‘അമ്മ, ഐ ആം സോറി’; ഐജയുടെ സഹോദരന്റെ കുറിപ്പ് കണ്ടെത്തി

ഇന്നലെയാണ് ഷാര്‍ജയില്‍ നിന്ന് അര്‍ജുന്‍ മംഗലാപുരത്ത് വിമാനമിറങ്ങിയത്

കാസര്‍കോട്: നീറ്റ് പരീക്ഷ റദ്ദാക്കിയതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത ഐജ ആര്‍ മഹേഷിന്റെ സഹോദരന്‍ മരിച്ച നിലയില്‍. കാസര്‍കോട് പൂച്ചക്കാട് സ്വദേശി അര്‍ജുന്‍ മഹേഷ് (24) ആണ് മരിച്ചത്. മംഗലാപുരത്തെ ലോഡ്ജ് മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇന്നലെയാണ് ഷാര്‍ജയില്‍ നിന്ന് അര്‍ജുന്‍ മംഗലാപുരത്ത് വിമാനമിറങ്ങിയത്.

മുറിയിൽ നിന്ന് ‘അമ്മ, ഐ ആം സോറി’ എന്ന് എഴുതിയ കുറിപ്പ് കണ്ടെത്തി. ചില സുഹൃത്തുക്കളെ അറിയിക്കണമെന്നും കുറിപ്പിൽ എഴുതിയിട്ടുണ്ടെന്ന് മംഗളൂരു സിറ്റി പൊലീസ് കമ്മീഷണർ സുധീർ കുമാർ റെഡ്ഡി പറഞ്ഞു. മംഗളൂരു വെൻലോക് ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം വൈകിട്ട് ബന്ധുക്കൾക്ക് വിട്ടു നൽകി. ദുബായിൽ ഓട്ടോ മൊബൈൽ എഞ്ചിനീയറായി ജോലി ചെയ്യുകയായിരുന്നു അർജുൻ.

നീറ്റ് പരീക്ഷ റദ്ദാക്കിയതില്‍ മനംനൊന്ത് ജീവനൊടുക്കിയ ഏക മലയാളി വിദ്യാര്‍ത്ഥിയാണ് കാസര്‍കോട് പൂച്ചക്കാട് സ്വദേശിയായ ഐജ ആര്‍ മഹേഷ്. ജൂണ്‍ രണ്ടിനാണ് ഐജയെ പാലാ ബ്രില്യന്‍സ് കോച്ചിംഗ് സെന്ററിലെ ഹോസ്റ്റലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ വര്‍ഷം ജൂണിലായിരുന്നു നീറ്റ് പരീക്ഷാ പരിശീലനത്തിന് ഐജ അഡ്മിഷനെടുത്തത്.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

Content Highlights: NEET Aspirant aija mahesh brother case

To advertise here,contact us