കൊച്ചി: ഒറ്റ ദിവസത്തിനുള്ളില്‍ മെറ്റ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്തത് റിപ്പോര്‍ട്ടറിന്റെ എട്ട് വാര്ത്താക്കാര്ഡുകള്. മുഖ്യമന്ത്രിയും ലഹരിക്കടത്ത് പ്രതിയും തമ്മിലുള്ള ബന്ധമാണ് ഇതില്‍ പ്രധാന കാര്‍ഡ്. നേതാക്കളുടെ പ്രതികരണം ഉള്‍പ്പടെ വാർത്തകളും മെറ്റ നീക്കിയ കാർഡുകളില്‍ ഉള്‍പ്പെടുന്നു.
മുഖ്യമന്ത്രിയുടെ സോഷ്യല്‍മീഡിയ കോര്‍ഡിനേറ്റര്‍ ലഹരിക്കേസില്‍ പിടിയിലായതും കാണാതായ മത്സ്യത്തൊഴിലാളി ജോണിന്റെ മകളുടെ മുഖ്യമന്ത്രിക്കെതിരായ വിമര്‍ശനും ഉള്‍ക്കൊള്ളുന്ന വാര്‍ത്തകള്‍ക്ക് പുറമെ, പ്രതിപക്ഷ നേതാക്കളുടെ സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങളും നീക്കം ചെയ്ത വാര്‍ത്തകളില്‍ ഉള്‍പ്പെടുന്നു.
റിപ്പോര്‍ട്ടര്‍ ഉള്‍പ്പടെയുള്ള ചാനലുകളുടെ വാര്‍ത്തകള്‍ മെറ്റ നീക്കിയതില്‍ പി ജയരാജന്റെ പ്രതികരണം ഉള്‍പ്പെടുന്ന വാര്‍ത്തയും ഫേസ്ബുക്കില്‍ നിന്ന് റിമൂവ് ചെയ്തിട്ടുണ്ട്. കാണാതായ മത്സ്യത്തൊഴിലാളികളുടെ വീട്ടില്‍ മുഖ്യമന്ത്രി പോകണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആവശ്യപ്പെടുന്ന വാര്‍ത്തയാണ് മെറ്റ റിമൂവ് ചെയ്ത റിപ്പോര്‍ട്ടര്‍ കാര്‍ഡുകളില്‍ മറ്റൊന്ന്. സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്യണമെന്ന് അഭിജീത് ദീപ്കെ ആവശ്യപ്പെടുന്ന വാര്‍ത്തയും ഫേസ്ബുക്കില്‍ നിന്ന് റിമൂവ് ചെയ്തിരിക്കുകയാണ്. കോഫി വിത്ത് അരുണ്‍, ഡിബേറ്റ് വിത് സ്മൃതി പരുത്തിക്കാട് എന്നീ പരിപാടികളുടെ സോഷ്യല്‍ മീഡിയ കാര്‍ഡുകളും മെറ്റ ഫേസ്ബുക്കില്‍ നിന്ന് റിമൂവ് ചെയ്തു.
മെറ്റയെ ഉപയോഗിച്ചുള്ള സര്‍ക്കാരിന്റെ ഈ നീക്കത്തിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്. ഐടി നിയമത്തിന്റെ ഭാഗമായുള്ള നടപടിയെന്നാണ് മെറ്റയുടെ മറുപടി. പരാതിയുടെ പേരിലാണ് വാര്‍ത്ത നീക്കം ചെയ്തതെന്നും മെറ്റ സമ്മതിക്കുന്നുണ്ട്. കലാപാഹ്വാനം മതസ്പര്‍ധ പോലുള്ള പോസ്റ്റുകള്‍ നീക്കാന്‍ വേണ്ടിയുള്ള നിയമമുപയോഗിച്ചാണ് സര്‍ക്കാര്‍ മെറ്റയെക്കൊണ്ട് വാര്‍ത്തകള്‍ നീക്കം ചെയ്യിപ്പിച്ചിരിക്കുന്നത്. നിയമം മറയാക്കി ഇഷ്ടമല്ലാത്ത വാര്‍ത്തകള്‍ നീക്കം ചെയ്യിപ്പിക്കുന്ന നടപടി സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിന് നേരെയുള്ള വെല്ലുവിളിയെന്ന വിമര്‍ശനം ഉയരുന്നുണ്ട്.
Content Highlights: Eight news reports published by Reporter were reportedly removed by Meta within 24 hours following government intervention.