കോഴിക്കോട്: മുഖ്യമന്ത്രി വി ഡി സതീശന് 2025ല്‍ കോഴിക്കോട് നടത്തിയ ഇഫ്താര്‍ വിരുന്നില്‍ കാസര്‍കോട് എംഡിഎംഎ കേസില്‍ അറസ്റ്റിലായ കെഎച്ച് മുഹമ്മദ് ഹുസൈനും ക്ഷണം. ക്ഷണിക്കപ്പെട്ട അതിഥികള്‍ മാത്രമായിരുന്നു പരിപാടിയില്‍ എത്തിയതെന്നിരിക്കെ മുഹമ്മദ് ഹുസൈന് പരിപാടിയില്‍ പങ്കെടുത്തതിന്റെ ചിത്രങ്ങള്‍ റിപ്പോര്‍ട്ടറിന് ലഭിച്ചു. വി ഡി സതീശന് മുഹമ്മദ് ഹുസൈനുമായി അടുത്ത ബന്ധമാണെന്ന് സൂചിപ്പിക്കുന്നതാണ് ചിത്രങ്ങള്‍.
വി ഡി സതീശന് പ്രതിപക്ഷ നേതാവ് ആയിരിക്കെയാണ് പരിപാടി സംഘടിപ്പിച്ചത്. മുസ്ലീം ലീഗിലെ ഉന്നത നേതാക്കള്‍ ഉള്‍പ്പടെ പങ്കെടുത്ത പരിപാടിയില്‍ വിഡി സതീശനെ കൂടാതെ മലബാറിന് പുറത്തു നിന്ന് പങ്കെടുത്തത് ഹുസൈന് മാത്രമാണ്. 2025 മാര്‍ച്ച് 22 നാണ് പരിപാടി സംഘടിപ്പിച്ചത്.
മുഹമ്മദ് ഹുസൈനേയും അബ്ദുള്‍ സലാമിനേയും തനിക്ക് നേരിട്ട് അറിയാമെന്നും നവകേരളസദസ്സുമായി ബന്ധപ്പെട്ട ലാത്തിച്ചാര്‍ജില്‍ അദ്ദേഹത്തിന് ക്രൂരമായി പരിക്കേറ്റ് കിടക്കുമ്പോഴാണ് ഫോണില്‍ വിളിച്ചതും ആശ്വസിപ്പിച്ചതുമെന്നുമായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. ഇതില്‍ മുഹമ്മദ് ഹുസൈനാണ് ഇഫ്താര്‍ വിരുന്നില്‍ ക്ഷണം ലഭിച്ചത്.
തനിക്ക് സോഷ്യല്‍മീഡിയ ടീം ഇല്ലെന്നും ലഹരിവസ്തുവുമായി പിടിയിലായ ആള് തന്റെ സോഷ്യല്‍മീഡിയ കോര്‍ഡിനേറ്റര്‍ അല്ലെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടെങ്കിലും പിടിയിലായ സംഘം പൊലീസ് പരിശോധന ഒഴിവാക്കിയത് രാഷ്ട്രീയ ബന്ധം ഉപയോഗിച്ചെന്നാണ് സൂചന. കാസര്‍കോട്-കണ്ണൂര്‍ അതിര്‍ത്തിയായ കാലിക്കടവില്‍ 140 ഗ്രാം എംഡിഎംഎയുമായി പിടിയിലായ സംഘം വഴിയിലെ പൊലീസ് പരിശോധനകള്‍ ഒഴിവാക്കിയത് രാഷ്ട്രീയ ബന്ധം ഉപയോഗിച്ചെന്നാണ് വിവരം.
കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ വിതരണത്തിന് ശേഷം കാസര്‍കോട്ടെ ഏജന്റുമാര്‍ക്ക് എംഡിഎംഎ എത്തിക്കാന്‍ പോകുമ്പോഴാണ് സംഘം കുടുങ്ങിയത്. വഴിയില്‍ പലയിടത്തും പൊലീസ് പരിശോധനയ്ക്കായി വാഹനം തടഞ്ഞെങ്കിലും പ്രതികളിലൊരാളായ കെഎച്ച് മുഹമ്മദ് ഹുസൈന് പുറത്തിറങ്ങി പൊലീസ് ഉദ്യോഗസ്ഥരോട് തന്റെ രാഷ്ട്രീയ ബന്ധം പറഞ്ഞ് വിശദീകരിക്കുകയായിരുന്നു.
Content Highlights: K H Mohammed Hussain, who was arrested in the Kasaragod case, was reportedly invited to an Iftar gathering hosted by V D Satheesan in Kozhikode in 2025