മുഖ്യമന്ത്രി പറഞ്ഞ നുണകൾ നിമിഷങ്ങള്‍ക്കുള്ളിൽ പൊളിഞ്ഞു, അന്വേഷണം വേണം: വി കെ സനോജ്

മെസിയുടെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട വിവാദങ്ങളിലും സനോജ് പ്രതികരിച്ചു

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെതിരെ രൂക്ഷവിമർശനവുമായി ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. കേരളത്തിന്റെ മുഖ്യമന്ത്രി മാധ്യമങ്ങള്‍ക്ക് മുന്നില്‍ സ്ഥിരമായി നുണ പറയുന്നു. മുഖ്യമന്ത്രി പറയുന്ന കാര്യങ്ങള്‍ രണ്ട് മിനിറ്റ് കൊണ്ട് പൊളിഞ്ഞു വീഴുകയാണെന്നും എംഡിഎംഎ കേസിലെ പ്രതിയുമായുള്ള ബന്ധത്തെ കുറിച്ച് മുഖ്യമന്ത്രി പറഞ്ഞത് തെറ്റായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. നവകേരള സദസിന് മുമ്പ് ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. സംഭവത്തില്‍ ഹൈക്കോടതി ജഡ്ജിയുടെ മേല്‍നോട്ടത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും സനോജ് ആവശ്യപ്പെട്ടു. ഏഴ് ജില്ലകളില്‍ പ്രതികള്‍ എംഡിഎംഎ കച്ചവടം നടത്തി. പ്രതികളുടെ വിദേശയാത്ര, കോള്‍ ലിസ്റ്റ് എന്നിവയെല്ലാം പരിശോധിക്കുകയും വിവരങ്ങള്‍ പുറത്ത് വിടുകയും ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം മീഡിയ ടീമില്ലെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തെയും വി കെ സനോജ് വിമര്‍ശിച്ചു. മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജ് കൈകാര്യം ചെയ്യാന്‍ മാത്രം അഞ്ച് പേരുണ്ടെന്ന വിവരം പുറത്തുവന്നുവെന്നും സനോജ് ചൂണ്ടിക്കാട്ടി.

മെസിയുടെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട വിവാദങ്ങളിലും സനോജ് പ്രതികരിച്ചു. ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നത് ശരിയല്ലെന്നും വിവാദങ്ങള്‍ ഉണ്ടാക്കാനുള്ള ശ്രമം നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അഴിമതി നടന്നുവെന്ന് ഒരുപറ്റം മാധ്യമങ്ങള്‍ വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുന്നു. അന്വേഷണത്തിലൂടെ സത്യങ്ങള്‍ പുറത്തുവരട്ടെയെന്നും അദ്ദേഹം പറഞ്ഞു. ആരോപണങ്ങള്‍ ഉന്നയിച്ചാല്‍ പോരാ നിജസ്ഥിതി അറിയണം. മെസിയെ കൊണ്ടുവരുന്നത് വളരെ പോസിറ്റീവായാണ് കണ്ടത്. മെസി വരണമെന്ന് ആഗ്രഹിച്ച ആളുകളാണ് ഭൂരിഭാഗം പേരും. എല്ലാത്തിനും വിവാദത്തിന്റെ പുകമറ സൃഷ്ടിക്കേണ്ട ആവശ്യമില്ലെന്നും സനോജ് പറഞ്ഞു.

ഡിവൈഎഫ്‌ഐ അംഗത്വ പ്രായപരിധി നാല്‍പത് വയസാണെന്നും സംഘടനയുടെ ഭരണഘടന അനുസരിച്ചാണ് ഇക്കാര്യങ്ങള്‍ നിശ്ചയിക്കുന്നതെന്നും വി കെ സനോജ് വ്യക്തമാക്കി. സംഘടനയുടെ പ്രായപരിധിയുമായി ബന്ധപ്പെട്ട് പുറത്തുവന്ന വാര്‍ത്തകള്‍ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. ഡിവൈഎഫ്‌ഐയ്ക്ക് പാര്‍ട്ടി പ്രായപരിധി നിശ്ചയിച്ചുവെന്നായിരുന്നു പ്രചരണം. ഡിവൈഎഫ്‌ഐ ഭാരവാഹികളെ സമ്മേളനത്തിലാണ് തെരഞ്ഞെടുക്കുന്നത്. നിലവില്‍ ഐക്യത്തോടെയാണ് മുന്നോട്ട് പോകുന്നതെന്നും വനിതകളെ പ്രോത്സാഹിപ്പിക്കണമെന്ന നയമാണ് ഡിവൈഎഫ്‌ഐയുടേതെന്നും അദ്ദേഹം പറഞ്ഞു. എല്ലാ ഘടകങ്ങളിലും വനിതാ പ്രാതിനിധ്യം വര്‍ധിപ്പിക്കണമെന്ന് തീരുമാനിച്ചിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഡിവൈഎഫ്‌ഐയുടെ 16ാമത് സംസ്ഥാന സമ്മേളനം ഈ മാസം 19മുതല്‍ 22 വരെ തൃശൂരില്‍ നടക്കുമെന്ന് വി കെ സനോജ് അറിയിച്ചു. 20ന് നടക്കുന്ന പ്രതിനിധി സമ്മേളനം പ്രകാശ് രാജ് ഉദ്ഘാടനം ചെയ്യും. 22ന് നടക്കുന്ന പൊതുസമ്മേളനം പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ഐഷി ഘോഷ് ഉള്‍പ്പെടെ ഒരു ലക്ഷം പേര്‍ അണിനിരക്കുന്ന റാലിയുണ്ടാകും. ഓഗസ്റ്റ് 15ന് യങ്ങ് ഇന്ത്യ എന്ന പേരില്‍ സംസ്ഥാനത്ത് വിവിധ കേന്ദ്രങ്ങളില്‍ പ്രതിഷേധം സംഘടിപ്പിക്കും. തൊഴില്‍ നിഷേധത്തിന് പകരം ചോദിക്കുക എന്നതാണ് മുദ്രാവാക്യമമെന്നും സനോജ് പറഞ്ഞു.

അതിനിടെ അര്‍ജുന്‍ ആയങ്കിക്ക് വേണ്ടി സിപിഐഎം ലോക്കല്‍ കമ്മിറ്റിയംഗം കോടതിയില്‍ ഹാജരായതില്‍ ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ് പ്രതികരിച്ചു. വക്കീലെന്നത് ഓരോരുത്തരുടെയും പ്രൊഫഷനാണെന്നും ആയങ്കിക്കായി ഹാജരായ അഭിഭാഷകന്‍ ഹസന്‍ പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി അംഗമല്ലെന്നും വസീഫ് പറഞ്ഞു. മുമ്പ് എസ്എഫ്‌ഐയായിരുന്ന മാധ്യമപ്രവര്‍ത്തകര്‍ എന്തെല്ലാം വാര്‍ത്ത നല്‍കുന്നു. അതിന് എസ്എഫ്‌ഐയ്ക്ക് ഉത്തരവാദിത്തമുണ്ടോയെന്നും വസീഫ് ചോദിച്ചു. ഓരോരുത്തരും ഓരോ ജോലി ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: VK Sanoj alleged that statements made by the Chief Minister were disproved within minutes and called for an investigation under the supervision of a High Court judge

To advertise here,contact us