തിരുവനന്തപുരം: കേരള സര്‍വ്വകലാശാല എല്‍എല്‍ബി പരീക്ഷയിലെ പുനര്മൂല്യനിര്ണ്ണയത്തില് അപാകത ഉണ്ടായെന്നാരോപിച്ച് സര്‍വ്വകലാശാല ആസ്ഥാനത്തേക്ക് എസ്എഫ്ഐ പ്രതിഷേധം. 20ലേറെ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയതോടെ പ്രതിഷേധക്കാര്‍ പൊലീസിന് നേരെ തിരിഞ്ഞു. തുടര്‍ന്ന് പൊലീസുമായി വാക്കേറ്റവും കയ്യാങ്കളിയുമുണ്ടായി.
സര്‍വ്വകലാശാല രജിസ്ട്രാറുടെ ഓഫീസ് ഉപരോധിച്ചായിരുന്നു എസ്എഫ്ഐ പ്രതിഷേധം. എന്നാല്‍ മാര്‍ച്ച് പൊലീസ് തടയുകയും വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തതോടെ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. കമ്മീഷണര്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്താനാണ് എസ്എഫ്ഐ തീരുമാനം.
ശാന്തമായിട്ടാണ് പ്രതിഷേധിച്ചതെന്നും അകാരാണമായാണ് വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തുനീക്കിയതെന്നും പൊലീസ് പറഞ്ഞു. പെണ്‍കുട്ടികളെ ഉള്‍പ്പെടെ വനിതാ പൊലീസല്ലാതെ പിടിച്ചുനീക്കിയെന്നും മുടിക്ക് കുത്തിപ്പിടിച്ചെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.
അതിനിടെ സിജെപി മാതൃകയില്‍ മറ്റൊരു വിഭാഗം വിദ്യാര്‍ത്ഥികളും പ്രതിഷേധിച്ചു. പരീക്ഷാ നടത്തിപ്പ് സുതാര്യമാക്കണമെന്നാവശ്യപ്പെട്ട് അനിശ്ചിതകാല സമരം ആരംഭിക്കാനാണ് ഇവരുടെ തീരുമാനം. സര്‍വ്വകലാശാല വളപ്പില്‍ വിദ്യാര്‍ത്ഥികള്‍ സംഘടിച്ചു. സ്വാതന്ത്ര്യദിനാഘോഷത്തിന് തലേദിവസമാണ് പ്രതിഷേധം നടക്കുന്നത്.
കേരള യൂണിവേഴ്സിറ്റി 2024 സെപ്റ്റംബർ മാസത്തിൽ നടത്തിയ ബിഎ എൽഎൽബി ആദ്യ സെമസ്റ്റർ പരീക്ഷയ്ക്കെതിരെയാണ് വ്യാപക പരാതി ആദ്യഘട്ടം മുതലേ ഉയർന്നത്. ആദ്യഫലം പുറത്തുവന്നപ്പോൾ തോറ്റുപോയത് 49 വിദ്യാർഥികളാണ്. എന്നാൽ പുനർ മൂല്യനിർണത്തിൽ ഇവരെല്ലാവരും വിജയിച്ചു. 63 വിദ്യാർത്ഥികൾക്കോളം 10 മാർക്കിന് മേലെയാണ് പുനർ മൂല്യനിർണയത്തിൽ മാർക്ക് ഉയർന്നത്. പുനർ മൂല്യനിർണയം നിർത്തലാക്കാനുള്ള സർവ്വകലാശാലയുടെ തീരുമാനത്തിനെതിരെയാണ് വിദ്യാർത്ഥികൾ ഇന്ന് പ്രതിഷേധവുമായി രംഗത്തെത്തിയത്.
Content Highlights: SFI Protests at Kerala University Headquarters Over Alleged Irregularities in LLB Exam Revaluation