തിരുവനന്തപുരം: ഓപ്പറേഷന് തൂഫാനില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്ററും യൂത്ത് കോണ്‍ഗ്രസിന്റെ ബൂത്ത് ഭാരവാഹിയുമായ മുഹമ്മദ് ഹുസൈന് പിടിയിലായ സംഭവത്തില്‍ പ്രതികരണവുമായി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. 'സതീശന് സാറിന്റെ പിള്ളേരെ രമേശന് സാറിന്റെ പൊലീസ് കാസര്‍കോട് നിന്ന് എംഡിഎംഎയുമായി പിടികൂടിയെന്ന ലേറ്റസ്റ്റ് വാര്‍ത്ത' എന്ന് പറഞ്ഞുകൊണ്ട് ഫേസ്ബുക്കിലൂടെയായിരുന്നു സനോജിന്റെ പ്രതികരണം. രമേശന് സാറിന്റെ തൂഫാന് പൊളിക്കാന്‍ സതീശന് സാര്‍ ഇറക്കിവിട്ടവരാണോ ഇവരെന്നും സനോജ് ചോദിക്കുന്നുണ്ട്.
സനോജിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
സതീശന് സാറിന്റെ 'പിള്ളേരെ' രമേശന് സാറിന്റെ പോലീസ് കാസര്‍ഗോഡ് നിന്ന് എംഡിഎംഎയുമായി പിടികൂടിയെന്ന ലേറ്റസ്റ്റ് വാര്‍ത്ത. പിടിയിലായവരില്‍ ഒരാള്‍ സ്വന്തം സോഷ്യല്‍ മീഡിയ പ്രൊഫൈലില്‍ 'വി ഡി സതീശന്റെ സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്റര്‍' എന്ന് രേഖപ്പെടുത്തിയിരുന്നയാളാണത്രേ. അതുമാത്രമല്ല, 'ലീഡര്‍ വി ഡി സതീശന്' എന്ന ഗ്രൂപ്പിന്റെ അഡ്മിനും, സതീശനെ പ്രമോട്ട് ചെയ്യുന്ന വീഡിയോകള്‍ സ്ഥിരമായി പങ്കുവെക്കുന്നയാളുമാണെന്ന വിവരങ്ങളും പുറത്തുവരുന്നു…! ഇവര്‍ ഒരുമിച്ചുള്ള വീഡിയോകളും പുറത്ത് വരുന്നുണ്ട്.
പിടിയിലായവരില്‍ ഒരാള്‍ മുഖ്യമന്ത്രിയുടെ ഓഫീസിലിരിക്കുന്ന ചിത്രങ്ങള്‍ സ്വന്തം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്ന വിവരവും പുറത്തുവരുന്നു.
അറിയേണ്ടത് ചില കാര്യങ്ങളാണ്.രമേശന് സാറിന്റെ 'തൂഫാന്' പൊളിക്കാന്‍ സതീശന് സാര്‍ ഇറക്കിവിട്ടവരാണോ ഇവരെ…? രാഷ്ട്രീയ ബന്ധങ്ങള്‍ക്കപ്പുറം ഇവര്‍ക്ക് നേരത്തേ തന്നെ ഇത്തരം ഇടപാടുകളുണ്ടായിരുന്നോ…? ഇത്രയും അടുത്ത് പ്രവര്‍ത്തിച്ചിരുന്ന ഒരാളെക്കുറിച്ച് വി ഡി സതീശന് ഒന്നും അറിയില്ലായിരുന്നോ…? പോലീസ് പിടികൂടുന്നതിന് മുമ്പ് തന്നെ രണ്ട് ജില്ലകളില്‍ ലഹരി വിതരണം ഇവര്‍ നടത്തിയെന്ന വിവരങ്ങളും പുറത്ത് വരുന്നുണ്ട്. ഇത് വെറുമൊരു ലഹരിക്കേസ് മാത്രമായി അവസാനിക്കേണ്ട വിഷയമല്ല. മുഖ്യമന്ത്രിയുടെ ഓഫീസ് നിയന്ത്രിക്കുന്ന ലഹരി മാഫിയാ സംഘത്തിന്റെ അടിവേരുകള്‍ പുറത്തുകൊണ്ട് വരണം.
തിങ്കളാഴ്ചയായിരുന്നു മുഖ്യമന്ത്രിയുടെ സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്റര്‍ മുഹമ്മദ് ഹുസൈന് ലഹരിക്കേസില്‍ പിടിയിലാകുന്നത്. മുഹമ്മദ് ഹുസൈനൊപ്പം എറണാകുളം വെങ്ങോല സ്വദേശികളായ പി എ അബ്ദുള്‍ സലാം, കെ എച്ച് മുഹമ്മദ് ഹുസൈന്, പി എ അബ്ബാസ് എന്നിവരും പിടിയിലായിരുന്നു. കാലിക്കടവില്‍ വെച്ച് 139.29 ഗ്രാം എംഡിഎംഎയുമായാണ് സംഘം പിടിയിലാകുന്നത്. വെങ്ങോല പഞ്ചായത്തിലെ 142-ാം ബൂത്ത് പ്രസിഡന്റായിരുന്നു ഹുസൈന്. മുഹമ്മദ് ഹുസൈന് കോണ്‍ഗ്രസിന്റെ ലഹരി വിരുദ്ധ പ്രചാരണത്തിലും പങ്കെടുത്തിരുന്നു. മുമ്പ് ഹുസൈന്റെയും സലാമിന്റെയും വീട്ടില്‍ വി ഡി സതീശന് സന്ദര്‍ശനം നടത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു.
Content Highlights: V K Sanoj criticized the political developments involving police action and Operation Thoofan, referring to leaders Satheesan and Ramesh in his statement.