മെറ്റ വിവാദം: താൻ ചെയ്യുന്നില്ല എന്നതിനർത്ഥം കേന്ദ്രത്തെ കൊണ്ട് ചെയ്യിപ്പിക്കുന്നു എന്നാണ്; വി എൻ വാസവൻ

കേന്ദ്രം ചെയ്തത് കേരള സര്‍ക്കാരും ഇവിടെ ചെയ്യുന്നുവെന്നും എന്തിനാണ് ഇത്ര അസഹിഷ്ണുതയെന്നും വി എന്‍ വാസവന്‍ ചോദിച്ചു

തിരുവനന്തപുരം: മെറ്റ വിവാദത്തിലെ മുഖ്യമന്ത്രി വി ഡി സതീശന്റെ മറുപടിക്കെതിരെ മുന്‍ മന്ത്രി വി എന്‍ വാസവന്‍. താന്‍ ചെയ്യുന്നില്ല എന്നു പറഞ്ഞാല്‍ അതിനര്‍ത്ഥം കേന്ദ്രത്തെക്കൊണ്ട് ചെയ്യിപ്പിക്കുന്നു എന്നാണെന്ന് വി എന്‍ വാസവന്‍ പറഞ്ഞു. അദ്ദേഹത്തിന് വേണ്ടി കേന്ദ്രത്തില്‍ നിന്നും ചെയ്തു കൊടുക്കുന്നതായാണ് കാണാന്‍ കഴിയുകയെന്നും ആര്‍എസ്എസ് അജണ്ട നടപ്പാക്കുന്ന കാര്യത്തില്‍ ബിജെപിയെക്കാള്‍ താല്‍പര്യം കേരളത്തിലെ മുഖ്യമന്ത്രിക്കുണ്ടെന്നും വി എന്‍ വാസവന്‍ പറഞ്ഞു.

'മുകളില്‍ നിന്നും ചെയ്തതാണെന്നും അത് സ്വീകരിച്ചു എന്നുമാണ് അദ്ദേഹം പറഞ്ഞതിനര്‍ത്ഥം. കേന്ദ്ര താല്‍പര്യങ്ങള്‍ നടപ്പാക്കുന്നതിന് കേന്ദ്രത്തിന്റെ പ്രത്യുപകാരമാണിത്. മുഖ്യമന്ത്രിയുടെ ഏറ്റവും നല്ല സുഹൃത്താണ് ലഹരി കേസിലെ പ്രതി. ഒരുപാട് സ്ഥലങ്ങളില്‍ ഒരുമിച്ചുള്ള ചിത്രങ്ങള്‍ സഹിതം പുറത്തുവന്നു. ഒരുതലത്തിലും നിഷേധിക്കാന്‍ കഴിയാത്ത യാഥാര്‍ത്ഥ്യമായി ജനങ്ങള്‍ തിരിച്ചറിഞ്ഞു. അതോടുകൂടിയാണ് വിമര്‍ശനങ്ങളെ പ്രതിരോധിക്കാന്‍ മെറ്റയെ ഉപയോഗിച്ചത്', വി എന്‍ വാസവന്‍ പറഞ്ഞു.

അടിയന്തരാവസ്ഥയ്ക്ക് സമാനമായ കാര്യങ്ങളാണ് നടക്കുന്നതെന്ന് വി എന്‍ വാസവന്‍ കൂട്ടിച്ചേര്‍ത്തു. അത്തരം വിലക്കുകളും കാര്യങ്ങളുമാണ് നടക്കുന്നത്. സിജെപി സമരത്തിനെതിരെ സ്വീകരിച്ച നിലപാടിന്റെ തുടര്‍ച്ചയാണ് ഇവിടെയുമുള്ളത്. കേന്ദ്രം ചെയ്തത് കേരള സര്‍ക്കാരും ഇവിടെ ചെയ്യുന്നു. എന്തിനാണ് ഇത്ര അസഹിഷ്ണുത. ജനാധിപത്യ ധ്വംസനമാണ് ഉണ്ടാവുന്നത്. സൃഷ്ടിപരമായ വിമര്‍ശനങ്ങളെ സ്വാഗതം ചെയ്യുകയാണ് വേണ്ടത്. കേന്ദ്ര സര്‍ക്കാര്‍ എന്താണ് സ്വീകരിച്ചത് അതേ നടപടിയാണ് കേരളത്തിലും മുഖ്യമന്ത്രി മെറ്റയെ ഉപയോഗിച്ച് ചെയ്യുന്നത്', വി എന്‍ വാസവന്‍ പറഞ്ഞു.

സോഷ്യല്‍ മീഡിയയില്‍ നിന്നും വാര്‍ത്ത നീക്കം ചെയ്യാന്‍ ഇടപെട്ടിട്ടില്ലെന്ന് വി ഡി സതീശന്‍ വിശദീകരിച്ചിരുന്നു. 'മത്സ്യത്തൊഴിലാളി മേഖലയിലുണ്ടായ വിഷയങ്ങളില്‍ ഇടപെട്ടതിനെ അഭിനന്ദിച്ച് തിരുവനന്തപുരം ആര്‍ച്ച് ബിഷപ്പ് നടത്തിയ പ്രസംഗം വരെ സോഷ്യല്‍മീഡിയ റിമൂവ് ചെയ്തു. ഷിബു ബേബി ജോണും ഞാനും ഗൗതം കൃഷ്ണയുടെ വീട്ടില്‍ പോയതും റിമൂവ് ചെയ്തു. തെലങ്കാന, ഹിമാചല്‍പ്രദേശ് മുഖ്യമന്ത്രിമാരുടെ വാര്‍ത്തകളും റിമൂവ് ചെയ്തിട്ടുണ്ട്. മെറ്റ എന്താണ് ചെയ്യുന്നതെന്ന് അറിയില്ല. ഞാനോ എന്റെ ഓഫീസോ പറഞ്ഞിട്ട് നിങ്ങള്‍ കൊടുക്കുന്ന വാര്‍ത്ത മെറ്റ റിമൂവ് ചെയ്യുമോ? ആ സ്വാധീനം എനിക്കുണ്ടോ?', വി ഡി സതീശന്‍ പറഞ്ഞു.

വിഷയത്തില്‍ പരാതി നല്‍കണമെന്നും സര്‍ക്കാര്‍ കൂടെ നില്‍ക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. എന്റെ ഓഫീസിലെ ഒരാളും മെറ്റയുമായി സംസാരിച്ചിട്ടില്ല. മെറ്റയുടെ പോളിസിയില്‍ വന്ന മാറ്റമാണോ നിലവിലെ വാര്‍ത്ത പിന്‍വലിക്കലിന് കാരണമെന്ന് അറിയില്ല. എന്നെ വിമര്‍ശിക്കുന്ന പോസ്റ്റുകള്‍ റിമൂവ് ചെയ്യരുതെന്ന് പറഞ്ഞ് വേണമെങ്കില്‍ കത്ത് എഴുതാമെന്നും പിന്‍വലിച്ച കാര്‍ഡുകള്‍ പുനഃസ്ഥാപിക്കാന്‍ ആവശ്യപ്പെടാമെന്നും വി ഡി സതീശന്‍ പറഞ്ഞിരുന്നു.

Content Highlights: Former minister V N Vasavan has reacted against VD Satheesan’s response regarding the Meta controversy

To advertise here,contact us