കൊച്ചി: അവധി ദിവസം നോക്കി ടി ജി മോഹന്‍ദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തത് തികച്ചും വിവേചനപരവും അപലപനീയവുമെന്ന വിമര്‍ശനവുമായി ബിജെപി. ബിജെപി കേരളം എന്ന ഔദ്യോഗിക പേജിലാണ് പ്രതികരണം. ഡല്‍ഹിയില്‍ സമരം ചെയ്ത വിദ്യാര്‍ത്ഥികളെ അധിക്ഷേപിച്ച കേസില്‍ ഇന്നലെയാണ് സംഘപരിവാര്‍ സഹയാത്രികന് ടി ജി മോഹന്‍ദാസിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.
പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലെ വീഴ്ചകളില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള നീക്കമാണ് ഇതെന്നാണ് ബിജെപിയുടെ ആരോപണം. തീരദേശ മേഖലകളിലെ ജനങ്ങളുടെ പ്രതിഷേധങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാനാണോ ഈ നാടകം എന്നും വിമര്‍ശനം. ടി ജി മോഹന്‍ദാസ് നടത്തിയ ചില പരാമര്‍ശങ്ങള്‍ സ്വാഗതാര്‍ഹമല്ല. എന്നാല്‍ പ്രധാനമന്ത്രിയെ വധിക്കുമെന്ന് പരസ്യമായി ഭീഷണി മുഴക്കിയവരെ സംരക്ഷിക്കുന്നു എന്നും ബിജെപി ആരോപിക്കുന്നു. ഒരാള്‍ക്ക് ഒരു നിയമം മറ്റൊരാള്‍ക്ക് മറ്റൊരു നിയമം, ഇതാണോ യുഡിഎഫ് സര്‍ക്കാരിന്റെ നീതി എന്നും ചോദ്യം.
തീരദേശ മേഖലകളില്‍ മത്സ്യത്തൊഴിലാളികള്‍ ദുരന്തത്തില്‍പ്പെടുമ്പോള്‍ ആവശ്യമായ ഇടപെടലുകള്‍ നടത്തുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെടുകയാണ്. മുതലപ്പൊഴിയിലും, നീണ്ടകരയിലും മത്സ്യത്തൊഴിലാളികളുടെ ജീവന് നഷ്ടപ്പെടുന്ന സാഹചര്യത്തിലും സര്‍ക്കാര്‍ സംവിധാനങ്ങളുടെ വീഴ്ചകള്‍ക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. മഴക്കെടുതിയിലും, മണ്ണിടിച്ചിലിലും ദുരിതമനുഭവിക്കുന്നവരുടെ വീടുകളിലെത്തി ആശ്വസിപ്പിക്കേണ്ട ജനപ്രതിനിധികള്‍ രാഷ്ട്രീയ വിവേചനത്തിന്റെ പേരില്‍ മാറിനില്‍ക്കുന്ന സാഹചര്യം കേരളത്തിന് അപമാനകരമാണന്നും ബിജെപിയുടെ വിമര്‍ശനം. വന്ദേമാതരം, വി ഡി സവര്‍ക്കര്‍ തുടങ്ങിയ വിഷയങ്ങള്‍ അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിച്ച് സമൂഹത്തില്‍ മതവിഭജനം വളര്‍ത്താനുള്ള ശ്രമമാണ്. ഇതില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണം എന്നും ബിജെപി ആവശ്യപ്പെടുന്നു.
Content Highlights: BJP Kerala has criticised the police custody of T G Mohandas in connection with a case involving alleged remarks against students who protested in Delhi. The party described the action as discriminatory and alleged that it was intended to divert attention from issues including flood relief activities and coastal protests. BJP Kerala also questioned the UDF government’s approach to law and justice.