മലപ്പുറം: താനൂര്‍ സ്വദേശി ഇംതിയാസിനെ കാണാതായ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. യുവാവിന്റെ സിസിടിവി ദൃശ്യങ്ങള്‍ റിപ്പോര്‍ട്ടറിന് ലഭിച്ചു. കാണാതായ ഇംതിയാസ് ബാംഗ്ലൂരില്‍ എത്തിയ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് യുവാവിനെ കാണാതായത്.
ഏഴിന് രാവിലെ 8.20ന് ബെംഗളൂരു സാറ്റലൈറ്റ് ബസ് സ്റ്റാന്‍ഡില്‍ ഇംതിയാസ് വന്നിറങ്ങുന്നതും ബസ് സ്റ്റാന്‍ഡിനുള്ളിലെ വാഷ്റൂം ഉപയോഗിച്ച ശേഷം പുറത്തെ കസേരയില്‍ ഇരിക്കുന്നതുമാണ് ദൃശ്യങ്ങളില്‍ ഉള്ളത്. ബസ് സ്റ്റാന്‍ഡിന് പുറത്തേക്ക് പോയതിന് ശേഷമുള്ള സിസിടിവി ദൃശ്യങ്ങളോ മറ്റ് വിവരങ്ങളോ ലഭ്യമായിട്ടില്ലെന്ന് കുടുംബം പറഞ്ഞു. അലര്‍ജിയുടെ പ്രശ്നമുള്ളതിനാല്‍ ഇംതിയാസ് മാസ്ക് ഉപയോഗിക്കുന്നുണ്ടെന്നും കുടുംബം വ്യക്തമാക്കി. ബെംഗളൂരു പൊലീസും താനൂര്‍ പൊലീസില്‍ നിന്നുള്ള ഉദ്യോഗസ്ഥനും സുഹൃത്തുക്കളും ചേര്‍ന്നാണ് തിരച്ചില്‍ നടത്തുന്നത്. കാണാതായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്നാണ് കുടുംബം ആരോപിക്കുന്നത്.
നഴ്സിങ് പഠനം പൂര്‍ത്തിയാക്കിയ സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ ബെംഗളൂരുവിലേക്ക് പോയതായിരുന്നു ഇംതിയാസ്. ബെംഗളൂരുവില്‍ എത്തിയ ഉടന്‍ വീട്ടുകാരെ ബന്ധപ്പെട്ടിരുന്നു. സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ ഇംതിയാസ് കോളേജില്‍ എത്തിയിട്ടില്ലെന്നും പിന്നീട് യാതൊരു വിവരവും ലഭിച്ചില്ലെന്നുമാണ് കുടുംബം പറയുന്നത്.
Content Highlights: Missing Imtiaz Reached Bengaluru, CCTV Footage Surfaces