'മുഖ്യമന്ത്രിയുടെ അടുത്ത അനുയായി അറസ്റ്റിലാകുന്നത് ജനം അറിയണ്ടേ?' റിപ്പോർട്ടർ വാർത്ത നീക്കിയതിൽ P ജയരാജൻ

അധികാരത്തെ അസ്വസ്ഥമാക്കുന്ന ചോദ്യങ്ങളോടും വാര്‍ത്തകളോടും മുഖം തിരിഞ്ഞ് നില്‍ക്കുന്നത് കേമത്തമല്ല ഭീരുത്വമാണെന്നും പി ജയരാജന്‍

കണ്ണൂര്‍: മുഖ്യമന്ത്രിയുടെ സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്ററെ മയക്കുമരുന്ന് കേസില്‍ അറസ്റ്റ് ചെയ്ത റിപ്പോര്‍ട്ടര്‍ വാര്‍ത്ത ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത നടപടിയെ വിമര്‍ശിച്ച് സിപിഐഎം നേതാവ് പി ജയരാജന്‍. വാര്‍ത്തകള്‍ക്ക് നേരെയാണോ മയക്കുമരുന്ന് കച്ചവടക്കാര്‍ക്ക് നേരെയാണോ ആഭ്യന്തര മന്ത്രിയുടെ ഓപ്പറേഷന്‍ തൂഫാനെന്ന് പി ജയരാജന്‍ ചോദിച്ചു. മുഖ്യമന്ത്രിയുടെ അടുത്ത അനുയായി അറസ്റ്റിലാകുന്നത് ജനങ്ങള്‍ അറിയേണ്ടേയെന്ന് പി ജയരാജന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചു.

അധികാരത്തെ അസ്വസ്ഥമാക്കുന്ന ചോദ്യങ്ങളോടും വാര്‍ത്തകളോടും മുഖം തിരിഞ്ഞ് നില്‍ക്കുന്നത് കേമത്തമല്ല ഭീരുത്വമാണെന്നും പി ജയരാജന്‍ പറഞ്ഞു. മുഖ്യമന്ത്രി വാര്‍ത്താസമ്മേളനങ്ങളില്‍ ഹിതകരമല്ലാത്ത ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നതിന് പകരം മാധ്യമപ്രവര്‍ത്തകന്റെ രാഷ്ട്രീയം ചര്‍ച്ച ചെയ്യുകയും പരിഹസിക്കുകയും മറുപടി ഒഴിവാക്കുകയുമാണ്. ഒരു പടി കൂടി കടന്ന് തങ്ങള്‍ക്കെതിരായ വാര്‍ത്തകളെ വളഞ്ഞ വഴി ഉപയോഗിച്ച് തടഞ്ഞ് നിര്‍ത്താന്‍ നോക്കുന്നുവെന്നും പി ജയരാജന്‍ വിമര്‍ശിച്ചു. മുഖ്യമന്ത്രിക്ക് എന്തിനാണ് ഇത്ര അസഹിഷ്ണുതയെന്നും അദ്ദേഹം ചോദിച്ചു.

ഇന്ന് റിപ്പോര്‍ട്ടറിന്റെ രണ്ട് വാര്‍ത്തകളാണ് ഫേസ്ബുക്കില്‍ നിന്നും സര്‍ക്കാര്‍ ഇടപെടലില്‍ മെറ്റ നീക്കം ചെയ്തത്. കാണാതായ മത്സ്യത്തൊഴിലാളി ജോണിന്റെ മകള്‍ മുഖ്യമന്ത്രിയെ വിമര്‍ശിച്ചതായുള്ള വാര്‍ത്തയും മുഖ്യമന്ത്രിയുടെ സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്റര്‍ ലഹരിക്കേസില്‍ പിടിയിലായതുമായി ബന്ധപ്പെട്ട വാര്‍ത്തയുമാണ് ഫേസ്ബുക്കില്‍ നിന്നും നീക്കം ചെയ്തത്.

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്റര്‍ ഉള്‍പ്പെടെയുള്ള മൂന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിടിയിലായ വാര്‍ത്തയാണ് മെറ്റ ആദ്യം റിമൂവ് ചെയ്തത്. ഇന്ത്യയിലെ ഫേസ്ബുക്ക് ഉപയോക്താക്കള്‍ക്ക് കാണാന്‍ കഴിയാത്ത വിധത്തില്‍ വാര്‍ത്ത ഫേസ്ബുക്കില്‍ നിന്ന് തടയുകയായിരുന്നു. ഇതിന് പിന്നാലെയാണ് ജോണിന്റെ മകളുടെ പ്രതികരണം അടങ്ങുന്ന വാര്‍ത്തയും സമാനമായി നീക്കം ചെയ്തത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

യുവതലമുറയെ കൊല്ലുന്ന എംഡിഎംഎ വ്യാപാര കേസില്‍ സംസ്ഥാന മുഖ്യമന്ത്രിയുടെ അടുത്ത അനുയായി തന്നെ അറസ്റ്റിലാകുന്നത് ജനങ്ങള്‍ അറിയണ്ടേ? വാര്‍ത്തകള്‍ക്ക് നേരെയാണോ മയക്കുമരുന്ന് കച്ചവടക്കാര്‍ക്ക് നേരെയാണോ ആഭ്യന്തരമന്ത്രിയുടെ ഓപ്പറേഷന്‍ തൂഫാന്‍? സോഷ്യല്‍ മീഡിയ കോര്‍ഡിനേഷന്‍ എന്നു പറഞ്ഞാല്‍ അത് മയക്കുമരുന്ന് വ്യാപാരത്തിന്റെ ഏകോപനം ആണോ? മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും മറുപടി പറയണം. അധികാരത്തെ അസ്വസ്ഥമാക്കുന്ന ചോദ്യങ്ങളോടും വാര്‍ത്തകളോടും മുഖം തിരിഞ്ഞ് നില്‍ക്കുന്നത് കേമത്തമല്ല ഭീരുത്വമാണ്.

മുഖ്യമന്ത്രി വി ഡി സതീശന്‍ വാര്‍ത്താസമ്മേളനങ്ങളില്‍ ഹിതകരമല്ലാത്ത ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നതിന് പകരം മാധ്യമപ്രവര്‍ത്തകന്റെ രാഷ്ട്രീയം ചര്‍ച്ച ചെയ്യുകയും പരിഹസിക്കുകയും മറുപടി ഒഴിവാക്കുകയുമാണ്. ഒരു പടി കൂടി കടന്ന് തങ്ങള്‍ക്കെതിരായ വാര്‍ത്തകളെ വളഞ്ഞ വഴി ഉപയോഗിച്ച് തടഞ്ഞു നിര്‍ത്താനും നോക്കുന്നു. കോണ്‍ഗ്രസുകാരുടെ എംഡിഎംഎ കടത്ത് സംബന്ധിച്ച വാര്‍ത്തകളും കണ്ടന്റുകളും നീക്കം ചെയ്യാന്‍ മെറ്റയോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്.

ആരാണ് അത് ആവശ്യപ്പെട്ടത്? എന്തിന്റെ അടിസ്ഥാനത്തില്‍? ഏത് നിയമമാണ് ലംഘിക്കപ്പെട്ടത്? ആരുടെ പരാതിയിലാണ് നടപടി ആവശ്യപ്പെട്ടത്? മുഖ്യമന്ത്രിയുടെ സോഷ്യല്‍ മീഡിയ സംവിധാനവുമായി ബന്ധമുള്ളതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഒരാളും കോണ്‍ഗ്രസുമായി ബന്ധമുള്ള ചിലരും എംഡിഎംഎ കേസില്‍ അറസ്റ്റിലായ വാര്‍ത്തകളില്‍ അനേകം ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. അധികാരകേന്ദ്രങ്ങളുമായുള്ള അവരുടെ ബന്ധത്തെക്കുറിച്ച് ചോദിക്കുന്നത് ജനാധിപത്യത്തിന്റെ അവകാശമാണ്.

ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ ചോദിക്കുന്നവന്റെ രാഷ്ട്രീയം അന്വേഷിക്കുകയും വാര്‍ത്തകള്‍ നിയന്ത്രിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന മുഖ്യമന്ത്രിയോട് ചോദിക്കട്ടെ: എന്തിനാണ് ഇത്രയും അസഹിഷ്ണുത? എന്താണ് മറച്ചുവയ്ക്കാനുള്ളത്? വാര്‍ത്ത തടയാം. മാധ്യമങ്ങളെ സമ്മര്‍ദ്ദത്തിലാക്കാം. ചോദ്യത്തെ പരിഹസിക്കാം. പക്ഷേ ജനങ്ങളുടെ മനസ്സില്‍ ഉയര്‍ന്ന ചോദ്യത്തെ ഇല്ലാതാക്കാന്‍ ഒരു അധികാരത്തിനും കഴിയില്ല. ഒരു തെരഞ്ഞെടുപ്പ് വിജയം കൊണ്ട് സാധാരണ ജനങ്ങളുടെ അവകാശങ്ങളെയും മാധ്യമസ്വാതന്ത്ര്യത്തെയും ജനാധിപത്യ മര്യാദകളെയും ചുരുട്ടിക്കൂട്ടി കത്തിച്ചു കളയാം എന്നത് വ്യാമോഹം മാത്രമാണ്.

ചോദ്യങ്ങളോട് കോപിക്കേണ്ട. മറുപടി പറയുക. പറയേണ്ടത് പ്രതിപക്ഷമോ മാധ്യമങ്ങളോ അല്ല; സര്‍ക്കാരും മുഖ്യമന്ത്രിയുമാണ്. മറുപടി പറയുന്നതുവരെ ചോദ്യങ്ങള്‍ ആവര്‍ത്തിച്ചുയരും. അതിനെ അടിച്ചമര്‍ത്താന്‍ ഒരു ലാത്തിയും ഒരു സെന്‍സര്‍ഷിപ്പും വളര്‍ന്നിട്ടില്ല. അടിയന്തരാവസ്ഥയില്‍ ഇന്ദിരാഗാന്ധിക്ക് കഴിയാത്തത് ഈ കാലത്ത് ഏതെങ്കിലും ഒരു ഖദറുകാരന് കഴിയും എന്നത് മലര്‍പ്പൊടിക്കാരന്റെ സ്വപ്നമാണ്. ജനാധിപത്യത്തില്‍ അധികാരത്തിന് മുകളിലാണ് ജനങ്ങളുടെ അറിയാനുള്ള അവകാശം. അതു സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോയ ചരിത്രമാണ് ഇന്ത്യ രാജ്യത്തെ ജനകീയ മുന്നേറ്റങ്ങളുടേത്.

Content Highlights: CPI(M) leader P Jayarajan has criticised CM VD Satheesan for removing a Reporter news post about the arrest social media coordinator

To advertise here,contact us