സഹകരണ സംഘത്തില്‍ നിന്ന് 55 ലക്ഷം തട്ടി; യൂത്ത് കോണ്‍ഗ്രസ് സസ്പെൻഡ് ചെയ്ത വൈശാഖ് കൂടുതല്‍ കേസുകളില്‍ പ്രതി

റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് രതീശന്‍ വഴി വൈശാഖ് നിരവധി പേരില്‍ നിന്നായി 25 ലക്ഷത്തോളം രൂപ വാങ്ങിയിരുന്നു

കൊച്ചി: റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ യൂത്ത് കോണ്‍ഗ്രസ് നേതാവ് വൈശാഖ് എസ് ദര്‍ശന്‍ കൂടുതല്‍ കേസുകളില്‍ പ്രതി. അങ്കമാലി അര്‍ബന്‍ സഹകരണ സംഘത്തില്‍ നിന്നും 55 ലക്ഷം രൂപ തട്ടിയെന്ന കേസിലും വൈശാഖ് പ്രതിയാണ്. സഹകരണസംഘം ജോയിന്റ് രജിസ്ട്രാറുടെ പരാതിയിലാണ് വൈശാഖ് ഉള്‍പ്പെടെ 20 പേര്‍ക്കെതിരെ 2024ല്‍ കേസെടുത്തത്. വൈശാഖും സംഘവും ചേര്‍ന്ന് അര്‍ഹതയില്ലാത്തവര്‍ക്ക് ലോണ്‍ അനുവദിച്ച് പണം തട്ടിയെന്നാണ് കേസ്. വ്യാജ അപേക്ഷ സമര്‍പ്പിച്ച് ലോണ്‍ നേടിയെടുത്ത് പങ്കിട്ടെടുക്കുന്നതാണ് രീതി.

തലശ്ശേരിയിലെ ബിജെപി പ്രാദേശിക നേതാവ് എം രതീശന്‍ ജീവനൊടുക്കിയതില്‍ കുറ്റാരോപിതനാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റായ വൈശാഖ്. പിന്നാലെ യൂത്ത് കോണ്‍ഗ്രസ് നേതൃത്വം വൈശാഖിനെ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.

റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് രതീശന്‍ വഴി വൈശാഖ് നിരവധി പേരില്‍ നിന്നായി 25ലക്ഷത്തോളം രൂപ വാങ്ങിയിരുന്നു. ടിടിആര്‍ പോസ്റ്റിലേക്ക് വ്യാജ നിയമനക്കത്തും നല്‍കി. എന്നാല്‍ ആര്‍ക്കും ജോലി ലഭിച്ചിരുന്നില്ല. സംഭവം വിവാദമായതോടെ ഈ മാസം ആദ്യം പണം തിരിച്ചുനല്‍കാമെന്ന് വൈശാഖ് ഉറപ്പുനല്‍കുകയായിരുന്നു. എന്നാല്‍ വൈശാഖ് വാക്കുപാലിക്കാതെ വന്നതോടെ രതീശന്‍ ജീവനൊടുക്കുകയായിരുന്നുവെന്നാണ് വിവരം.

Content Highlights: Youth Congress Leader Vaishakh S Darshan Named Accused in More Cases Over Railway Job Scam Allegation

To advertise here,contact us