തിരുവനന്തപുരം: മന്ത്രി എന്‍ ഷംസുദ്ദീന്റെ സ്റ്റാഫില്‍ ജമാഅത്തെ ഇസ്ലാമി നേതാവിനെ ഉള്‍പ്പെടുത്തിയതില്‍ മുസ്ലിം ലീഗില്‍ അമര്‍ഷം പുകയുന്നു. യൂത്ത്ലീഗിനും എംഎസ്എഫിനും നിയമനത്തില്‍ അതൃപ്തി എന്നാണ് വിവരം. ഇരുവിഭാഗത്തിന്റെയും പ്രാതിനിധ്യം അവഗണിച്ചു എന്നും ആക്ഷേപമുണ്ട്. എംഎസ്എഫും യൂത്ത് ലീഗും നല്കിയ പട്ടിക പരിഗണിച്ചില്ലെന്നാണ് ഉയരുന്ന വിമര്‍ശനം. ഇത് സംബന്ധിച്ച് യുവജന വിദ്യാര്‍ത്ഥി നേതാക്കള്‍ പരസ്യ പ്രതികരണം നടത്തിയത് നേരത്തെ വിവാദമായിരുന്നു. പ്രവര്‍ത്തകര്‍ക്ക് നിയമനം നല്‍കാതെ വെല്‍ഫെയര്‍ പാര്‍ട്ടി നേതാവിന് നല്‍കിയതില്‍ നേതൃത്വത്തെ പ്രതിഷേധം അറിയിക്കാനാണ് പോഷക സംഘടനാ നേതാക്കളുടെ നീക്കം.
അതേസമയം എസ്ഐഒ മുന്‍ ജില്ല പ്രസിഡന്റിന്റെ നിയമനം പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് ലീഗ് കൊണ്ടോട്ടി മണ്ഡലം നേതൃത്വം രംഗത്ത് വന്നു. സംസ്ഥാന സെക്രട്ടറി പിഎംഎ സലാമിനെ നേരില്‍ കണ്ട് കമ്മിറ്റി നിലപാട് പറഞ്ഞു. കൊണ്ടോട്ടി മണ്ഡലം കമ്മിറ്റി നല്കിയ സ്റ്റാഫ് പട്ടികയില്‍ നിന്ന് ഒരാളെ പോലും നിയമിച്ചിട്ടില്ലെന്നാണ് ഇവര്‍ ഉയര്‍ത്തുന്ന പരാതി. 18 പേരുടെ ലിസ്റ്റാണ് സംസ്ഥാന നേതൃത്വത്തിന് കൈമാറിയിരുന്നത്. പട്ടികയിലുള്ള ലീഗ് മലപ്പുറം ജില്ല സെക്രട്ടറി അബ്ദുള്ള വാവൂര്, മണ്ഡലം സെക്രട്ടറി ടി പി അഷ്റഫ് എന്നിവരെയും അവഗണിച്ചെന്നാണ് പരാതി. എംഎസ്എഫ് ജില്ലാ വൈസ് പ്രസിഡന്റ് ഫാഹിം അഹമ്മദ്, യൂത്ത് ലീഗ് നേതാവ് മുഹമ്മദലി വാഴയൂര്‍, നവാസ് വെട്ടുപാറ തുടങ്ങിവരെയും പരിഗണിച്ചില്ല. ഇതിനിടെയാണ് കൊണ്ടോട്ടി മണ്ഡലത്തില്‍ നിന്നുള്ള ജമാഅത്തെ ഇസ്ലാമി നേതാവിനെ സ്റ്റാഫില്‍ എടുത്തത് എന്നതാണ് മണ്ഡലം കമ്മിറ്റിയെ ചൊടിപ്പിക്കാന്‍ കാരണം.
ജമാഅത്തെ ഇസ്ലാമിയുടെ വിദ്യാര്‍ത്ഥി സംഘടനയായ സ്റ്റുഡന്റ്സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്റെ മലപ്പുറം മുന്‍ ജില്ലാ പ്രസിഡന്റായ കെ കെ അഷ്റഫിനെയാണ് മന്ത്രി എന്‍ ഷംസുദ്ദീന്റെ സ്റ്റാഫില്‍ ഉള്‍പ്പെടുത്തിയത്. ഓഫീസ് അറ്റന്‍ഡന്റ് പദവിയിലാണ് അഷ്റഫിന് നിയമനം നല്‍കിയിരിക്കുന്നത്. ഫ്രറ്റേണിറ്റി മൂവ്മെന്റിന്റെ സംസ്ഥാന സെക്രട്ടറിയായിരുന്ന അഷ്റഫ് നിലവില്‍ വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗമാണ്. അഷ്റഫിന് നിയമനം നല്‍കിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവിന്റെ പകര്‍പ്പ് റിപ്പോര്‍ട്ടറിന് ലഭിച്ചിരുന്നു. അതേസമയം അഷ്റഫിന്റെ പശ്ചാത്തലം പരിശോധിച്ചില്ലെന്നും ബയോഡാറ്റ ലഭിക്കുകയായിരുന്നുവെന്നുമാണ് മന്ത്രിയുടെ വിശദീകരണം. പദവിക്ക് അനുയോജ്യനെന്ന് തോന്നിയതുെകാണ്ടാണ് നിയമനം നല്‍കിയതെന്നും മന്ത്രി പറഞ്ഞിരുന്നു.
കഴിഞ്ഞ കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ സ്റ്റാഫ് നിയമനത്തില്‍ കൃത്യമായ മാനദണ്ഡങ്ങള്‍ ഉണ്ടാകുമെന്നും പോഷക സംഘടനകളെ കൂടി പരിഗണിക്കുമെന്നും ലീഗ് നേതൃത്വം പ്രവര്‍ത്തകര്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. ഇതിനായി പിഎംഎ സലാം, റഷീദ് അലി തങ്ങള്‍ എന്നിവരടങ്ങുന്ന സമിതിയെ നിയോഗിക്കുകയും ചെയ്തിരുന്നു. പഞ്ചായത്ത് തലം മുതല്‍ സംസ്ഥാന തലം വരെ കൃത്യമായി പരിശോധിച്ച ശേഷമായിരുന്നു നിയമനത്തിനായുള്ള പട്ടിക സമിതി തയ്യാറാക്കി നല്‍കിയത്. എന്നാല്‍ ഈ പട്ടികയില്‍ നിന്ന് ഒരാളെപ്പോലും പരിഗണിച്ചില്ലെന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത്.
Content Highlights: Discontent is reportedly brewing within the Muslim League over the inclusion of a Jamaat-e-Islami leader in Minister N Shamsudheen’s staff. Youth League and MSF are reportedly unhappy that their recommendations were not considered, while concerns have also been raised over the representation of allied organisations in the appointment.