കൊച്ചി: മെസിയുമായി ബന്ധപ്പെട്ട വ്യാജ വാര്‍ത്തകള്‍ക്കും ആരോപണങ്ങള്‍ക്കും മറുപടിയുമായി റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനി എംഡി ആന്റോ അഗസ്റ്റിന്. പുറത്ത് വരുന്ന വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണെന്ന് ആന്റോ അഗസ്റ്റിന് മറുപടി നല്കി.
126 കോടി നഷ്ടപ്പെട്ടത് റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനിക്കാണെന്ന് ആന്റോ അഗസ്റ്റിന് മറുപടി നല്കി. റിപ്പോര്‍ട്ടറിന് മാത്രമാണ് പണം നഷ്ടമായത്. സര്‍ക്കാരിനോ ജനങ്ങള്‍ക്കോ ഒരു രൂപ പോലും നഷ്ടമായില്ല. യാതൊരു തട്ടിപ്പും നടന്നിട്ടില്ല. എന്ത് തട്ടിപ്പാണ് നടന്നതെന്ന് വ്യക്തമാക്കണം. പണം സര്‍ക്കാരിന്റെയോ മനോരമയുടെയോ ജനങ്ങളുടെയോ അല്ല. സര്‍ക്കാരിന്റെയോ ഏതെങ്കിലും വ്യക്തികളുടെയോ പണം നഷ്ടപ്പെട്ടെന്ന് പരാതിയുണ്ടോ എന്ന് ചോദിച്ച അദ്ദേഹം പണം നഷ്ടമായത് റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിക്ക് മാത്രമാണെന്നും വ്യക്തമാക്കി. പണം നഷ്ടമായതില്‍ കേസ് നടന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.
പണം നല്‍കിയതിനും ഇതിനായി നടന്ന എല്ലാ നടപടിക്രമങ്ങള്‍ക്കും രേഖകളും തെളിവുകളുമുണ്ടെന്ന് ആന്റോ ജോസഫ് വ്യക്തമാക്കി. ആര്‍ബിഐയുടെ അനുമതിയോടെയാണ് പണം അയച്ചത്. പണം നല്‍കിയതിന് തെളിവുണ്ട്. എസ്ബിഐ വഴിയാണ് പണമിടപാട് നടത്തിയത്. പണം ലഭിച്ചെന്ന് കാട്ടി എഎഫ്എ പ്രസിഡന്റ് മുഖ്യമന്ത്രിക്ക് കത്ത് അയച്ചതിന്റെ രേഖകളുണ്ട്. കേന്ദ്ര കായിക മന്ത്രാലയവും ധനമന്ത്രാലയവും അനുമതി നല്കി. നിയമപ്രകാരമാണ് എല്ലാം ചെയ്തത്. മേല്‍നോട്ടത്തിന് മോണിറ്ററിങ് കമ്മിറ്റി ഉണ്ടായിരുന്നു. എല്ലാം സര്‍ക്കാര്‍ അനുമതിയോടെയാണ് ചെയ്തത്. എഎഫ്എയുമായി കരാര്‍ ഒപ്പിടാന്‍ അനുമതി നല്‍കിയത് സര്‍ക്കാരാണ്. മത്സരം നടത്താനും സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്കി. കേന്ദ്രത്തിന് കത്തയച്ചത് സംസ്ഥാന സര്‍ക്കാരാണ്. എല്ലാ രേഖകളും സര്‍ക്കാരിന്റെ പക്കലുണ്ടെന്നും ആന്റോ അഗസ്റ്റിന് പറഞ്ഞു.
കേരളത്തിലെത്താമെന്ന് എഎഫ്എ മുഖ്യമന്ത്രിക്ക് കത്തയച്ചതിന് തെളിവുണ്ട്. 2025 നവംബര്‍ 17ന് എഎഫ്എ മുഖ്യമന്ത്രിക്ക് കത്തയച്ചു. അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷനാണ് പ്രഖ്യാപനം നടത്തിയത്. എഎഫ്എയാണ് സമൂഹമാധ്യമത്തില്‍ കേരളത്തിലെത്തുമെന്ന വിവരം പങ്കുവച്ചത്. എഎഫ്എയുമായി കരാര്‍ ഉണ്ട്. എഎഫ്എയും റിപ്പോര്‍ട്ടറും തമ്മില്‍ കരാര്‍ ഉണ്ട്. സര്‍ക്കാരുമായല്ല കരാര്‍ ഉണ്ടാക്കേണ്ടത്. 2024 ഡിസംബറിലാണ് എഎഫ്എയുമായി കരാര്‍ ഉണ്ടാക്കിയത്. അര്‍ജന്റീന ടീമിനെ കൊണ്ടുവരുന്നത് സര്‍ക്കാരിന്റെ പ്രോജക്ടായിരുന്നു. സര്‍ക്കാരാണ് റിപ്പോര്‍ട്ടര്‍ ബ്രോട്കാസ്റ്റ് കമ്പനിയെ ഇങ്ങോട്ട് സമീപിച്ചത്. എന്നാല്‍ ടീം വന്നില്ല, കളി നടന്നിട്ടില്ല. സര്‍വീസ് നടന്നില്ല. നിലവില്‍ അര്‍ജന്റീനയുടെ വരവില്‍ നിയമ നടപടി തുടരുകയാണ്. അന്താരാഷ്ട്ര കായിക ട്രിബ്യൂണലിന്റെ പരിഗണനയിലാണ് വിഷയമെന്നും ആന്റോ അഗസ്റ്റിന് പറഞ്ഞു.
ഗോട്ട് ആന്‍ഡ് ഗ്ലോബലുമായി യാതൊരു ബന്ധവുമില്ല. റിപ്പോര്‍ട്ടറിന്റെ മേല്‍വിലാസത്തില്‍ അങ്ങനെ ഒരു കമ്പനിയില്ല. ഇങ്ങനൊരു കമ്പനിയുണ്ടെന്ന് തെളിയിക്കാന്‍ വെല്ലുവിളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: Reporter Broadcasting Company MD Anto Augustine has responded to fake news and allegations related to Lionel Messi, clarifying the facts and addressing the claims