പത്തനംതിട്ട: ശബരിമല നെയ്യ് ക്രമക്കേടില്‍ ഉന്നതരുടെ പങ്കും അന്വേഷിക്കാന്‍ നീക്കം നടക്കുന്നതായി വിവരം. ടെന്‍ഡര്‍ അട്ടിമറിക്കാന്‍ രാഷ്ട്രീയ സമ്മര്‍ദ്ദം ഉണ്ടായി എന്നാണ് സംശയം. പി എസ് പ്രശാന്തിനെയും അജികുമാറിനെയും എസ്ഐടി കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും. നിലവില്‍ സ്വര്‍ണ്ണകൊള്ള കേസില്‍ ജയിലിലാണ് ഇരുവരും ഉള്ളത്. ടെന്‍ഡര്‍ അട്ടിമറിച്ചതിലൂടെ 2.3 കോടിയുടെ നഷ്ടം ബോര്‍ഡിന് ഉണ്ടായെന്നാണ് കണ്ടെത്തല്‍.
കൂടുതല്‍ പേര് പ്രതികളാകും എന്നാണ് വിവരം. നെയ്യ് ക്രമക്കേടില്‍ എസ് ഐ ടി കൂടുതല്‍ പേരെ പ്രതിചേര്‍ത്തേക്കും. ദേവസ്വം ബോര്‍ഡിലെ കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്ക് ഇടപാടില്‍ പങ്കെുണ്ടെന്നും നിഗമനമുണ്ട്. പമ്പയിലെ ബോര്‍ഡ് ജീവനക്കാര്‍ക്കും സ്റ്റോര്‍ സൂപ്രണ്ടിനും വീഴ്ച ഉണ്ടായി. ശബരിമലയ്ക്ക് പുറമേ കൂടുതല്‍ ക്ഷേത്രങ്ങളിലേക്കും നെയ്യ് എത്തിച്ചതായാണ് വിവരം.
മില്‍മയ്ക്ക് കരാര്‍ ലഭിക്കുന്നതിന് പ്രശാന്തിന്റെ നേതൃത്വത്തില്‍ വഴിവിട്ട ഇടപെടല്‍ നടത്തിയെന്നാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ പ്രാഥമിക വിലയിരുത്തല്‍. 2025ലെ മകരവിളക്ക് കാലയളവില്‍ പുറത്ത് നിന്നും നെയ്യ് വാങ്ങാനുള്ള തീരുമാനം 2024ലാണ് ബോര്‍ഡ് സ്വീകരിക്കുന്നത്. ഇതിനായി വിളിച്ച ടെന്‍ഡറില്‍ ആറ് സ്ഥാപനങ്ങള്‍ പങ്കാളികളായി. ഈ നടപടി ക്രമങ്ങള്‍ പുരോഗമിക്കുന്നതിനിടെ ടെന്‍ഡര്‍ റദ്ദാക്കി കരാര്‍ മില്‍മയ്ക്ക് നല്കി. സാധാരണ നെയ്യ് ഉപയോഗിക്കുമ്പോള്‍ ഒരു കൂട്ട് അരവണ ഉണ്ടാക്കാന്‍ പത്ത് ലിറ്റര്‍ നെയ്യ് വേണ്ടിവരുന്ന സ്ഥാനത്ത് മില്‍മ നെയ്യാകുമ്പോള്‍ ഏഴ് മുതല്‍ ഏഴര ലിറ്റര്‍ മതിയാകും. ഇതിനാല്‍ മില്‍മയ്ക്ക് മുന്‍ഗണന നല്കാന് അന്നത്തെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു ശുപാര്‍ശ നല്‍കിയത്. ഇക്കാര്യം ദേവസ്വം കമ്മീഷണര്‍ എതിര്‍ത്തെങ്കിലും ഈ നിലപാട് തള്ളി മില്‍മയ്ക്ക് കരാര്‍ നല്കാന് പി എസ് പ്രശാന്തും ബോര്‍ഡ് അംഗം അജികുമാറും തീരുമാനമെടുത്തു.
ടെന്‍ഡറില്‍ പങ്കെടുത്ത തമിഴ്നാട്ടില്‍ നിന്നുള്ള സ്ഥാപനം ഒരു ലിറ്റര്‍ നെയ്യ്ക്ക് 369രൂപ കോട്ട് ചെയ്തപ്പോള്‍ മില്‍മയില്‍ നിന്നും വാങ്ങുന്നതിന് ലിറ്ററിന് 510രൂപയാണ് ചെലവാക്കിയത്. ഇത്തരത്തില്‍ 1.65ലക്ഷം ലിറ്റര്‍ നെയ്യ് മില്‍മയില്‍ നിന്നും വാങ്ങിയതിലൂടെ ബോര്‍ഡിന് 2.27കോടി രൂപയുടെ നഷ്ടമുണ്ടായെന്നായിരുന്നു ദേവസ്വം വിജിലന്‍സിന്റെ കണ്ടെത്തല്‍.
Content Highlights: The SIT is reportedly preparing to investigate the alleged involvement of senior officials in the Sabarimala ghee irregularities. PS Prashanth and Ajikumar may be taken into SIT custody for questioning, while investigators are examining alleged tender manipulation that reportedly caused a loss of ₹2.3 crore to the Devaswom Board. More officials and employees may also come under the probe.