തിരുവനന്തപുരം: എന്‍എസ്എസിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ മന്ത്രി കെ ബി ഗണേഷ് കുമാര്‍. എന്‍എസ്എസ് ഇന്ന് ചിലയാളുകള്‍ കയ്യടക്കിയെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു. മന്നത് ആചാര്യന് ഉണ്ടാക്കിയെടുത്ത മഹാ പ്രസ്ഥാനത്തില്‍ ഇന്ന് ഏകാധിപത്യമാണ് നടക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. 64 വര്‍ഷമായി പിതാവ് ആര് ബാലകൃഷ്ണപ്പിള്ള എന്‍എസ്എസ് പത്തനാപുരം താലൂക്ക് യൂണിയന് പ്രസിഡന്റ് ആയിരുന്നുവെന്നും ജീവിച്ചിരുന്ന കാലം മുഴുവന്‍ ആര് ബാലകൃഷ്ണപിള്ളയെ അപമാനിച്ചെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
എന്‍എസ്എസുമായുള്ള തര്‍ക്കത്തിന്റെ ഭാഗമായി ഗണേഷ് കുമാര്‍ പങ്കെടുക്കുന്ന വേദി എന്‍എസ്എസ് നിഷേധിച്ചിരുന്നു. തിരുവനന്തപുരം മന്നം ക്ലബ്ബില്‍ വെച്ച് നടത്താനിരുന്ന നായര്‍ സംരക്ഷണ സമിതിയുടെ 'ദേവതാരുവിലെ ഇത്തിള്‍ക്കണ്ണികള്‍' എന്ന പുസ്തക പ്രകാശനത്തിലെ വേദിയാണ് മാറ്റിയത്. പരിപാടി സംഘടിപ്പിച്ചാല്‍ തടയുമെന്ന് എന്‍എസ്എസ് നേതാക്കള്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് പ്രസ് ക്ലബ്ബില്‍ പരിപാടി നടത്തുകയായിരുന്നു. ഈ പരിപാടിയിലായിരുന്നു ഗണേഷ് കുമാറിന്റെ വിമര്‍ശനം.
'ദേവദാരുവിലെ ഇത്തിള്‍കണ്ണികളെ സമൂഹം വെട്ടി ദൂരെ എറിയണം. ആജ്ഞാനവൃത്തിയും അവരുടെ ഇത്തിള്‍ക്കണ്ണികളുമാണ് ഇന്ന് ദേവദാരുവില്‍. മന്നത്ത് ആചാര്യന്റെ മരണാനന്തര ചടങ്ങുകളില്‍ മകനെപ്പോലെ ചടങ്ങ് നടത്താന്‍ ഭാഗ്യം ലഭിച്ചയാളാണ് എന്റെ പിതാവ്. ഇത്തിള്‍കണ്ണികള്‍ക്ക് വേണ്ടി നായര്‍ സമുദായ അംഗങ്ങള്‍ തെരുവില്‍ ഇറങ്ങരുത്. മന്നത്ത് ആചാര്യന്റെ ആത്മാവിന് ക്ഷമിക്കാനാകില്ല', കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു.
ഒരു കുടുംബത്തില്‍ നിന്ന് 43 പേരെ നായര്‍ സര്‍വീസ് സൊസൈറ്റിയില്‍ ജോലിക്ക് വച്ചെന്നും ആര്‍ക്കും ഇരിക്കാനാവുന്ന കസേരയല്ല എന്‍എസ്എസെന്നും അദ്ദേഹം വിമര്‍ശിച്ചു. കനക സിംഹാസനത്തില്‍ ഏത് ശുനകനുമിരിക്കാം എന്ന് തോന്നിപ്പിക്കരുതെന്നും അദ്ദേഹം അധിക്ഷേപിച്ചു. താന്‍ എന്‍എസ്എസ്സിന്റെ തെരഞ്ഞെടുത്ത അംഗമാണെന്നും ഓട് ഇളക്കി വന്നതല്ലെന്നും അദ്ദേഹം പറഞ്ഞു. പത്തനാപുരം യൂണിയന് അധ്യക്ഷനായുള്ള തെരഞ്ഞെടുപ്പിലൂടെ തനിക്കെതിരെ മത്സരിച്ച സ്ഥാനാര്‍ഥി വോട്ട് ചെയ്തില്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
'ഡയറക്ടര്‍ ബോര്‍ഡില്‍ ഇരിക്കെ ഞാന്‍ ഒരു ചോദ്യം ചോദിച്ചു. ഞാന്‍ സുകുമാരന്‍ നായരെ ചോദ്യം ചെയ്തു. അതാണ് എന്നെ പുറത്താക്കാന്‍ കാരണം. സമദൂര സിദ്ധാന്തത്തെയാണ് ഞാന്‍ ചോദ്യം ചെയ്തത്. ഇന്നത്തെ പരിപാടിയില്‍ വന്നാല്‍ തടയുമെന്ന് പറഞ്ഞു. ഇത്തിള്കണ്ണികളേ പറിച്ചു കളയാനാകും. ധനലക്ഷ്മി ബാങ്കില്‍ നിന്ന് എന്തിന് കോടികള്‍ പിന്‍വലിച്ചു? ഒറ്റ രാത്രികൊണ്ട് കോടികള്‍ മറ്റു ബാങ്കുകളിലേക്ക് എത്തി. സ്വജനപക്ഷപാതമാണ് ഏറ്റവും വലിയ അഴിമതി. മന്നം സമാധിയില്‍ കയറാന്‍ അദ്ദേഹത്തിന്റെ ചെറുമക്കള്‍ക്ക് കഴിയുന്നില്ല. നായര്‍ സമുദായത്തെ ബന്ധനത്തില്‍ നിന്ന് മോചിപ്പിക്കണം', ഗണേഷ് കുമാര്‍ പറഞ്ഞു.
താന്‍ നടന്ന് വരുമ്പോള്‍ സുകുമാരന്‍ നായരുടെ ശിങ്കിടി വരുന്നു എന്ന് പറയില്ല. തലക്ക് ബോധമുള്ള ഒരാള്‍ പോലും അങ്ങനെ പറയില്ല. മന്നത് ആചാര്യന്റെ സ്മൃതി മണ്ഡപത്തില്‍ ലോക നേതാക്കളെ എത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ടോ? എന്തുകൊണ്ട് അതിനു കഴിഞ്ഞില്ല? ശിവഗിരിയിലും ശബരിമലയിലും വരെ രാഷ്ട്രപതിയെത്തി. മന്നത് ആചാര്യന്റെ സ്മൃതി മണ്ഡപം വിശ്വാസികള്‍ക്ക് തുറന്ന് നല്‍കണം. ഇല്ലെങ്കില്‍ അതുവഴി പോകുന്നവര്‍ പൂ വാങ്ങി പുറത്തുനിന്ന് അകത്തേക്കെറിയണം. മഹാത്മാഗാന്ധിയുടേത് പോലെ ഒരു സഹനസമരം ആണതെന്നും കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു.
എന്‍എസ്എസിനെതിരെ ആദ്യം കോടതിയില്‍ പരാതി കൊടുത്തത് എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയുടെ മകളാണെന്നും അദ്ദേഹം ആരോപിച്ചു. ചട്ടമ്പിസ്വാമിയെ അവഗണിക്കുന്ന ആളാണ് എന്‍എസ്എസ് തലപ്പത്തുള്ളത്. ചട്ടമ്പി സ്വാമി തിരുവനന്തപുരത്തെ ഏതോ ചട്ടമ്പി ആണെന്നാണ് അദ്ദേഹത്തിന്റെ വിചാരം. ചട്ടമ്പിസ്വാമിയെ അവഗണിക്കുന്ന ആളാണ് എന്‍എസ്എസ് തലപ്പത്തുള്ളത്. താന്‍ എന്‍എസ്എസിനെതിരെ നില്‍ക്കില്ല കൂടെ നില്ക്കുന്നു. തെറ്റുകള്‍ ചൂണ്ടിക്കാണിച്ച് തിരുത്തിപ്പിക്കും. തന്റെ അച്ഛന് ആര്‍ക്കും എന്‍എസ്എസില്‍ ജോലി വാങ്ങി കൊടുത്തിട്ടില്ലെന്നും കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു.
മന്നത്ത് ആചാര്യന്റെ സ്മൃതിമണ്ഡപം തുറന്നു നല്കാന് വേണ്ടി വൈക്കത്ത് നിന്ന് ചങ്ങനാശ്ശേരിയിലേക്ക് ഒരു ജാഥ നടത്തണം. മക്കള്‍ക്ക് ഉപകാരം ചെയ്യുന്നവരല്ല അവിടെ എത്തേണ്ടത്. പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ അവിടെ എത്തണം. തലയില്‍ 'ചീപ്' ഇരിക്കുന്നത് ഇടയ്ക്ക് ഓര്‍മിപ്പിക്കുന്നത് നല്ലതാണ്. മന്നത്ത് ആചാര്യനെ ചരിത്രത്തില്‍ നിന്നും മായ്ക്കാന്‍ എന്‍എസ്എസ് ശ്രമിക്കുകയാണ്. ഇങ്ങനെയൊരു തരംതാഴ്ന്ന നേതൃത്വം തലപ്പത്ത് വേണമോ എന്ന് ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
'ഡല്‍ഹിയിലെ പാറ്റ സമരം പോലെ നായര്‍മാരുടെ സമരം ഉയരണം. ഇങ്ങനെയൊരു തരംതാഴ്ന്ന നേതൃത്വം തലപ്പത്ത് വേണമോ എന്ന് ചിന്തിക്കണം. മന്നത്ത് ആചാര്യന്റെ പാരമ്പര്യമുള്ള എല്ലാ നായന്മാരും മരിച്ചിട്ടില്ല. മുഖ്യമന്ത്രി വി ഡി സതീശനെ കുറിച്ച് പറഞ്ഞത് നിങ്ങള്‍ക്ക് അറിയില്ല. അവന് നമ്മുടെ കാല് പിടിക്കും എന്നാണ് പറഞ്ഞത്. ചങ്ങനാശേരിയില്‍ ഇരിക്കുന്ന കാല് പിടിച്ചാല്‍ നമ്മുടെ കാലാകുമോ'യെന്നും കെ ബി ഗണേഷ് കുമാര്‍ ചോദിച്ചു.
Content Highlights: Former minister K B Ganesh Kumar has strongly criticised NSS general secretary G Sukumaran Nair, intensifying the political debate over his recent remarks and positions