'ആർഎസ്എസിനും സംഘപരിവാറിനും മുഖ്യമന്ത്രി വി ഡി സതീശൻ കീഴടങ്ങി, മെറ്റയിൽ സ്വാധീനമില്ലെന്ന് പറഞ്ഞത് പച്ച കള്ളം'

വന്ദേമാതരം ആലപിച്ചില്ലെങ്കിൽ മൂന്നു വർഷം ശിക്ഷിക്കപ്പെടും എന്ന് വി ഡി സതീശൻ നിയമത്തെ വ്യാഖ്യാനിച്ചുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി

തിരുവനന്തപുരം: ആർഎസ്എസിനും സംഘപരിവാറിനും മുഖ്യമന്ത്രി വി ഡി സതീശൻ കീഴടങ്ങിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. വന്ദേമാതരം പൂർണ്ണമായും ആലപിക്കണമെന്ന നിലപാടാണ് വി ഡി സതീശൻ പറഞ്ഞതെന്നും എം വി ​ഗോവിന്ദൻ കുറ്റപ്പെടുത്തി. അങ്ങനെ ആലപിക്കേണ്ടതില്ല എന്ന നിലപാട് സ്വീകരിച്ച കോൺഗ്രസിന്റെ നേതാവ് തന്നെയാണ് ഈ നിലപാട് സ്വീകരിക്കുന്നതെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി ചൂണ്ടിക്കാണിച്ചു. വന്ദേമാതരം ആലപിച്ചില്ലെങ്കിൽ മൂന്നു വർഷം ശിക്ഷിക്കപ്പെടും എന്ന് വി ഡി സതീശൻ നിയമത്തെ വ്യാഖ്യാനിച്ചുവെന്നും എം വി ​ഗോവിന്ദൻ കുറ്റപ്പെടുത്തി. മുഖ്യമന്ത്രി പറഞ്ഞത് യഥാർത്ഥത്തിൽ ആർഎസ്എസിന്റെ അജണ്ടയാണെന്നും രാജ്യത്തിൻ്റെ നിയമം അതല്ലെന്നും എം വി ​ഗോവിന്ദൻ വിമർശിച്ചു.

വന്ദേമാതരം വിഷയത്തിൽ ചീഫ് സെക്രട്ടറിയുടെ സർക്കുലറിനെയും എം വി ​ഗോവിന്ദൻ വിമ‍ർശിച്ചു. 'മുഖ്യമന്ത്രി അറിയാതെ ചീഫ് സെക്രട്ടറി താഴേക്ക് ഓർഡർ ആയിട്ട് അല്ലെങ്കിൽ സർക്കുലർ ആയിട്ട് നൽകില്ല എന്ന് എല്ലാവർക്കും അറിയാം. പക്ഷേ അത് മറച്ചുവെക്കാനാണ് അന്നും ഇന്നും മുഖ്യമന്ത്രി ശ്രമിച്ചത്. പിന്നെ സ്വാഭാവികമായിട്ടും ഇങ്ങനെ ഒരു കാര്യം പറയുമ്പോൾ കേന്ദ്ര ഗവൺമെന്റിൽ നിന്ന് ഒരു ഓർഡർ വരുന്നു അല്ലെങ്കിൽ നിർദ്ദേശം വരുന്നു. അത് മുഖ്യമന്ത്രി ഉൾപ്പെടെയുള്ള മന്ത്രിസഭയുമായിട്ടോ ഒന്നും ആലോചിക്കാതെ ചീഫ് സെക്രട്ടറി താഴത്തേക്ക് അയക്കുന്നു എന്ന് പറയുന്നത് എത്രത്തോളം തെറ്റായ ഒരു കീഴ്വഴക്കം ആയിരിക്കുമെന്ന് ആലോചിച്ച് നോക്കൂ' എന്നും എം വി ​ഗോവിന്ദൻ ചൂണ്ടിക്കാണിച്ചു. വരാൻ പോകുന്ന ഏറ്റവും പ്രധാനപ്പെട്ട കേന്ദ്ര നിർദ്ദേശം എഫ്സിആർഎയും ഏക സിവിൽ കോഡായിരിക്കുമെന്നും എം വി ​ഗോവിന്ദൻ വ്യക്തമാക്കി. 'ആർഎസ്എസ്സിന്റെ ബിജെപിയുടെ അജണ്ടകൾ കേന്ദ്ര സർക്കാരിൻ്റെ ഓരോരോ സർക്കുലർ ആയി കേരളത്തിലേക്ക് വരുമ്പോഴും ഈ കാര്യങ്ങളെല്ലാം ചീഫ് സെക്രട്ടറി താഴേക്ക് അയച്ചോട്ടെ എന്ന നിലപാട് ഇതേ നിലപാട് സ്വീകരിക്കുന്ന മുഖ്യമന്ത്രി സ്വീകരിക്കുമെന്നാണോ നമ്മൾ പ്രതീക്ഷിക്കേണ്ട'തെന്നും എം വി ​ഗോവിന്ദൻ ചോദിച്ചു.

തനിക്ക് സോഷ്യൽ മീഡിയ ടീം ഇല്ല എന്ന വി ഡി സതീശൻ്റെ വാദത്തെയും എം വി ​ഗോവിന്ദൻ വിമർശിച്ചു. എംഡിഎംഎ കേസിലെ പ്രതി തന്നെ കഴിഞ്ഞ അഞ്ചു വർഷവും താൻ പ്രതിപക്ഷ നേതാവിൻ്റെ സോഷ്യൽ മീഡിയ ടീമിൻ്റെ ഭാഗമായി പ്രവർത്തിച്ചു എന്ന് വ്യക്തമാക്കിയ വിവരം ചൂണ്ടിക്കാണിച്ചായിരുന്നു എം വി ​ഗോവിന്ദൻ്റെ വിമർശനം. 'അദ്ദേഹം യൂത്ത് കോൺഗ്രസിൻ്റെ നേതാവാണെന്നും അറിയുന്ന ആളാണെന്നും സതീശൻ സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. അങ്ങനെ ഒരാൾ ഇത്തരത്തിൽ അവകാശപ്പെട്ടാൽ ഇല്ലാത്ത കാര്യമാണെങ്കിൽ ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയ നേതാവ് എന്തുകൊണ്ട് വിളിച്ച് അന്വേഷിക്കുന്നില്ല' എന്നും എം വി ​ഗോവിന്ദൻ ചോദിച്ചു. 'കെ എച്ച് മുഹമ്മദ് ഹുസൈൻ ടീം വി ഡി സതീശൻ എന്ന സോഷ്യൽ മീഡിയ പേജ് കോർഡിനേറ്റർ എന്ന നിലയിൽ വി ഡി സതീശന്റെ അടുത്തയാൾ എന്ന‌ നിലയിൽ നാട്ടിലെ കോൺഗ്രസ്സുകാർക്കിടയിൽ അറിയപ്പെടുന്ന ആളാണ്. പ്രതിപക്ഷ നേതാവായിരിക്കെ വേങ്ങോലയിൽ പൊതു പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ സതീശൻ മുഹമ്മദ് ഹുസൈന്റെ വീട് സന്ദർശിച്ചതോടെയാണ് നാട്ടിലെ കോൺഗ്രസുകാർക്കിടയിൽ ഇയാൾ അറിയപ്പെട്ടത്. നേരത്തെ പറഞ്ഞത് നാട്ടിലെ ആളുകളെല്ലാം പറഞ്ഞുകൊണ്ട് ഞാൻ അങ്ങോട്ട് പോയി എന്നാണ്. മാതൃഭൂമി പറയുന്നത് ഇയാൾ ഇങ്ങനെ ഉള്ള ഒരു ബന്ധം ഉണ്ട് എന്ന് നാട്ടുകാർക്ക് മനസ്സിലായത് ആ വീട് സന്ദർശിച്ച സന്ദർഭത്തിലാണ്' എന്നാണ് എന്ന് മാതൃഭൂമി വാർത്ത ഉദ്ധരിച്ച് വി ഡി സതീശന് കെ എച്ച് മുഹമ്മദ് ഹുസൈനുമായി ബന്ധമുണ്ടെന്ന് വ്യക്തമാണെന്നും എം വി ​ഗോവിന്ദൻ ചൂണ്ടിക്കാണിച്ചു.

'പ്രതിയുടെ ത്യാഗത്തെക്കുറിച്ചാണ് പിന്നീട് അദ്ദേഹം പറയുന്നത്. ഇതൊക്കെ വളരെ ഗൗരവമുള്ള പ്രശ്നമാണ്. ഒരു മയക്കുമരുന്ന് കച്ചവടം നടത്തി പിടിക്കപ്പെട്ടിട്ടുള്ള ഒരു കോൺഗ്രസ് നേതാവ് മുഖ്യമന്ത്രിയുമായിട്ട് ബന്ധപ്പെട്ട വളരെ അടുത്തുള്ള ഒരാളാണ് എന്ന് ഞങ്ങൾ പറയുമ്പോൾ അതിനെ മറികടന്ന് വേറെ എന്തെങ്കിലും വിശദീകരിക്കുകയല്ലല്ലോ. കളവ് പറഞ്ഞിട്ട് കാര്യമില്ലല്ലോ. കളവല്ലല്ലോ പറയേണ്ടത്. ജനങ്ങൾക്ക് വസ്തുതയല്ലേ അറിയേണ്ടത്. അപ്പോൾ ഈ പ്രതിയുടെ ത്യാഗങ്ങളെക്കുറിച്ച് പുകഴ്ത്തുകയായിരുന്നു മുഖ്യമന്ത്രി. നവകേരള സദസ്സിൽ അടികൊണ്ട, ത്യാഗപൂർണ്ണം പ്രവർത്തിക്കുന്ന ആളാണെന്നാണ് കേസിലെ പ്രതിയെക്കുറിച്ച് മുഖ്യമന്ത്രി പറഞ്ഞത്. ഇതിലൂടെ പൊലീസിന് നൽകുന്ന സന്ദേശം എന്താണ്' എന്നും എം വി ​ഗോവിന്ദൻ ചോദിച്ചു.

മുഖ്യമന്ത്രിയുടെ മയക്കുമരുന്ന് മാഫിയ ബന്ധത്തെക്കുറിച്ചുള്ള വാർത്തകളും വസ്തുതകളും സോഷ്യൽ മീഡിയയിൽ നിന്ന് കൂട്ടത്തോടെ കാണാതാവുകയാണെന്നും എം വി ​ഗോവിന്ദൻ ചൂണ്ടിക്കാണിച്ചു. സോഷ്യൽ മീഡിയ അടിയന്തരാവസ്ഥ നടപ്പിലാക്കിയിരിക്കുകയാണ്. പ്രതിപക്ഷ നേതാവ് പറയുന്ന കാര്യങ്ങൾ പോലും അപ്രത്യക്ഷമാകുന്ന സ്ഥിതിയാണ് ഉണ്ടായിട്ടുള്ളത്. ഒരു ദേശീയ മാധ്യമത്തോട് സോഷ്യൽ മീഡിയയെ നിയന്ത്രിക്കണം എന്ന അഭിപ്രായം മുഖ്യമന്ത്രി നേരത്തെ തന്നെ പറഞ്ഞിരുന്നു. നമ്മൾ കേട്ടതാണ്. മോഡിയുടെ വഴിയെ തന്നെയാണ് വി ഡി സതീശൻ സർക്കാരും നീങ്ങുന്നത് എന്നതിന്റെ സൂചന തന്നെയാണ് ഈ പ്രവർത്തനത്തിലൂടെ നമുക്ക് കാണാൻ സാധിക്കുന്നത്. മെറ്റെയും ആയി ബന്ധപ്പെട്ട് താനൊന്നും ചെയ്തിട്ടില്ല എന്നാണ് സതീശൻ അവകാശപ്പെടുന്നത്. വി ഡി സതീശനും മോദിക്കും എതിരെയുള്ള വാർത്തകൾ മാത്രം തിരഞ്ഞുപിടിച്ച് എങ്ങനെ ഒഴിവാക്കുന്നു എന്നതാണ് പ്രശ്നം. ബാക്കിയെല്ലാ കാര്യങ്ങളും വരുന്നുണ്ട്. ഇത് മാത്രം ഇങ്ങനെയാണ് ഒഴിവായി പോകുന്നതെന്നും വി ഡി സതീശൻ ചോദിച്ചു.

'നൂറുകണക്കിന് പ്രൊഫൈലുകളും പേജുകളും അപ്രത്യക്ഷമാവുകയാണ്. അഭിപ്രായ സ്വാതന്ത്ര്യത്തിന് നേരെ നടക്കുന്ന മാധ്യമ സ്വാതന്ത്ര്യത്തിന് നേരെ നടക്കുന്ന വലിയ വെല്ലുവിളിയാണ്. തെരഞ്ഞെടുപ്പിന് മുമ്പ് മാർച്ച് 25ന് മലയാള മനോരമ പ്രസിദ്ധീകരിച്ച ഒരു വീഡിയോ നീക്കിയ കാര്യമാണ് മുഖ്യമന്ത്രി പറഞ്ഞത്. ആ ഘട്ടത്തിൽ കാര്യങ്ങൾ നി‍ർവ്വഹിച്ചത് തെരഞ്ഞെടുപ്പ് കമ്മീഷണ‍ർ രത്തൻ കേൽക്കറാണ്. തെരഞ്ഞെടുപ്പ് കമ്മീഷൻ തന്നെ ഇടപെട്ടിട്ടാണ് പിന്നീട് രണ്ട് ദിവസത്തിനകം ആ വാർത്ത തിരികെ വന്നത്. അദ്ദേഹത്തെയാണ് മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. മെറ്റയിൽ ഒരു സ്വാധീനവും ഇല്ല എന്ന മുഖ്യമന്ത്രിയുടെ വിശദീകരണം അതിനാൽ പച്ച കള്ളമാണ്' എന്നും വാർത്താ വിലക്കുമായി ബന്ധപ്പെട്ട പ്രതികരണത്തിൽ എം വി ​ഗോവിന്ദൻ ചൂണ്ടിക്കാണിച്ചു.

Content Highlights: CPI(M) State Secretary M V Govindan accused V D Satheesan of surrendering to the RSS and Sangh Parivar, alleging that his claim of having no influence over Meta was completely false.

To advertise here,contact us