തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെ വിമര്‍ശിച്ചുകൊണ്ടുള്ള വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ നിന്ന് നീക്കിയ സംഭവത്തില്‍ പ്രതികരിച്ച് പ്രതിപക്ഷനേതാവ് പിണറായി വിജയന്. അടിയന്തരാവസ്ഥക്കാലം പോലെ അധികാരത്തിന്റെ മര്‍ക്കടമുഷ്ടി ഉപയോഗിച്ച് മാധ്യമങ്ങളെയും പ്രതിപക്ഷത്തെയും അഭിപ്രായ സ്വാതന്ത്ര്യത്തെയും അടിച്ചമര്‍ത്താനാണ് മുഖ്യമന്ത്രിയും യുഡിഎഫും ശ്രമിക്കുന്നതെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
മുഖ്യമന്ത്രിയോട് അടുപ്പമുള്ളയാള്‍ ലഹരിക്കേസില്‍ പിടിക്കപ്പെട്ടപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ ലഹരിയുടെ പക്ഷത്തേക്ക് മാറിപ്പോയോ എന്ന സംശയം ഉടലെടുക്കുകയാണെന്നും പിണറായി വിജയന് വിമര്‍ശിച്ചു. അതുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കു വയ്ക്കുന്ന വാര്‍ത്തകള്‍ ഇന്ത്യയില്‍ ഉള്ളവര്‍ക്ക് കാണാന്‍ സാധിക്കാത്ത വിധം നിയന്ത്രിക്കപ്പെടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പിണറായി വിജയന്റെ ഫേസ്ബുക്ക് കുറിപ്പ്
മുഖ്യമന്ത്രിയുടെ സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്റര്‍ എന്നു സ്വയം അവകാശപ്പെടുന്ന വ്യക്തിയെ ഓപ്പറേഷന് തൂഫാന്റെ ഭാഗമായി നിയമത്തിന്റെ മുന്പില് കൊണ്ടുവന്നത് സംബന്ധിച്ച പോസ്റ്റുകള്‍ നീക്കം ചെയ്യിച്ച സോഷ്യല്‍ മീഡിയാ സെന്‍സറിംഗിനെതിരെ ഇന്ന് ഞാന്‍ പത്രസമ്മേളനത്തില്‍ പ്രതികരിച്ചിരുന്നു.
എന്നാല്‍, ആ വാര്‍ത്ത പോലും ജനങ്ങളില്‍ നിന്നു മറച്ചു വയ്ക്കാന്‍ സര്‍ക്കാര്‍ ഇടപെട്ടിരിക്കുന്നു. എന്റെ അത് സംബന്ധിച്ച പ്രസ്താവനക്കും അപ്രഖ്യാപിത സോഷ്യല്‍ മീഡിയ സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തി നീക്കം ചെയ്ത സംസ്ഥാന സര്‍ക്കാറിന്റെ നടപടിയുണ്ടായിരിക്കുന്നു. സര്‍ക്കാര്‍, വിശേഷിച്ചും ആഭ്യന്തര മന്ത്രി ശ്രീ രമേശ് ചെന്നിത്തല നടത്തുന്ന തൂഫാന് റെയ്ഡുകളെ പ്രതിപക്ഷം എതിര്‍ത്തിട്ടില്ല.വലിയ സാമൂഹ്യ വിപത്തായ ലഹരിക്കെതിരെ ആര് നടപടി സ്വീകരിച്ചാലും സ്വാഗതാര്‍ഹമാണ്. അത്തരം വാര്‍ത്തകള്‍ പൊതു സമൂഹത്തില്‍ ലഹരിക്കെതിരായ അവബോധം വളര്‍ത്തും. കുറ്റവാളികളായ ലഹരിക്കടത്തുകാര്‍ക്കും ഏജന്റുമാര്‍ക്കും ഒരു താക്കീത് കൂടിയാവും ഇതെല്ലാം എന്ന നിലയില്‍ മാധ്യമങ്ങളും നല്ല പ്രചരണം നല്‍കുക സ്വാഭാവികമാണ്.
പക്ഷെ മുഖ്യമന്ത്രിയോട് അടുപ്പമുള്ളയാള്‍ പിടിക്കപ്പെട്ടപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ ലഹരിയുടെ പക്ഷത്തേക്ക് മാറിപ്പോയോ എന്ന സംശയം ഉടലെടുക്കുകയാണ്. അതുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കു വയ്ക്കുന്ന വാര്‍ത്തകള്‍ ഇന്ത്യയില്‍ ഉള്ളവര്‍ക്ക് കാണാന്‍ സാധിക്കാത്ത വിധം നിയന്ത്രിക്കപ്പെടുകയാണ്. പുറത്ത് ലഹരിക്ക് എതിരെ ഓപ്പറേഷന് തൂഫാന് ആഘോഷമാക്കി നടക്കുമ്പോള്‍ അകത്ത് ലഹരിക്കടത്തുകാര്‍ക്ക് അകമഴിഞ്ഞ പിന്തുണ കൊടുക്കുന്നത്. എന്തൊരു പ്രഹസനമാണ് ? ആഭ്യന്തര മന്ത്രി അറിഞ്ഞുകൊണ്ടാണോ കുറ്റവാളിക്ക് ഈ നിലയില്‍ സംരക്ഷണം ലഭിക്കുന്നത്? ആഭ്യന്തര വകുപ്പ് വിശദീകരിക്കണം.അടിയന്തരാവസ്ഥക്കാലം പോലെ അധികാരത്തിന്റെ മര്‍ക്കടമുഷ്ടി ഉപയോഗിച്ച് മാധ്യമങ്ങളേയും പ്രതിപക്ഷത്തേയും അഭിപ്രായ സ്വാതന്ത്ര്യത്തേയും അടിച്ചമര്‍ത്താനാണ് മുഖ്യമന്ത്രിയും യു ഡി എഫും ശ്രമിക്കുന്നത്.
രാജ്യത്തിന്റെ സുരക്ഷയും ക്രമസമാധാനവും ഉള്‍പ്പെടെയുള്ള അത്യധികം ഗൗരവമുള്ള വിഷയങ്ങളില്‍ സ്വീകരിക്കുന്ന കരുതല്‍, മുഖ്യമന്ത്രിയുടെ സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്റര്‍ മയക്കുമരുന്നു കടത്തില്‍ പിടിയിലാകുമ്പോള്‍ കൈക്കൊള്ളുന്നത് രാജ്യത്തിന്റെ നിയമ വ്യവസ്ഥിതിയോടുള്ള നിന്ദയും വെല്ലുവിളിയും കൂടിയാണ്. പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന പോലും ജനങ്ങളിലേക്കെത്താതെ കുറ്റവാളിയോടാണ് സര്‍ക്കാരിന്റെ കരുതല്‍.
ഇനി പറയാനുള്ളത് ആഭ്യന്തര മന്ത്രിയോടാണ് : ഓപ്പറേഷന് തൂഫാന്റെ ഭാഗമായി എംഡിഎംഎ കടത്തിന് രാഷ്ടീയ ഭേദമില്ലാതെ കോണ്‍ഗ്രസ് നേതാവിനെ വരെ പിടികൂടിയത് വഴി ലഹരി വിപത്തിനെതിരെ ശക്തമായ പ്രതിരോധമായി മാറുമായിരുന്ന 'ഓപ്പറേഷന് തൂഫാന്' രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്കും സമ്മര്‍ദ്ദങ്ങള്‍ക്കും കീഴടങ്ങി പ്രഹസനമാവുന്നു എന്ന സന്ദേശമാണ് ഇതെല്ലാം നല്‍കുക. അങ്ങേക്ക് കിട്ടിയ അഭിനന്ദനങ്ങളും നല്ല വാക്കുകളും ഒരു മയക്ക് മരുന്ന് കടത്തുകാരന്റെ ദാസ്യപ്പണിയിലൂടെ കളഞ്ഞ് കുളിക്കരുത്. നീതിബോധവും ആത്മാര്‍ത്ഥതയും ആര്‍ജ്ജവവും ഉള്ള ഭരണാധികാരികള്‍ ഉയര്‍ന്ന് വരുന്നത് സമ്മര്‍ദ്ധങ്ങള്‍ക്ക് കീഴ്പ്പെട്ടല്ല. ഇപ്പോള്‍ മയക്ക് മരുന്ന് കടത്തുകാര്‍ക്ക് സംരക്ഷണവും കരുതലും സര്‍ക്കാര്‍ തലത്തില്‍ തന്നെ നടക്കുകയാണല്ലോ? ഈ അനീതിക്കെതിരെ ആഭ്യന്തര മന്ത്രി പ്രതികരിക്കണം.
Content Highlights: Pinarayi Vijayan Reacts to Removal of Facebook Posts Critical of VD Satheesan