കൊച്ചി: അഭിമന്യു വധക്കേസില്‍ പ്രതികള്‍ ഇന്നും ഹാജരായില്ല. കോടതിയില്‍ മാധ്യമപ്രവര്‍ത്തകരുള്ളതിനാല്‍ ഹാജരാകാന്‍ ബുദ്ധിമുട്ടുണ്ടെന്ന് കോടതിയെ അറിയിച്ച് പ്രതികൾ. അഭിഭാഷകന് വഴി വിചാരണയില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു. ചോദ്യങ്ങള്‍ക്ക് അഭിഭാഷകര്‍ മറുപടി പറയുമെന്നുമായിരുന്നു പ്രതിഭാഗത്തിൻ്റെ വാദം. എന്നാല്‍ പ്രോസിക്യൂഷനും അഭിമന്യുവിന്റെ കുടുംബവും ഇതിനെ എതിര്‍ത്തു. പ്രതികളുടെ ആവശ്യം നിലനില്‍ക്കുന്നതല്ലെന്ന് പ്രോസിക്യൂഷന് വാദിച്ചു.
വിചാരണ സമയത്ത് എന്ത് ചെയ്യുമെന്നായിരുന്നു പ്രതികളോടുള്ള കോടതിയുടെ മറുചോദ്യം. ഇതിന് ശേഷം പ്രതികള്‍ നേരിട്ട് തന്നെ ഹാജരാകണമെന്നും കോടതി നിർദ്ദേശിച്ചു. അഭിഭാഷകന് വഴി നടപടികളില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്ന പ്രതികളുടെ ആവശ്യം കോടതി തള്ളി. പ്രതികള്‍ വ്യാഴാഴ്ച ഹാജരാകണമെന്നും കോടതി നിര്‍ദ്ദേശിച്ചു. പത്തനംതിട്ടയിലും ഇടുക്കിയിലുമുള്ളവര്ക്ക് ഹാജരാകാന്‍ എന്താണ് തടസമെന്നും കോടതി ചോദിച്ചു.
അടുത്ത തവണ കേസ് പരിഗണിക്കുമ്പോൾ മുഴുവന്‍ പ്രതികളും ഹാജരാകണമെന്ന് ഓഗസ്റ്റ് ആറിന് കേസ് പരിഗണിച്ച വേളയില്‍ കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇന്നും പ്രതികള്‍ ഹാജരാകാതെ വന്നതോടെയാണ് കോടതി നിലപാട് കടുപ്പിച്ചത്. എട്ട് വര്‍ഷത്തിനിടെ പ്രതികള്‍ കോടതിയില്‍ ഹാജരായത് രണ്ട് തവണ മാത്രമാണ്.
2018 ജൂലൈ രണ്ടിനായിരുന്നു മഹാരാജാസ് കോളേജില്‍ വെച്ച് അഭിമന്യു കൊലചെയ്യപ്പെടുന്നത്. ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരാണ് കൊലപാതകത്തിന് പിന്നിലെന്നാണ് എസ്എഫ്ഐ ആരോപിക്കുന്നത്. പിന്നാലെ പല തവണ കേസ് വിവാദത്തിലായിരുന്നു. ഇതിലെ മുഖ്യ പ്രതിയായ സഹലിനെ പിടികൂടാത്തതില്‍ ആദ്യം വലിയ വിവാദമുയര്‍ന്നിരുന്നു. കോടതിയുടെ കസ്റ്റഡിയിലിരിക്കെ സുപ്രധാനമായ 11 രേഖകള്‍ കാണാതായെന്നും വിവരം പുറത്തു വന്നിരുന്നു. എട്ട് വര്‍ഷം കേസിന്റെ വിചാരണ നീണ്ടുപോയതിലടക്കം വലിയ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു.
Content Highlights- The accused of abhimanyu case told the court that the presence of journalists made it difficult for them to appear. The court rejected the concern and directed the accused to appear in person. The matter relates to the ongoing legal proceedings in the case.