തിരുവനന്തപുരം: ചട്ടം ലംഘിച്ച് ഔദ്യോഗിക യാത്രാ വിവരങ്ങള്‍ മറച്ച് വെച്ച് പിഎസ്സി ചെയര്മാന് എം ആര് ബൈജു. ഔദ്യോഗിക വാഹനത്തിന് ലോഗ് ബുക്ക് സൂക്ഷിച്ചിട്ടില്ലെന്നാണ് വിവരം. സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് ലോഗ്ബുക്ക് സൂക്ഷിക്കണമെന്നാണ് ചട്ടം. എന്തുകൊണ്ടാണ് ലോഗ്ബുക്ക് സൂക്ഷിക്കാത്തത് എന്നതിന്റെ കാരണം ചെയര്മാന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. മുന്‍ ചെയര്മാന് എം കെ സക്കീറും യാത്രാ വിവരങ്ങള്‍ മറച്ചു വെച്ചെന്നാണ് വിവരം.
കഴിഞ്ഞ ഒന്‍പത് വര്‍ഷമായി പിഎസ്സി ചെയര്മാന് ഉപയോഗിക്കുന്ന ഔദ്യോഗിക വാഹനത്തിന് ലോഗ് ബുക്ക് ഇല്ലെന്നാണ് വിവരം. വാഹനം എവിടെയൊക്കെ യാത്ര ചെയ്തു, എത്ര ദൂരം യാത്ര നടത്തി തുടങ്ങിയ എല്ലാ വിവരങ്ങളും ലോഗ് ബുക്കില്‍ സൂക്ഷിക്കണമെന്നാണ് ചട്ടം. ഏത് സമയവും ധനകാര്യ വകുപ്പിന് അത് പരിശോധിക്കാനുള്ള അധികാരവുമുണ്ട്. എന്നാല്‍ ഒന്‍പത് വര്‍ഷമായി നടക്കുന്ന ചട്ടലംഘനത്തില്‍ ധനകാര്യ വകുപ്പിന്റെ പരിശോധന ഉണ്ടായിട്ടുണ്ടോ എന്ന ചോദ്യവും പ്രധാനമാണ്. ഇപ്പോള്‍ ഉപയോഗിക്കുന്ന ഇന്നോവ ക്രിസ്റ്റ വാഹനത്തില്‍ പിഎസ്സി ചെയര്മാന് എവിടെയൊക്കെ യാത്ര ചെയ്തിട്ടുണ്ട് എന്നത് അവ്യക്തമാണ്.
പിഎസ്സി പരീക്ഷാ ക്രമക്കേട് അന്വേഷണം നടക്കുകയും, ചെയര്മാന് അടക്കം സംശയമുനയില്‍ നില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് മറ്റൊരു ഗുരുതര ചട്ടലംഘനം കൂടി പുറത്ത് വരുന്നത്. നൂറിലേറെ പരാതികളാണ് പിഎസ്സിയുമായി ബന്ധപ്പെട്ട് എസ്ഐടി സംഘം അന്വേഷിക്കുന്നത്. എന്തുകൊണ്ടാണ് ഔദ്യഗിക വാഹനത്തിന്റെ യാത്രാ വിവരം പിഎസ്സി ചെയര്മാന് മറച്ചുവെക്കുന്നത് എന്നത് ഈ പശ്ചാത്തലത്തില്‍ ദുരൂഹമാണെന്നാണ് ഉയരുന്ന വിമര്‍ശനം. മുന്‍ ചെയര്‍മാനും ലോഗ് ബുക്ക് സൂക്ഷിച്ചിട്ടില്ല എന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ കൃത്യമായി പരിശോധന നടത്താത്ത ധനകാര്യ വകുപ്പിനെതിരെയും വിമര്‍ശനം ഉയരുകയാണ്. വിഷയത്തില്‍ നടപടി സ്വീകരിക്കേണ്ടത് ഗവര്‍ണര്‍ ആണെങ്കിലും ധനകാര്യ മന്ത്രി കൂടിയായ മുഖ്യമന്ത്രി ഇതില്‍ എന്ത് നിലപാട് സ്വീകരിക്കും എന്നത് നിര്‍ണായകമാണ്.
Content Highlights: Questions have emerged over Kerala PSC Chairman M R Baiju’s official travel records amid reports that the log book for his official vehicle was not maintained. Government rules require log books to be kept for official vehicles, while the reason for the alleged omission has not yet been clarified. Reports also suggest that former chairman M K Sakeer had similarly not disclosed travel details.