തിരുവനന്തപുരം: റിപ്പോര്‍ട്ടര്‍ അടക്കമുള്ള മാധ്യമങ്ങളുടെ വാര്‍ത്താ കാര്‍ഡുകള്‍ സാമൂഹിക മാധ്യമങ്ങളില്‍ നിന്നും നീക്കിയതില്‍ പ്രതിഷേധവുമായി സിപിഐഎം. കോണ്‍ഗ്രസ് ദേശീയ നേതൃത്വം മറുപടി പറയണമെന്ന് എ എ റഹീം എം പി ആവശ്യപ്പെട്ടു. സര്‍ക്കാരിനെതിരായ അതൃപ്തി മെറ്റ സെന്‍സറിങ് കൊണ്ട് ഇല്ലാതാവില്ലെന്നും എ എ റഹീം എം പി പറഞ്ഞു.
'ഇത് വളരെ ഗുരുതരമായ പ്രശ്നമാണ്. അഭിപ്രായ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണ്. മെറ്റയെ കൂട്ടുപിടിച്ചതുകൊണ്ട് സ്വയം എക്സ്പോസ് ചെയ്യപ്പെടില്ലെന്ന് കരുതരുത്. എല്ലാം സുരക്ഷിതമായി എന്ന് കരുതരുത്. നെഹ്റൂവിയന്‍ ലെഫ്റ്റ് അല്ല നെഹ്റുവില്‍ നിന്നും ലെഫ്റ്റ് ആയ വി ഡി സതീശനെയാണ് നമ്മള് കാണുന്നത്. വാക്കില്‍ നെഹ്റുവും മനസ്സില്‍ സവര്‍ക്കറുമാണ്', എ എ റഹീം പറഞ്ഞു.
മെറ്റയ്ക്കെതിരെ ഐടി മന്ത്രിക്ക് കത്ത് നല്‍കുമെന്ന് ജോണ്‍ ബ്രിട്ടാസ് എംപിയും പറഞ്ഞു. സെന്‍സറിങ് അവസാനിപ്പിക്കണം എന്ന് ആവശ്യപ്പെട്ട് മെറ്റയ്ക്കും കത്തയക്കും. അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യമാണ് സംസ്ഥാനത്തെന്നും ജോണ്‍ ബ്രിട്ടാസ് വിമര്‍ശിച്ചു. മോദിയും വി ഡിയും തമ്മിലുള്ള വ്യത്യാസം നേര്‍ത്തുനേര്‍ത്ത് ഇല്ലാതാവുന്നതുപോലെയാണ് തോന്നുന്നത്. ഈ അകലം കുറഞ്ഞെന്ന് ആരെങ്കിലും ആക്ഷേപിച്ചാല്‍ അവരെ കുറ്റം പറയാന്‍ പറ്റാത്ത അവസ്ഥയുണ്ടായി. അടിയന്തരാവസ്ഥയേക്കാള്‍ വലിയ സെന്‍സറിങ് ആണ് നടക്കുന്നതെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.
ഇത്തരത്തിലുള്ള സെന്‍സറിങ് പാടില്ലെന്ന് മുഖ്യമന്ത്രി തന്നെ മെറ്റയോട് പറയണം. ഈ രൂപത്തില്‍ കാര്യങ്ങള്‍ നീങ്ങിയാല്‍ നാളെ നിയമസഭയില്‍ പോലും മുഖ്യമന്ത്രിയെ വിമര്ശിക്കാനാകില്ലല്ലോയെന്നും ജോണ്‍ ബ്രിട്ടാസ് ചോദിച്ചു. കേരള സര്‍ക്കാര്‍ ഭീരുകളെ പോലെയാണ് പെരുമാറുന്നതെന്ന് സന്തോഷ് കുമാര്‍ എംപി പരിഹസിച്ചു. കോണ്‍ഗ്രസ് നേതൃത്വത്തിന് മുഖ്യമന്ത്രിയെ നിയന്ത്രിക്കാന്‍ കഴിയുന്നില്ലെന്നും സന്തോഷ് കുമാര്‍ എംപി പറഞ്ഞു.
Content Highlights: CPIM has protested against the removal of news cards from social media platforms belonging to media outlets including Reporter.