അമൃതാനന്ദമയിയെ സന്ദർശിച്ച സംഭവം: 'എന്റെ അഭിപ്രായത്തിൽ വ്യത്യാസം ഒന്നുമില്ല, ബാക്കി മുഖ്യമന്ത്രിയോട് ചോദിക്കൂ'

മുഖ്യമന്ത്രിയും തങ്ങളും തമ്മിൽ അഭിപ്രായ വ്യത്യാസം ഉള്ള ഏതെല്ലാം മേഖലയുണ്ടെന്നും കെ എം ഷാജി ചോദിച്ചു.

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശന്‍ അമൃതാനന്ദമയിയെ സന്ദര്‍ശിച്ചതില്‍ പ്രതികരിച്ച് മന്ത്രി കെ എം ഷാജി. തന്റെ പ്രസംഗം അവിടെ കിടക്കുന്നുണ്ടെന്നും അതില്‍ വ്യത്യാസമൊന്നുമില്ലെന്നും കെ എം ഷാജി പറഞ്ഞു. ബാക്കി മുഖ്യമന്ത്രിയോട് ചോദിക്കണമെന്നും കെ എം ഷാജി പറഞ്ഞു. താന്‍ അങ്ങനെ ചെയ്യില്ലെന്നും അതാണ് തന്റെ നിലപാടെന്നും കെ എം ഷാജി പറഞ്ഞു. മുഖ്യമന്ത്രിയും തങ്ങളും അഭിപ്രായ വ്യത്യാസം ഉള്ള ഏതെല്ലാം മേഖലയുണ്ടെന്നും കെ എം ഷാജി ചോദിച്ചു.

അതേസമയം പി എം ശ്രീയില്‍ അഭിപ്രായ വ്യത്യാസം ഇല്ലെന്നും മന്ത്രി പ്രതികരിച്ചു. വിഷയത്തില്‍ ലീഗിന് ഒരു നിലപാടുണ്ട്. കമ്മിറ്റിയില്‍ ലീഗിന്റെ എല്ലാ അഭിപ്രായവും അറിയിക്കും. അഭിപ്രായ വ്യത്യാസം ഉള്ളതുകൊണ്ട് ആണല്ലോ കമ്മിറ്റി രൂപീകരിച്ചത്. യോജിക്കാനും വിയോജിക്കാനും സ്വാതന്ത്ര്യം ഉണ്ട്. മുന്നണിയില്‍ വിയോജിപ്പ് അറിയിക്കേണ്ട സമയത്ത് അറിയിക്കുമെന്നും കെ എം ഷാജി പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് അമൃതാനന്ദമയിയെ മുഖ്യമന്ത്രി സന്ദര്‍ശിച്ചത്. കൊല്ലത്ത് നിന്ന് ഉച്ചയോടെ അമൃതപുരിയിലെത്തിയ മുഖ്യന്ത്രിയെ ആശ്രമകവാടത്തില്‍ വെച്ച് സ്വീകരിച്ചു. തുടര്‍ന്നായിരുന്നു അമൃതാനന്ദമയിയുമായുള്ള കൂടിക്കാഴ്ച. ഒരു മണിക്കൂറിലേറെ സമയം ആശ്രമത്തില്‍ തങ്ങിയ മുഖ്യമന്ത്രി ആശ്രമത്തിലെ കളരിയില്‍ ക്ഷേത്ര ദര്‍ശനം നടത്തി. ശേഷം ഉച്ചഭക്ഷണവും കഴിച്ചായിരുന്നു മടക്കം.

ഇതിന് പിന്നാലെ മുമ്പ് അമൃതാനന്ദമയിക്കെതിരെ കെ എം ഷാജി നടത്തിയ പരാമര്‍ശം വീണ്ടും ചര്‍ച്ചയായിരുന്നു. മന്ത്രിസ്ഥാനത്തുള്ള ഒരു വ്യക്തി ആള്‍ദൈവമായ അമൃതാനന്ദമയിയെ കെട്ടിപ്പിടിക്കുന്നതും ദര്‍ഗയില്‍ പോയി തുണി വിരിക്കുന്നതും ഒരുപോലെ തെറ്റാണെന്നായിരുന്നു കെ എം ഷാജിയുടെ അന്നത്തെ പരാമര്‍ശം. അമൃതാനന്ദമയിയുടെ ജന്മദിനത്തില്‍ അന്നത്തെ മന്ത്രി സജി ചെറിയാന്‍ അമൃതപുരിയിലെത്തുകയും ചേര്‍ത്തുപിടിക്കുന്നതിന്റെയും ചിത്രങ്ങള്‍ ചര്‍ച്ചയായിരുന്നു. ഇതിലായിരുന്നു കെ എം ഷാജിയുടെ പഴയ പരാമര്‍ശം.

Content Highlights: Minister K M Shaji has responded to V D Satheesan’s visit to Amritanandamayi, saying that his earlier speech remains unchanged and there is no difference in his stand.

To advertise here,contact us