കാസര്‍കോട്: ജീവിത പ്രശ്നങ്ങള്‍ പരിഹരിക്കാമെന്ന് പറഞ്ഞ് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട സ്ത്രീയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയയാള്‍ പിടിയില്‍. കോട്ടയം ആനിക്കാട് സ്വദേശി ആന്റണി വിന്‍സന്റ് ആണ് 13.16 ലക്ഷം രൂപ തട്ടിയത്. ഹൈക്കോടതി വഴി വിവാഹമോചനം വേഗത്തിലാക്കാമെന്ന് കാസര്‍കോട് ഉദുമ സ്വദേശിനിയെ പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. ഫേസ്ബുക്കിലൂടെ സൗഹൃദം ആരംഭിച്ച ആന്റണി പിന്നീട് വാട്സ്ആപ്പിലേക്ക് സൗഹൃദം വ്യാപിപ്പിക്കുകയായിരുന്നു. 2025 സെപ്റ്റംബര്‍ 17 മുതല്‍ 2026 ജനുവരി രണ്ട് വരെയുള്ള സമയത്താണ് സംഭവം നടന്നത്.
ചില പൂജകള്‍ ചെയ്താല്‍ ദാമ്പത്യ പ്രശ്നങ്ങളും മറ്റ് ബുദ്ധിമുട്ടുകളും പരിഹരിക്കാന്‍ കഴിയുമെന്നും വിവാഹമോചന നടപടികൾ ഹൈക്കോടതി വഴി എളുപ്പത്തിൽ തീർപ്പാക്കാമെന്നും യുവതിയെ വിശ്വസിപ്പിക്കുകയും ഇതിനായി വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് പൂജയ്ക്കായെന്ന പേരില്‍ 13,16,731 രൂപ വാങ്ങിയെടുക്കുകയുമായിരുന്നുവെന്നാണ് പരാതി.
കാസര്‍കോട് സൈബര്‍ ക്രൈം പൊലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് തെന്മലയില് വെച്ച് പ്രതി കുടുങ്ങിയത്.
കാസര്‍കോട് സൈബര്‍ ക്രൈം പൊലീസ് ഇന്‍സ്പെക്ടറുടെ ചുമതല വഹിക്കുന്ന പി നളിനാക്ഷന്റെ നേതൃത്വത്തില്‍ എസ് ഐ സവ്യസാചി, എഎസ്ഐമാരായ പി കെ രഞ്ജിത് കുമാര്‍, എം ദിലീഷ്, പ്രശാന്ത്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ സവാദ് അഷ്റഫ്, വിപിന്‍ എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ പ്രതിയെ പിടികൂടിയത്.
Content Highlights: online fraud man cheats woman after facebook friendship for money