ഫ്രഷ് കട്ട് പ്ലാന്റ് തുറന്ന് പ്രവർത്തിപ്പിക്കാൻ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്; സർക്കാരിന് തിരിച്ചടി

പ്ലാന്റിൽ നിന്ന് അറവുമാലിന്യം പുഴയിലേക്ക് ഒഴുക്കിയതിന് തെളിവില്ലെന്നാണ് ജില്ലാ കളക്ടറുടെ റിപ്പോർട്ട്

കോഴിക്കോട്: താമരശേരിയിലെ ഫ്രഷ് കട്ട് അറവുമാലിന്യ സംസ്‌കരണ പ്ലാന്റ് കേസിൽ സർക്കാരിന് തിരിച്ചടി. പ്ലാന്റ് തുറന്ന് പ്രവർത്തിപ്പിക്കാൻ ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടു. പ്ലാന്റ് പ്രവർത്തിപ്പിക്കാന്‍ പൊലീസ് സംരക്ഷണം നൽകണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. ഫ്രഷ് കട്ട് പ്രവർത്തിപ്പിക്കുന്ന സമയം വീണ്ടും പരിശോധന നടത്തണമെന്നും നിർദ്ദേശത്തിൽ പറയുന്നു. പ്ലാന്റിൽ നിന്ന് അറവുമാലിന്യം പുഴയിലേക്ക് ഒഴുക്കിയതിന് തെളിവില്ലെന്നാണ് ജില്ലാ കളക്ടറുടെ റിപ്പോർട്ട്.

അതേസമയം, ഫ്രഷ് കട്ട് അടച്ചുപൂട്ടാനുള്ള ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തത് കട്ടിപ്പാറ പഞ്ചായത്ത് സെക്രട്ടറിയുടെ റിപ്പോർട്ടിനെ തുടർന്നെന്ന പി കെ ഫിറോസ് എംഎൽഎയുടെ ആരോപണം പൊളിഞ്ഞു. പൊല്യൂഷൻ കൺട്രോൾ ബോർഡും ശുചിത്വമിഷനും പരിശോധന നടത്തണമെന്ന് പഞ്ചായത്ത് സെക്രട്ടറി ജില്ലാ ഭരണകൂടത്തിന് റിപ്പോർട്ട് നൽകിയിരുന്നു. ഇത് അവഗണിച്ച് തിടുക്കപ്പെട്ട് സ്റ്റോപ്പ് മെമ്മോ നൽകിയതാണ് കമ്പനിക്ക് അനുകൂലമായ ഉത്തരവിന് ഇടയാക്കിയത്.

പഞ്ചായത്ത് സെക്രട്ടറി ജില്ലാ ഭരണകൂടത്തിന് നൽകിയ റിപ്പോർട്ട് പുറത്തുവന്നതോടെ പികെ ഫിറോസിന്റെ ആരോപണത്തിന്റെ മുന ഒടിഞ്ഞു. കനത്ത മഴയിൽ ഇരുതുള്ളി പുഴയിൽ ജലനിരപ്പ് ഉയർന്നതിന് പിന്നാലെ ഫ്രഷ് കട്ട് പ്ലാന്റിനുള്ളിലും വെള്ളം കയറിയെന്നതടക്കമുള്ള വിവരങ്ങൾ അക്കമിട്ട് നിരത്തിയാണ് സെക്രട്ടറി റിപ്പോർട്ട് നൽകിയത്. ഓഗസ്റ്റ് ഒന്നിനും രണ്ടിനും സ്ഥലത്ത് പരിശോധന നടത്തിയെന്നും പുഴയിലെ വെള്ളത്തിന്റെ നിറം മാറിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു.

പൊല്യൂഷൻ കൺട്രോൾ ബോർഡും ശുചിത്വമിഷനും വിശദ പരിശോധന നടത്തണമെന്ന ശുപാർശയോടെയാണ് ജില്ലാ ഭരണകൂടത്തിന് റിപ്പോർട്ട് നൽകിയത്. എന്നാൽ ഇത് അവഗണിച്ച് മലിനീകരണ ബോർഡ് പ്ലാന്റിന് സ്റ്റോപ്പ് മെമ്മോ നൽകിയത് തിരിച്ചടിച്ചു. ഹൈക്കോടതിയിൽ നിന്നും കമ്പനിക്ക് അനുകൂലമായ ഉത്തരവും ലഭിച്ചു. നടപടിക്രമങ്ങൾ പാലിക്കാതെ തിടുക്കപ്പെട്ട് ഉത്തരവിറക്കിയതാണ് തിരിച്ചടിക്കിടയാക്കിയത്. ഇതിനിടെ പ്ലാൻറ് മാറ്റി സ്ഥാപിക്കുമെന്ന റിപ്പോർട്ടുകളും കമ്പനി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

Content Highlights: kerala high court issues interim order allowing fresh cut plant

To advertise here,contact us