ചിതറയില്‍ മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് വീട് ഇടിച്ച് പൊളിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്

കഴിഞ്ഞ ദിവസമാണ് അബ്ദുള്‍ വഹാബും ഭാര്യ സുഹറയും താമസിച്ചിരുന്ന വാടക വീട് ഉടമകള്‍ ഇടിച്ചു നിരത്തിയത്

കൊല്ലം: ചിതറയില്‍ മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് വീട് ഇടിച്ച് പൊളിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്. വസ്തു ഉടമയുടെ സഹോദരന്മാരായ അന്‍വറിനും ദില്‍ബറിനും എതിരെയാണ് ചിതറ പൊലീസ് കേസെടുത്തത്. ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. വീട് പൊളിക്കാന്‍ ഉപയോഗിച്ച മണ്ണ് മാന്തി യന്ത്രവും പിടികൂടിയിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് അബ്ദുള്‍ വഹാബും ഭാര്യ സുഹറയും താമസിച്ചിരുന്ന വാടക വീട് ഉടമകള്‍ ഇടിച്ചു നിരത്തിയത്. ഉടമകളും വാടകക്കാരും തമ്മില്‍ ഏറെനാളായി പ്രശ്‌നമുണ്ടായിരുന്നു. വീട് ഒഴിയണമെന്ന് കെട്ടിട ഉടമകള്‍ നിരന്തരം ഇവരോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കേസ് കോടതിയിലെത്തിയപ്പോള്‍ കൊട്ടാരക്കര മുന്‍സിഫ് കോടതി ഇത് സംബന്ധിച്ച നടപടിക്രമങ്ങള്‍ നിര്‍ത്തിവെക്കാന്‍ ഉത്തരവിടുകയും ചെയ്തിരുന്നു. പിന്നാലെയാണ് ഉടമകള്‍ പൊടുന്നനെ ഈ വീട് ഇടിച്ചു നിരത്തുന്ന സാഹചര്യം ഉണ്ടായത്.

മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ചായിരുന്നു വീട് ഇടിച്ചുപൊളിച്ചത്. ഇതിന്റെ ഡ്രൈവറെ നേരത്തെ പൊലീസ് എടുത്ത എഫ്‌ഐആറില്‍ പ്രതി ചേര്‍ത്തിരുന്നു. എന്നാല്‍ എഫ്‌ഐആറില്‍ ഇദ്ദേഹത്തിന്റെ പേര് എന്താണെന്ന് പരാമര്‍ശിച്ചിട്ടില്ല, വാഹന ഡ്രൈവര്‍ എന്ന് മാത്രമാണ് രേഖപ്പെടുത്തിയിരുന്നത്. വീട് ഇടിച്ച് നിരത്തിയതിന് പിന്നാലെ അവിടെ താമസിച്ചിരുന്ന ദമ്പതികള്‍ക്ക് കടത്തിണ്ണകളില്‍ അടക്കം അഭയം തേടേണ്ട ദയനീയമായ സ്ഥിതിയും വന്നിരുന്നു.

Content Highlights: Police have registered a case over the demolition of a house using an earthmover in Chithara. The property owner’s brothers Anwar and Dilbar were arrested in connection with the case and later released on station bail, while the earthmover used for the demolition has also been taken into custody.

To advertise here,contact us