'RSSന് ഒരു നിയമം, സാധാരണക്കാരന് മറ്റൊരു നിയമം, ടി ജി മോഹൻദാസിനെതിരെ സർക്കാർ ചുമത്തിയത് ദുർബല വകുപ്പുകൾ'

നിയമത്തെ പ്രഹസനമാക്കുന്ന ആഭ്യന്തര വകുപ്പ് ജനങ്ങളോട് മറുപടി പറയണമെന്നും സീന ഭാസ്ക്കർ പറഞ്ഞു

കൊച്ചി: ഡല്‍ഹിയില്‍ സമരം ചെയ്ത വിദ്യാര്‍ത്ഥികളെ അധിക്ഷേപിക്കുന്ന പരാമര്‍ശം നടത്തിയ ആര്‍എസ്എസ് സഹയാത്രികന്‍ ടി ജി മോഹന്‍ദാസിനെതിരെ സര്‍ക്കാര്‍ ചുമത്തിയത് ദുര്‍ബലമായ വകുപ്പുകളെന്ന് സാമൂഹ്യ പ്രവര്‍ത്തകയും പരാതിക്കാരിയുമായ സീന ഭാസ്‌ക്കര്‍. ആഭ്യന്തര വകുപ്പ്നിയമത്തെ പ്രഹസനമാക്കിയെന്ന് സീന ഭാസ്ക്കർ പറഞ്ഞു. അധികാരത്തിലിരിക്കുന്നവരുടെ സൗകര്യത്തിന് ഉപയോഗിക്കാനുള്ളതല്ല നിയമം. ക്രിമിനല്‍വല്‍കൃതമായ കുറ്റം ചെയ്തിട്ടും നിസ്സാര വകുപ്പുകളാണ് ചുമത്തിയതെന്നും സീന ഭാസ്‌ക്കര്‍ പറഞ്ഞു.

'പരാതി നല്‍കി പതിനൊന്ന് ദിവസമായിട്ടും യാതൊരു മറുപടിയും ലഭിച്ചിട്ടില്ല. ഗുരുതരമായ കുറ്റം ചെയ്ത മോഹന്‍ദാസിനെതിരെ ദുര്‍ബലമായ വകുപ്പുകളാണ് ചുമത്തിയത്. അറസ്റ്റ് ചെയ്ത ശേഷം ജാമ്യം നല്‍കി വിട്ടയക്കുകയും ചെയ്തു. നിയമത്തെ പ്രഹസനമാക്കുന്ന ആഭ്യന്തര വകുപ്പ് ജനങ്ങളോട് മറുപടി പറയണം. കുറ്റകൃത്യത്തിന്റെ ഗൗരവം പരിഗണിച്ചാണ് നിയമപരമായി നടപടി സ്വീകരിക്കേണ്ടത്. എന്നാല്‍ ആഭ്യന്തര വകുപ്പ് ഇവിടെ നടപടി സ്വീകരിച്ചിട്ടില്ല. ഞങ്ങളുടെ പരാതിയില്‍ ഇതുവരെ കേസെടുത്തിട്ടില്ല. ആര്‍എസ്എസിന് ഒരു നിയമം സാധാരണക്കാരന് മറ്റൊരു നിയമം എന്നതാണ് സ്ഥിതി', സീന ഭാസ്‌ക്കര്‍ പറഞ്ഞു. നിയമ പോരാട്ടം തുടരുമെന്നും സമാനമനസ്‌ക്കരെ കൂടെ കൂട്ടുമെന്നും സീന ഭാസ്‌ക്കര്‍ കൂട്ടിച്ചേര്‍ത്തു.

ഇക്കഴിഞ്ഞ 29-ാം തീയതിയായിരുന്നു ടി ജി മോഹന്‍ദാസിനെതിരെ സീന ഭാസ്‌ക്കര്‍, ശ്രീജ നെയ്യാറ്റിന്‍കര, പ്രീത വി ജി, വിജു വര്‍മ്മ എന്നിവര്‍ ചേര്‍ന്ന് പരാതി നല്‍കിയത്. ടി ജി മോഹന്‍ദാസിനെതിരെ ലൈംഗിക അതിക്രമ ആഹ്വാനത്തിനും വര്‍ഗീയ പ്രചാരണത്തിനും കേസെടുത്തണമെന്നായിരുന്നു പതായില്‍ പറഞ്ഞിരുന്നത്. 'അധികാരം ലഭിച്ചാല്‍ എല്ലാവരെയും വെടിവെച്ച് കൊല്ലും, ശവങ്ങള്‍ പെറുക്കി കൊണ്ടുപോകും' എന്ന ടി ജി മോഹന്‍ദാസിന്റെ പരാമര്‍ശങ്ങള്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധിക്കുളളില്‍ പെടുന്നതല്ലെന്നും പൊതുജനങ്ങളില്‍ ഭീതി സൃഷ്ടിക്കുന്നതും രാഷ്ട്രീയ എതിരാളികള്‍ക്കെതിരായ സംഘടിത അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നതുമായ ഗുരുതരമായ പ്രസ്താവനകളാണെന്നും പരാതിയില്‍ പറഞ്ഞിരുന്നു. ടി ജി മോഹന്‍ദാസിനെതിരെ ഉടന്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് സമഗ്രമായ ക്രിമിനല്‍ അന്വേഷണം നടത്തണമെന്നും പരാതിക്കാര്‍ ആവശ്യപ്പെട്ടിരുന്നു.

തന്റെ യൂട്യൂബ് ചാനലായ പത്രിയിലൂടെയായിരുന്നു ഡല്‍ഹിയില്‍ സമരം നടത്തിയ വിദ്യാര്‍ത്ഥികളെ അധിക്ഷേപിച്ച് ടി ജി മോഹന്‍ദാസ് രംഗത്തെത്തിയത്. പ്രതിഷേധക്കാരെ നേരിടാന്‍ തനിക്ക് അവസരം ലഭിക്കുമായിരുന്നെങ്കില്‍ ജന്തര്‍ മന്തറില്‍ കര്‍ഫ്യൂ പ്രഖ്യാപിക്കുമായിരുന്നുവെന്നും വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വെടിയുതിര്‍ക്കുമായിരുന്നു എന്നുമായിരുന്നു ടി ജി മോഹന്‍ദാസ് പറഞ്ഞത്. എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്‌മോന്‍ ആയിരുന്നു മോഹന്‍ദാസിനെതിരെ ആദ്യം പരാതി നല്‍കിയത്. പിന്നാലെ പലരും പരാതി നല്‍കുകയായിരുന്നു.

പരാതികളുടെ അടിസ്ഥാനത്തില്‍ ജൂലൈ 29-ാം തീയതിയായിരുന്നു ടി ജി മോഹന്‍ദാസിനെതിരെ പൊലീസ് കേസെടുത്തത്. ഭാരതീയ ന്യായ സംഹിതയിലെ 192, 353 (1)(ബി), ഐടി ആക്ടിലെ 66, കേരള പൊലീസ് ആക്ടിലെ 120 (ഒ) എന്നീ വകുപ്പുകള്‍ പ്രകാരമായിരുന്നു ടി ജി മോഹന്‍ദാസിനെതിരെ കേസെടുത്തത്. പൊതുസമൂഹത്തില്‍ ലഹള ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ടി ജി മോഹന്‍ദാസ് പരാമര്‍ശം നടത്തിയതെന്നും എഫ്‌ഐആറില്‍ പറഞ്ഞിരുന്നു. ഇതിനിടെ മോഹന്‍ദാസിനെ അറസ്റ്റ് ചെയ്യാത്തതില്‍ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതോടെ മോഹന്‍ദാസിന്റെ മട്ടാഞ്ചേരിയിലെ വീട്ടില്‍ പൊലീസ് സംഘം എത്തുകയും കസ്റ്റഡിയില്‍ എടുക്കുകയും തിരുവനന്തപുരത്തേയ്ക്ക് കൊണ്ടുപോകുകയുമായിരുന്നു. പത്താം തീയതി അറസ്റ്റിലായ മോഹന്‍ദാസിന് അന്ന് തന്നെ ജാമ്യം ലഭിക്കുകയായിരുന്നു.

Content Highlights- Seena Bhaskar alleged that the government imposed weak legal sections against T G Mohandas and claimed that different standards are being applied to RSS members and ordinary people

To advertise here,contact us