്ട്. സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിനോടൊപ്പം നില്‍ക്കുന്ന ഭാരവാഹികളാണ് വിഷയത്തില്‍ പ്രതിക്കൂട്ടിലെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

Content Highlights: Fraud allegations emerge in the BJP election fund scam, with claims of irregularities involving rental cars hired for election campaign activities, adding a new dimension to the controversy.

To advertise here,contact us